സുരേഷ് ഗോപിക്കൊപ്പം പിടി ഉഷയും: ക്രൈസ്തവ പിന്തുണ ലക്ഷ്യമിടുന്ന ആർഎസ്എസ് പദ്ധതിക്ക് ജനകീയ മുഖങ്ങള്‍
കൊല്ലം: 2024 ലോക്സഭാ തിരഞ്ഞെടുപ്പും 2026 ല്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ട് വലിയ പദ്ധതികളാണ് കേരളത്തില്‍ ബി ജെ പിയും ആർ എസ് എസും ആസൂത്രണം ചെയ്യുന്നത്. ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച്, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കുന്നതിന് പ്രത്യേക പരിഗണനയും നേതൃത്വം നല്‍കുന്നു.
ഇതിന്റെ ഭാഗമായാണ് ക്രൈസ്തവ കൂട്ടായ്മയില്‍ ആർ എസ് എസ് പുതിയ സംഘടന രൂപീകരിക്കാന്‍ ഒരുങ്ങുന്നതും. വിവിധ ക്രൈസ്തവ സഭകളിലെ അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി യോജിക്കാവുന്ന വിഷയങ്ങളില്‍ ഒന്നിച്ച് നീങ്ങുകയാണ് ഇതിലുടെ ആർ എസ് എസ് ലക്ഷ്യം വെക്കുന്നത്.

'സേവ് ഔര്‍ നേഷന്‍ ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ സംസ്ഥാന ഘടകം ഈ മാസം 23 ന് നിലവില്‍ വരും. പിന്നീട് ജില്ലാ , താലൂക്ക് ഘടകങ്ങള്‍ പ്രഖ്യാപിക്കും. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ നടനും മുന്‍ രാജ്യസഭ എംപിയുമായ സുരേഷ് ഗോപി, നിലവിലെ രാജ്യസഭ എംപി പിടി ഉഷ, ജസ്റ്റിസ് കെ എബ്രഹാം മാത്യു തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ ആർ എസ് എസ്- ക്രൈസ്തവ കൂട്ടുകെട്ട് അനിവാര്യമാണെന്ന കണക്കുകൂട്ടലിലാണ് പുതിയ കൂട്ടായ്‌മയ്ക്ക് രൂപം നൽകപ്പെട്ടത്. ഡിസംബറിൽ കൂട്ടായ്മയുടെ വിപുലമായ സമ്മേളനം തിരുവനന്തപുരത്തോ സംഘടിപ്പിക്കാൻ തീരുമാനമുണ്ട്. ഈ പരിപാടിയില്‍ പ്രധാനമന്ത്രി ഉള്‍പ്പടേയുള്ള പ്രമുഖ നേതാക്കളും പങ്കെടുത്തേക്കും.

ആർ എസ് എസ് നേതാക്കള്‍ സംഘടനയുടെ തലപ്പത്ത് വരാത്ത രീതിയിലായിരിക്കും പ്രവർത്തനം. സംഘടന നിയോഗിക്കുന്ന പ്രവര്‍ത്തകരും സഭാ വിശ്വാസികളുമായിരിക്കും നേതൃത്വത്തില്‍ വരിക. സംഘടന രൂപീകരണത്തിന്റെ ആദ്യ നീക്കമെന്ന നിലയില്‍ ക്രൈസ്തവ വിശ്വാസികളുമായി പ്രാദേശികമായി ആര്‍ എസ് എസ് ചർച്ച നടത്തികഴിഞ്ഞു.

വര്‍ഷങ്ങളായി കേന്ദ്ര തലത്തില്‍ നടന്നുവരുന്ന ആര്‍ എസ് എസ്.-ക്രൈസ്തവസഭാ സംവാദത്തിന്റെ തുടര്‍ച്ചയായാണ് പുതിയ സംഘടനയുടെ പിറവിയും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ നീക്കം നേരത്തെ പരീക്ഷിച്ച് വിജയിച്ച മാതൃകയും ആർ എസ് സിന് മുന്നിലുണ്ട്. അതേസമയം, സമാനമായ രീതിയില്‍ ബി ജെ പിയും നേരത്തെ തന്നെ ക്രിസ്ത്യന്‍ സഭകളുമായി ചേർന്നുള്ള സംഘടന രൂപീകരിച്ചിരുന്നു.

കത്തോലിക്കാസഭയുടെ നിയന്ത്രണത്തിൽ ബി ജെ പി മുന്നണി ലക്ഷ്യമാക്കി ക്രൈസ്തവ-ന്യൂനപക്ഷ രാഷ്ട്രീയം പറയാൻ പുതിയ സംഘടനയ്ക്ക് കഴിഞ്ഞ മാസം മുതലാണ് തുടക്കം കുറിച്ചിരിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ സഭകളെ മുഴുവന്‍ ഒരുകുടക്കീഴില്‍ കൊണ്ടുവരികയെന്ന ഉദ്ദേശത്തോടെ രൂപീകരിച്ച സംഘടനയ്ക്ക് ഭാരതീയ ക്രൈസ്തവ സംഗമം (ബിസിഎസ്) എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

സംഘടനയിലൂടെ ക്രിസ്ത്യന്‍ വോട്ടുകള്‍ പതിയെ എന്‍ ഡി എ മുന്നണിയിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് ബി ജെ പിയും കണക്ക് കൂട്ടുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായിരുന്ന ജോർജ് ജെ മാത്യുവാണ് സംഘടനയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. അദ്ദേഹമാണ് ചെയർമാന്‍. ജോർജ് മാത്യൂവിന് പുറമെ യു ഡി എഫ് ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂർ സംഘടനയുടെ മുന്‍ നിരയിലുണ്ട്. ബി ജെ പി നേതാവ് വി വി അഗസ്റ്റിൻ ജനറൽ സെക്രട്ടറിയുമായ സംഘടനയുടെ വൈസ് ചെയർമാൻമാനാണ് ജോണി നെല്ലൂർ. പി.എം. മാത്യു, സ്റ്റീഫൻ മാത്യു എന്നിവരാണ് മറ്റ് ഭാരവാഹികള്‍.












Click it and Unblock the Notifications