Get Updates
Get notified of breaking news, exclusive insights, and must-see stories!

'അങ്ങയോട് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു'; പിണറായിക്കെതിരായ വിവാദ പരാമർശത്തിൽ പിവി അൻവർ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് എതിരായ വിവാദ പരാമർശത്തിൽ ക്ഷമാപണം നടത്തി നിലമ്പൂർ എംഎൽഎ പിവി അൻവർ. നിയമസഭാ മന്ദിരത്തിന് മുന്നിൽ നടത്തിയ പത്രസമ്മേളത്തിനിടെ നടത്തിയ അധിക്ഷേപപരമായ പരാമർശങ്ങളിലാണ് അൻവർ മാപ്പ് പറഞ്ഞത്. ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അൻവറിന്റെ ക്ഷമ പറച്ചിൽ. വാക്കുകൾ അങ്ങനെ ആയിപ്പോയതിൽ ഖേദിക്കുന്നു എന്നാണ് അൻവർ പറയുന്നത്.

മുഖ്യമന്ത്രീ, അങ്ങയോട് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു എന്നായിരുന്നു അൻവർ പങ്കുവച്ച വീഡിയോയുടെ ക്യാപ്‌ഷനിൽ പറയുന്നത്. 'പ്രിയമുള്ളവരേ..ഏകദേശം രണ്ട് മണിക്കൂറുകൾക്ക് മുൻപ് നിയമസഭാ മന്ദിരത്തിന് മുന്നിൽ ഞാൻ നടത്തിയ പത്രസമ്മേളനത്തിൽ എനിക്ക് വലിയൊരു നാക്ക് പിഴ സംഭവിച്ചിട്ടുണ്ട്. ഞാൻ സമ്മേളനത്തിൽ പങ്കെടുക്കാനായി തിരിച്ചെത്തിയപ്പോൾ എന്റെ ഓഫീസാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്' അൻവർ പറയുന്നു.

anvarcpmpinarayivijayan

'ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ കുറിച്ച്, മുഖ്യമന്ത്രിയോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനായാലും ഞാൻ മറുപടി പറയും എന്നൊരു പ്രസ്‌താവന എന്റെ വായിൽ നിന്ന് വീണുപോയിട്ടുണ്ട്. ഒരിക്കലും ഞാൻ ആ രീതിയിൽ അപ്പന്റെ അപ്പൻ എന്ന അർത്ഥത്തിൽ അല്ല ഉദ്ദേശിച്ചത്.' അൻവർ തന്റെ വീഡിയോയിലൂടെ പറഞ്ഞു.

'എന്നെ കള്ളനാക്കി കൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവന, അത് മുഖ്യമന്ത്രിയുടെ മേലെയുള്ള എത്ര വലിയവർ ആണെങ്കിൽ പോലും ഞാനതിൽ പ്രതികരിക്കും, മറുപടി പറയും എന്ന അർത്ഥത്തിലാണ് സത്യത്തിൽ ഞാനത് പറഞ്ഞത്. വാക്കുകൾ അങ്ങനെ ആയിപ്പോയതിൽ അങ്ങേയറ്റത്തെ ഖേദമുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും കുടുംബത്തോടും ആ വിഷയത്തിൽ ഞാൻ ആത്മാർഥമായി മാപ്പ് പറയുകയാണ്' അൻവർ പറയുന്നു.

അതേസമയം, സിപിഎം പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് പുറത്താവുകയും മുഖ്യമന്ത്രിയുമായി നിരന്തരം ഏറ്റുമുട്ടുകയും ചെയ്‌ത ശേഷം ഇന്ന് ആദ്യമായി പിവി അൻവർ നിയമസഭയിൽ എത്തിയിരുന്നു. പ്രതിപക്ഷ എംഎൽഎമാരിൽ നിന്ന് മാറി നാലാം നിരയിലാണ് അൻവറിന്റെ ഇരിപ്പിടം ക്രമീകരിച്ചത്. ലീഗ് എംഎൽഎമാർ ഹസ്‌തദാനം നടത്തി അൻവറിനെ സ്വീകരിച്ചു എന്നതും ശ്രദ്ധേയമാണ്.

ഡിഎംകെ ഷാൾ അണിഞ്ഞ് കൈയിൽ ചുവന്ന തോർത്തും പിടിച്ചുകൊണ്ടാണ് അൻവർ നിയമസഭയിലേക്ക് എത്തിയത്. തൊഴിലാളി സമൂഹത്തിന്റെ പ്രതീകമായാണ് ചുവന്ന തോർത്ത് കൈയിൽ കരുതിയതെന്ന് അൻവർ പറയുകയുണ്ടായി. നേരത്തെ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഇടയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന അൻവറിന്റെ ആവശ്യം സ്‌പീക്കർ അംഗീകരിച്ചിരുന്നു.

നിലവിൽ സിപിഎമ്മുമായും മുഖ്യമന്ത്രിയുമായും അകൽച്ചയിൽ തന്നെ ആണെങ്കിലും അൻവറിന്റെ ക്ഷമാപണം അണികളെ കൈയിലെടുക്കാനുള്ള തന്ത്രമായാണ് വിലയിരുത്തൽ. നേരത്തെയും പാർട്ടി നേതൃത്വത്തെ നിശിതമായി വിമർശിക്കുമ്പോഴും പ്രവർത്തകരെ മറുകൈ കൊണ്ട് തലോടിക്കൊണ്ടാണ് അൻവർ പ്രതികരണങ്ങൾ നടത്തിയത്.

സിപിഎമ്മിലെ തന്നെ പ്രാദേശിക പ്രശ്‌നങ്ങൾ ഏറ്റെടുത്ത് കൊണ്ട് അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കുക എന്നതാവും ഇനി അൻവറിന്റെ ലക്ഷ്യമെന്ന് കരുതുന്നു. അതിന് മുന്നോടിയായാണ് സമൂഹ കൂട്ടായ്‌മ ഉൾപ്പെടെ അദ്ദേഹം രൂപീകരിച്ചത്. കൂടുതൽ പ്രഖ്യാപനങ്ങൾ അൻവറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമോ എന്നാണ് ഇടത് കേന്ദ്രങ്ങളും ഉറ്റുനോക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+