ബേപ്പൂരിൽ തുനിഞ്ഞിറങ്ങാൻ പിവി അൻവർ; റിയാസിനെ ഇടംകാലിട്ട് വീഴ്ത്തുമോ? മണ്ഡലത്തിൽ സജീവമാവുന്നു
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമാണ് പിവി അൻവർ എന്ന കാര്യം നേരത്തെ വ്യക്തമായതാണ്. എന്നാൽ അവിടെയായിരിക്കും അദ്ദേഹം മത്സരിക്കുക എന്ന ചോദ്യം അടുത്തകാലത്തായി സജീവമായി ഉയരുന്ന ഒന്നാണ്. നിലമ്പൂരിൽ രണ്ട് വട്ടം എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട പിവി അൻവറിന് അന്ന് എൽഡിഎഫിന്റെ പിന്തുണയാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് സാഹചര്യം അപ്പാടെ മാറി.
അൻവർ മുന്നണി വിടുകയും യുഡിഎഫിലേക്ക് ചേക്കേറുകയും ചെയ്‌തു. നിരന്തരം പോരടിച്ചിരുന്ന യുഡിഎഫിലേക്ക് തന്നെ എത്തിയപ്പോൾ അൻവർ തിരഞ്ഞെടുപ്പിൽ മത്സരത്തിന് ഒരുങ്ങുകയാണ്. യുഡിഎഫ് ഇക്കുറി അൻവറിന് സീറ്റ് നൽകുമെന്ന് ഉറപ്പായി കഴിഞ്ഞു. അത് പക്ഷേ ഏത് മണ്ഡലം ആണെന്ന് പലർക്കും ഉണ്ടായിരുന്ന സംശയം ഇപ്പോൾ ഏറെക്കുറെ മാറി കഴിഞ്ഞിരുന്നു. അൻവർ ഇത്തവണ നിലമ്പൂരിൽ മത്സരിക്കില്ലെന്നാണ് വിവരം.

പകരം കോഴിക്കോട്ടേക്കാണ് പിവി അൻവർ വരുന്നത്. കോഴിക്കോട് ജില്ലയിൽ പിവി അൻവർ മത്സരിക്കുക ബേപ്പൂർ മണ്ഡലത്തിൽ ആയിരിക്കും. അതായത് ഇടത് മുന്നണിയുടെ ഏറ്റവും പ്രധാന നേതാവായ, നിലവിലെ മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസിന് എതിരായിട്ടായിരിക്കും പിവി അൻവർ മത്സരിക്കുക എന്നാണ് വിവരം. അങ്ങനെയെങ്കിൽ ബേപ്പൂർ മണ്ഡലത്തിൽ തീപാറുന്ന പോരാട്ടം തന്നെയായിരിക്കും തിരഞ്ഞെടുപ്പിൽ നടക്കുക.
ബേപ്പൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അൻവർ എത്തുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. അൻവർ മണ്ഡലത്തിൽ സജീവമാകുകയും യുഡിഎഫ് നേതാക്കളെ നേരിട്ട് കാണുകയും ചെയ്‌തിരുന്നു. ലീഗ്, കോൺഗ്രസ് നേതാക്കളെ കണ്ടാണ് അദ്ദേഹം ചർച്ച നടത്തിയത്. സമുദായ നേതാക്കളുമായും നേരിട്ട് കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്.
മണ്ഡലത്തിൽ അൻവർ അനൗപചാരിക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ബേപ്പൂരിലെ സാഹചര്യം വിലയിരുത്താനാണ് അൻവർ നേരിട്ട് സന്ദർശനം നടത്തിയത്. മണ്ഡലത്തിൽ മികച്ച രീതിയിൽ പ്രചാരണം നടത്തിയാൽ ജയിക്കാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. പ്രത്യേകിച്ച് മുഖ്യമന്ത്രിയെയും മരുമകനായ റിയാസിനെയും ലക്ഷ്യമിട്ടാണ് അദ്ദേഹം മുന്നണി വിട്ടത് മുതൽ നിലകൊള്ളുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫ് നേതൃത്വത്തോട് മൂന്ന് സീറ്റുകളാണ് അൻവർ ചോദിച്ചതെന്നാണ് വിവരം. സജി മഞ്ഞക്കടമ്പന് വേണ്ടി പൂഞ്ഞാറും നിസാർ മേത്തറിന് വേണ്ടി തൃക്കരിപ്പൂരും ഇതിൽ ഉൾപ്പെടുന്നു. അതിൽ അൻവറിന് ബേപ്പൂർ കിട്ടുമെന്ന് ഏറെക്കുറെ ഉറപ്പായ കാര്യമാണ്. എന്നാൽ അധിക സീറ്റുകളിൽ യുഡിഎഫിൽ കൂടിയാലോചന നടത്തിയ ശേഷമേ തീരുമാനം ഉണ്ടാവൂ.
നേരത്തെ എൽഡിഎഫ് വിട്ട വേളയിൽ തന്നെ മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യമിട്ടാണ് അൻവർ ഓരോ തവണയും പ്രതികരിച്ചത്. റിയാസിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ട് വിമർശനവും ഉണ്ടായിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ റിയാസിനെതിരെ പിവി അൻവർ മത്സരിക്കുമ്പോൾ വലിയ രീതിയിലുള്ള പോരാട്ടത്തിന് തന്നെ സാക്ഷ്യം വഹിച്ചേക്കും.












Click it and Unblock the Notifications