'അവസാനം ലൈറ്റ് ഓഫ് ചെയ്യുന്നത് 'വിസി വേണുഗോലാപൻ ജീ' തന്നെ, കോൺഗ്രസിനെ ട്രോളി പിവി അൻവർ
കോഴിക്കോട്: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് വലിയ ക്ഷീണമായിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങിയത്.
ഇതോടെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് അനുകൂലികള്‍ പ്രതിരോധത്തിലാണ്. കോണ്‍ഗ്രസ് നേതാക്കളുടെ പോസ്റ്റുകളെ എതിരാളികള്‍ ട്രോളുന്നുമുണ്ട്. അതിനിടെ ഗുലാം നബി ആസാദിന്റെ രാജിയില്‍ പരിഹാസവുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രംഗത്ത് വന്നിരിക്കുകയാണ്.

ആരുടേയും പേരെടുത്ത് പറയാതെയാണ് പിവി അൻവറിന്റെ പരിഹാസം. പിവി അൻവർ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ഇങ്ങനെ: ' അവസാനം ലൈറ്റ് ഓഫ് ചെയ്യുന്നത് "വി.സി.വേണുഗോലാപൻജീ" തന്നെയായിരിക്കും. അതാണ് ഷായുമായുള്ള കരാർ.!! ഇതൊക്കെ കണ്ട് ഉള്ളിൽ പൊട്ടിക്കരയുന്ന ലീഗുകാർ അന്നും ഉറക്കെ നിലവിളിക്കും.. "അയ്യോ.. ദേ ലാസ്റ്റ് ബസ് പോണേന്ന്"..

എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ ഉന്നമിട്ട് കൊണ്ടാണ് പിവി അൻവറിന്റെ കുറിപ്പ്. കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും നിയന്ത്രിക്കുന്നത് ഉപജാപകവൃന്ദം ആണെന്ന് ഗുലാം നബി ആസാദ് ആരോപിച്ചിരുന്നു. രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധമുളള കെസി വേണുഗോപാൽ അടക്കമുളള നേതാക്കളെയാണ് ഗുലാം നബി ഉദ്ദേശിച്ചതെന്ന് വ്യക്തം. ഇത് സൂചിപ്പിച്ച് കൊണ്ടാണ് അൻവറിന്റെ പരിഹാസം.

പോസ്റ്റിന് ലഭിച്ച ചില കമന്റുകൾക്ക് പിവി അൻവർ മറുപടിയും നൽകിയിട്ടുണ്ട്. 'സന്തോഷിക്കേടാ ബുദ്ധി തൊട്ടു വെക്കാത്ത MLA' എന്നാണ് ഒരാളുടെ കമന്റ്. ഈ കമന്റിന് പിവി അൻവർ നൽകിയ മറുപടി ഇങ്ങനെ: ' കോൺഗ്രസീന്ന് വല്ലവനും ബിജെപിയിൽ പോണേനൊക്കെ ഞാൻ പിന്നെ കരയണോ ചെങ്ങായി? Congress അല്ല CongRSS ആണിപ്പോൾ.അത് പറയും.പറഞ്ഞുകൊണ്ടേ ഇരിക്കും'.

' കെടി ജലീലിന് ശേഷം ഇടത് മുന്നണി കൊയപ്പത്തിലാകുന്നത് ഈ മരപ്പാഴ് കാരണമായിരിക്കും' എന്നാണ് പിവി അൻവറിന് എതിരെയുളള മറ്റൊരു കമന്റ്. പരിഹാസരൂപത്തിൽ കെവി അൻവർ മറുപടിയും നൽകിയിട്ടുണ്ട്. 'അച്ചോടാ.. കണ്ണു നിറഞ്ഞു അന്റെ ഇടതുമുന്നണി സ്നേഹം കണ്ടിട്ട്..' എന്നാണ് പിവി അൻവറിന്റെ മറുപടി കമന്റ്.

കഴിഞ്ഞ ദിവസം ഗുലാം നബി ആസാദിന്റെ രാജി വാർത്ത വന്നതിന് തൊട്ട് പിന്നാലെയുടെ പിവി അൻവർ എംഎൽഎ ട്രോളുമായി രംഗത്ത് വന്നിരുന്നു. 'കഴിഞ്ഞ സഭയിൽ വിക്കറ്റ് എണ്ണുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്..അവനിപ്പോൾ എവിടെയാണോ എന്തോ! വിക്കറ്റ് എണ്ണി..എണ്ണി നടുവൊടിയുന്നുണ്ട് പാവത്തിന്റെ.!!' എന്നായിരുന്നു പോസ്റ്റ്. വിടി ബൽറാമിനെ ഉദ്ദേശിച്ച് കൊണ്ടുളളതാണ് അൻവറിന്റെ ഈ പരിഹാസം.
കേരള നിയമസഭയിലെ പെണ്‍കരുത്ത് ഇവരാണ്; പാര്‍ട്ടി, മണ്ഡലം എന്നിവ അറിയാം












Click it and Unblock the Notifications