പിവി അൻവറിനെ റിമാൻഡ് ചെയ്‌തു; മുഖ്യമന്ത്രിയുടെ മുസ്ലീം വിരുദ്ധതയുടെ അവസാന ഇരയെന്ന് പ്രതികരണം
മലപ്പുറം: നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് അടിച്ചുതകർത്ത കേസിൽ പിവി അൻവർ എംഎൽഎയെ റിമാൻഡ് ചെയ്‌തു. രാത്രിയോടെ അറസ്‌റ്റ് രേഖപ്പെടുത്തിയ പിവി അൻവറിനെ വൈദ്യ പരിശോധന നടത്തിയ ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. അഭിഭാഷകന്റെ സഹായം പോലുമില്ലാതെയാണ് മജിസ്‌ട്രേറ്റിന് മുന്നിൽ അൻവർ എത്തിയത്.
ഇതോടെ അൻവറിനെ റിമാൻഡിൽ വിടാൻ ഉത്തരവിടുകയായിരുന്നു. അൻവറിനെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റുമെന്നാണ് ലഭ്യമായ വിവരം. കേസിൽ നാളെ ജാമ്യാപേക്ഷ നൽകുമെന്നാണ് അൻവർ മാധ്യമങ്ങളോട് പറഞ്ഞത്. അൻവറിനെ തിരക്കിട്ട് അറസ്‌റ്റ് ചെയ്‌ത പോലീസ് നടപടിയിൽ പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നതിനിടെയാണ് എംഎൽഎയെ റിമാൻഡ് ചെയ്‌തിരിക്കുന്നത്.

ഇതോടെ ഇന്ന് രാത്രി അൻവർ ജയിലിൽ കഴിയുമെന്ന് ഉറപ്പായി. നാളെ രാവിലെയോടെ അൻവറിന്റെ അഭിഭാഷകൻ കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ അറസ്‌റ്റും ജയിൽവാസവും സർക്കാരിനെതിരെ, പ്രത്യേകിച്ച് മുഖ്യമന്ത്രിക്കെതിരെ ഉയർത്തി കാട്ടാനാണ് അൻവർ വിഭാഗം ശ്രമിക്കുന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ അൻവറിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.
ഫോറസ്‌റ്റ് ഓഫീസ് തകർത്ത കേസിൽ പിവി അൻവറാണ് ഒന്നാം പ്രതി. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പ്രതികളാണുളളത്, ഇവരെല്ലാം ഡിഎംകെ പ്രവർത്തകരാണ്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് അൻവറിനും കൂട്ടർക്കുമെതിരെ ചുമത്തിയത്. പോലീസുകാരനെ മർദ്ദിച്ചുവെന്നും ആരോപണമുണ്ട്.
വൈദ്യ പരിശോധനക്ക് ഹാജരാക്കിയ ശേഷം മജിസ്‌ട്രേറ്റിന് അടുത്തേക്ക് പോവുന്നതിന് മുൻപ് അൻവർ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. വീരപ്പനെയും ദാവൂദ് ഇബ്രാഹിമിനെയും അറസ്‌റ്റ് ചെയ്യുന്നത് പോലെ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചാണ് തന്നെ അറസ്‌റ്റ് ചെയ്‌തത് എന്നായിരുന്നു അൻവർ ആരോപിച്ചത്. പിണറായി വിജയനെതിരെ സംസാരിക്കുന്നവർക്കുള്ള ഭീഷണിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ട് മാസം താൻ ജയിലിൽ കിടന്നാലെങ്കിലും വന്യജീവി ആക്രമണത്തിനെതിരെ സർക്കാർ നടപടിയെടുക്കുമോയെന്ന് പിവി അൻവർ ചോദിച്ചു. അങ്ങനെയെങ്കിലും മലയോര മേഖലയിലെ മനുഷ്യർക്ക് ആശ്വാസം കിട്ടുമെങ്കിൽ കിട്ടട്ടെയെന്നും നിലമ്പൂർ എംഎൽഎ ചൂണ്ടിക്കാട്ടി. തുടർന്നാണ് നാളെ രാവിലെ മാത്രമേ ജാമ്യത്തിന് ശ്രമിക്കൂ എന്ന കാര്യം അൻവർ വ്യക്തമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മുസ്‌ലിം വിരുദ്ധതയുടെ ഏറ്റവും അവസാനത്തെ തെളിവാണ് തന്റെ അറസ്‌റ്റെന്നും ആർഎസ്എസ് ആഗ്രഹിക്കുന്നതെന്താണോ അത് നടത്തിക്കൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അൻവര്‍ ആരോപിച്ചു. ഇതിന് പിന്നാലെ അൻവറിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. അൻവറിന്റെ തിരക്കിട്ടുള്ള അറസ്‌റ്റിനെ രമേശ് ചെന്നിത്തല, കെ സുധാകരൻ എന്നിവർ പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications