'സിപിഐ നേതാക്കൾ കാട്ടുകള്ളൻമാർ, 25 ലക്ഷം രൂപയ്ക്ക് ലീഗിന് സീറ്റ് വിറ്റു'; ഗുരുതര ആരോപണവുമായി അൻവർ
മലപ്പുറം: സിപിഐക്കെതിരെ സീറ്റ് കച്ചവടം നടത്തിയെന്ന ഗുരുതര ആരോപണവുമായി നിലമ്പൂർ എംഎൽഎ പിവി അൻവർ. ഏറനാട് സീറ്റ് 25 ലക്ഷത്തിന് വിറ്റ പാർട്ടിയാണ് സിപിഐ എന്നായിരുന്നു അൻവറിന്റെ ആരോപണം. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് എതിരെയും കടുത്ത വിമർശനമാണ് അൻവർ ഉന്നയിച്ചത്. ഇടതുപക്ഷത്തെ പരാജയപ്പെടുത്താനായി പണം വാങ്ങിയവരാണ് സിപിഐ എന്ന് അൻവർ ആരോപിച്ചു.
രണ്ട് തവണ സിപിഐ സീറ്റ് കച്ചവടം നടത്തിയെന്നാണ് ആരോപണം. വെളിയം ഭാർഗവൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്താണ് സംഭവമെന്ന് അൻവർ മാധ്യമങ്ങളോട് സംസാരിക്കവേ പറയുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി അൻവറിനെതിരെ നടത്തിയ ആരോപണങ്ങൾക്ക് മറുപടി നൽകാനാണ് ഇന്ന് അദ്ദേഹം പ്രത്യേക പത്രസമ്മേളനം വിളിച്ചു ചേർത്തത്. അതിലാണ് അൻവർ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയത്.

2011 നിയമസഭാ തിരഞ്ഞെടുപ്പിലാണ് സീറ്റ് കച്ചവടം നടന്നത്. 25 ലക്ഷം രൂപയ്ക്കാണ് ഏറനാട് സീറ്റ് സിപിഐ മുസ്ലിം ലീഗിന് വിറ്റത്. മണ്ഡലത്തിൽ താൻ സ്ഥാനാർത്ഥിയാവുമെന്ന് ഉറപ്പായപ്പോൾ അവസാന നിമിഷം സിപിഐ കാലുവാരിയെന്നും താൻ ജയിക്കാതിരിക്കാനാണ് വോട്ട് കച്ചവടം നടത്തിയതെന്നും അൻവർ ആരോപിക്കുന്നു.
സീറ്റ് ധാരണയ്ക്കായി ലീഗ് നേതാവ് യൂനുസ് കുഞ്ഞ് സമീപിച്ചത് വെളിയം ഭാർഗവനെയാണ്. നേരത്തെയും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അൻവർ ചൂണ്ടിക്കാട്ടി. സിപിഐ പണം കൈപ്പറ്റിയതിന്റെ തെളിവുകൾ ഉൾപ്പെടെ തന്റെ കൈവശം ഉണ്ടെന്നാണ് അൻവർ പറഞ്ഞത്. സിപിഐ നേതാക്കൾ കാട്ടുകള്ളൻമാരാണെന്നും തുറന്ന സംവാദത്തിന് ക്ഷണിക്കുന്നുവെന്നും അൻവർ അറിയിച്ചു.
വയനാട്ടിൽ ആനി രാജ സ്ഥാനാർത്ഥിയായി നിന്നപ്പോൾ അവിടെ വലിയ തോതിൽ പണം പിരിച്ചുവെന്നും അൻവർ ആരോപിക്കുന്നുണ്ട്. എന്നാൽ ആദ്യഘട്ടത്തിൽ ഈ പണം പ്രചരണത്തിന് ഉപയോഗിക്കാൻ സമ്മതിച്ചില്ല. സുനീർ, കെ രാജൻ എന്നീ നേതാക്കളാണ് പണം പിരിച്ചതെന്ന് പറഞ്ഞ അൻവർ ക്വാറി ഉടമകൾ, വ്യവസായികൾ എന്നിവരിൽ നിന്ന് അവർ പണം കൈപ്പറ്റിയിട്ടുണ്ടെന്നും ആരോപിച്ചു.
നിലവിലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെ അൻവർ പരിഹസിക്കുകയും ചെയ്‌തു. പിണറായി വിജയനും ബിനോയ് വിശ്വവും ഒരുപോലെ ആണെന്നായിരുന്നു അൻവർ പറഞ്ഞത്. പിണറായിയുടെ അനിയനാണ് ബിനോയ് വിശ്വം. ഒരച്ഛന്റെയും അമ്മയുടെയും മക്കളാണ് ഇരുവരും. പുറത്ത് കാണുന്ന മാന്യതയൊന്നും സിപിഐ നേതാക്കളുടെ പെരുമാറ്റത്തിൽ ഇല്ലെന്നും അൻവർ ആഞ്ഞടിച്ചു.
അതേസമയം, നേരത്തെ സിപിഎമ്മിനേയും മുഖ്യമന്ത്രിയെയും അൻവർ കടന്നാക്രമിച്ചപ്പോൾ മൗനമായി കേട്ടുനിന്ന സിപിഐക്കുള്ള തിരിച്ചടിയാണ് പിവി അൻവറിന്റെ പുതിയ ആരോപണം. തൃശൂർ പൂരം വിഷയത്തിലും എഡിജിപി എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിലും അൻവറിനെ പിന്തുണച്ച സിപിഐക്ക് ഓർക്കാപ്പുറത്ത് കിട്ടിയ അടിയായി നിലമ്പൂർ എംഎൽഎയുടെ പുതിയ നീക്കം.












Click it and Unblock the Notifications