'കത്ത് ചോർത്തിയത് തരംതാണ നടപടി, പട്ടികയിൽ ഉള്ള നേതാക്കൾ ഒക്കെ ഇപ്പോൾ എവിടെ?'; പിവി അൻവർ
കൊച്ചി: തൃണമൂൽ കോൺഗ്രസ് വിട്ടതിന് പിന്നാലെ നേതൃത്തിന് അയച്ച പഴയ കത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് പിവി അൻവർ. കേരളത്തിൽ നിന്ന് തൃണമൂലുമായി സഹകരിക്കാൻ താത്പര്യമുള്ള നേതാക്കളുടെ പേര് നൽകിയത് സൂചന മാത്രമായാണ് എന്നാണ് അൻവർ പറയുന്നത്. രാജിക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുൻ നിലമ്പൂർ എംഎൽഎ കൂടിയായ പിവി അൻവർ വിശദീകരണവുമായി രംഗത്ത് വന്നത്.
താൻ നൽകിയ പട്ടികയിൽ ഉൾപ്പെടുന്ന നേതാക്കളുമായി ചർച്ച ചെയ്യാൻ ടിഎംസി നേതൃത്വം തയ്യാറായില്ല. ഇവരെയൊന്നും വിമാനം പിടിച്ച് ബംഗാളിൽ എത്തിക്കാൻ കഴിയില്ലല്ലോയെന്നും അൻവർ ചോദിക്കുകയുണ്ടായി. ആ നേതാക്കൾ ഒക്കെ എവിടെയാണ് എന്നത് വ്യക്തമാണല്ലോ എന്നും അൻവർ വാർത്താ സമ്മേളനത്തിനിടെ ചോദിക്കുകയുണ്ടായി.

ജി സുധാകരന്‍ , എസ് രാജേന്ദ്രന്‍, പികെ ശശി എന്നിവരുള്‍പ്പെടെ പലരും സിപിഐഎം വിട്ടു. തന്റെ കത്ത് ഒരു സൂചന മാത്രമായിരുന്നു. അതിന്റെ രാഷ്ട്രീയം മനസിലാകുന്നവര്‍ക്ക് അത് വ്യക്തമാണ്. കോൺഗ്രസുമായി സഹകരിക്കാൻ ടിഎംസി തയ്യാറായില്ല. കത്ത് രഹസ്യ സ്വഭാവത്തിലുള്ളതാണെന്ന് സൂചിപ്പിച്ചിരുന്നു. രഹസ്യമായി നൽകിയ കത്ത് ചോർത്തിയത് തരം താണ നടപടിയാണെന്നും പിവി അൻവർ ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്നലെയാണ് പിവി അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടത്. ദേശീയ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്താണ് നീക്കമെന്നാണ് അറിയിച്ചത്. എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോട്ടലിൽ ചേർന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (എഐടിസി) കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം വന്നത്.
മെയ് 15നുള്ളിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് പിവി അൻവർ പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിൽ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന് അൻവർ ചൂണ്ടിക്കാട്ടി. കേരളത്തിൽ കോൺഗ്രസുമായി തൃണമൂലിന് സഹകരിക്കാൻ താൽപര്യമില്ലെന്നും അൻവർ പറഞ്ഞു. കോൺഗ്രസും രാഹുൽ ഗാന്ധിയും മുന്നോട്ടു വെക്കുന്ന ആശയഘടനയോട് സമരസപ്പെടുന്ന പാർട്ടിയാണ് രൂപീകരിക്കുകയെന്നാണ് വിവരം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പിവി അൻവർ യുഡിഎഫ് സ്വതന്ത്രനായി ബേപ്പൂർ മണ്ഡലത്തിൽ മത്സരിച്ചിരുന്നു. നിലവിൽ യുഡിഎഫിലെ അസോസിയേറ്റ് മെമ്പറാണ് പിവി അൻവർ. എൽഡിഎഫുമായുള്ള സഹകരണം അവസാനിപ്പിച്ച ശേഷമായിരുന്നു മന്ത്രി പി മുഹമ്മദ് റിയാസ് മത്സരിക്കുന്ന മണ്ഡലമായ ബേപ്പൂരിൽ അൻവർ മത്സരത്തിന് ഇറങ്ങിയത്.
രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണ് പിവി അന്‍വര്‍ എന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. ഒരുപാട് എംപിമാരുടെയും എംഎല്‍എമാരുടെയും എക്‌സ് എംപി, എക്‌സ് എംഎല്‍എമാര്‍, സിപിഎം നേതാക്കള്‍ എന്നിവരുടെ പേര് അടങ്ങിയ കത്ത് അൻവർ നൽകിയെന്ന് ടിഎംസി സംസ്ഥാന സെക്രട്ടറി വി ശിവദാസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെത്തി അന്വേഷിച്ച് നോക്കിയപ്പോള്‍ അവര്‍ക്ക് ആര്‍ക്കും ഇതേക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു പൊളിറ്റിക്കല്‍ സ്ഥിരതയുമില്ലാത്ത ആളാണ് പിവി അന്‍വര്‍. അദ്ദേഹം ഒരു തിരഞ്ഞെടുപ്പിലും ഇനി ജയിക്കില്ല. അദ്ദേഹം വെറും അധികാരമോഹിയാണ്. ഇന്ന് പറയുന്നത് അല്ല നാളെ പറയുക. ഏത് പാര്‍ട്ടിയില്‍ ചേര്‍ന്നാലും അത് നശിക്കും. അധികാരമില്ലാതെ പിടിച്ചുനില്‍ക്കാന്‍ അന്‍വറിന് കഴിയില്ല; എന്നുമായിരുന്നു തൃണമൂൽ സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ.












Click it and Unblock the Notifications