'മമ്മൂട്ടിയുടെ മക്കൾ കല്യാണം കഴിച്ച് കുട്ടികളായി, മോഹൻലാലിന്റെ മക്കളോ?'; മുസ്ലീം ജനസംഖ്യയിൽ രാഹുൽ ഈശ്വർ
ഹിന്ദു മുസ്ലീം ജനസംഖ്യയിൽ മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കുടുംബങ്ങൾ ഉദാഹരണമാക്കി അഭിപ്രായം പങ്കുവച്ച് പ്രമുഖ ആക്റ്റിവിസ്‌റ്റ് രാഹുൽ ഈശ്വർ. കഴിഞ്ഞ ദിവസം പിസി ജോർജ് മുസ്ലീം വിഭാഗത്തിനെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ. ഈ വേളയിലാണ് സൂപ്പർതാരങ്ങളുടെ കുടുംബങ്ങളിലെ സാഹചര്യം രാഹുൽ ഉദാഹരണമായി പങ്കുവച്ചത്.
മമ്മൂട്ടിയുടെ മക്കൾ ഒരു പ്രായമെത്തും മുൻപ് തന്നെ വിവാഹിതരായെന്നും ശേഷം അവർക്ക് കുട്ടികൾ ഉണ്ടായെന്നും രാഹുൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ മറുവശത്ത് മോഹൻലാലിന്റെ രണ്ട് മക്കളും മുപ്പത് പിന്നിട്ടെങ്കിലും വിവാഹം കഴിഞ്ഞിട്ടില്ലെന്നും ഹിന്ദു മതത്തിൽ അങ്ങനെയൊരു സാമൂഹ്യ സാഹചര്യമല്ല ഉള്ളതെന്നുമാണ് രാഹുൽ പറയുന്നത്. രാഹുലിന്റെ വാക്കുകൾ...

പിസി ജോർജ് സർ ഉയർത്തിവിട്ട വിവാദത്തിൽ പ്രതികരിക്കുന്നത് രണ്ട് തരം ആളുകളാണ്. ഒന്ന് അദ്ദേഹം പങ്കുവച്ച കണക്കുകൾ മുഴുവൻ തെറ്റാണെന്ന് തെളിവ് സഹിതം ഉയർത്തി കാട്ടുന്ന ആളുകളാണ്. അവർ അദ്ദേഹത്തിന്റെ വാദങ്ങൾ പാടേ തെറ്റാണെന്ന് പറയുന്നു. പിന്നൊരു കൂട്ടർ അദ്ദേഹത്തിന്റെ അഭിപ്രായം അന്ധമായി സ്വീകരിച്ച് ന്യായീകരിക്കുന്നു. എന്നാൽ എനിക്ക് തോന്നുന്നത് ഇതിന്റെ നടുക്ക് എവിടെയോ ആണ് സത്യമെന്ന്.
അത് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഉദാഹരണം വച്ച് ഞാൻ പറയാം. ഇവർ നമ്മുടെ ഏറ്റവും വലിയ രണ്ട് താരങ്ങളാണ്. മമ്മൂക്കയുടെ ആരാധകനാണ് ഞാൻ, ലാലേട്ടന്റെ ഭക്തനാണ് ഞാൻ. ഇവരുടെ കുടുംബങ്ങൾ നോക്കൂ. മമ്മൂട്ടിയുടെ മകൻ ദുൽഖർ വിവാഹം കഴിച്ചു കുട്ടിയുണ്ടായി. അദ്ദേഹത്തിന്റെ മകളും കല്യാണം കഴിച്ചു കുട്ടികൾ ഉണ്ടായി.
ലാലേട്ടന്റെ മക്കൾ രണ്ട് പേരും പ്രഗത്ഭരാണ്. പക്ഷേ പ്രണവും ലാലേട്ടന്റെ മകളും ഒക്കെ മുപ്പതുകളിലേക്ക് കടന്നു കഴിഞ്ഞു. എന്നിട്ടും ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. അവർ കുടുംബ ജീവിതം ആരംഭിച്ചിട്ടില്ല. അപ്പോൾ വൈകിയ വിവാഹങ്ങൾ വരുമ്പോൾ എന്ത് സംഭവിക്കും. ദുൽഖറിന്റെ മകൻ കല്യാണം കഴിക്കാൻ പ്രായം ആവുമ്പഴേക്കും ഒരുപക്ഷേ പ്രണവിന്റെ മക്കൾ സ്‌കൂളിൽ പഠിക്കുന്നേ ഉണ്ടാവുകയുള്ളൂ.
പ്രണവ് നാളെ കല്യാണം കഴിക്കുമ്പോൾ അവർക്കുണ്ടാവുന്ന കുട്ടി സ്‌കൂളിൽ മാത്രമായിരിക്കും. അപ്പോൾ പ്രണവിന്റെ കുട്ടിയുടെ കുട്ടി സ്‌കൂളിൽ പഠിക്കുമ്പോൾ ദുൽഖറിന്റെ മകൻ കല്യാണ പ്രായമാവും. ആ രീതിയിലുള്ള ഗ്യാപ് എന്തായാലും ഉണ്ടാവും. അപ്പൊ യഥാർത്ഥത്തിൽ നേരത്തെയുള്ള കല്യാണങ്ങളും വേണം. ഹിന്ദു സമൂഹത്തിൽ ഇത്തരമൊരു രീതിയില്ല. ലാലേട്ടന്റെ കുടുംബത്തെ വച്ച് പറയുന്നു എന്നേയുള്ളൂ, എനിക്കുൾപ്പെടെ ഇല്ലായിരുന്നു.
അതുകൊണ്ടാണ് നമ്മുടെ ജനസംഖ്യ കുറഞ്ഞു പോവുന്നത്. സർക്കാരിന്റെ ഔദ്യോഗിക ഡാറ്റകൾ മുന്നിൽ വച്ചാണ് ഞാൻ ഈ പറയുന്നത്. ഹിന്ദുക്കളുടെ ഫെർട്ടിലിറ്റി റേറ്റ് ഏകദേശം 1.1 മുതൽ 1.3 വരെയാണ്. ക്രിസ്ത്യാനികളുടെത് 1.6 മുതൽ 1.8 വരെയാണ്, മുസ്ലിങ്ങളുടെ ഫെർട്ടിലിറ്റി റേറ്റ് ഏകദേശം 2.5 മുതൽ 2.7 വരെയാണ്. എല്ലാ സമൂഹങ്ങൾക്കും യഥാർത്ഥത്തിൽ വേണ്ടത് 2 എന്ന കണക്കാണ്, ഇത് ലോകാരോഗ്യ സംഘടന പറയുന്നതാണ്.
ഈ ഫെർട്ടിലിറ്റി റേറ്റ് ഇല്ലാത്തതാണ് നമ്മുടെ പ്രശ്‌നം. ഇത്തരം കാര്യങ്ങൾ മറച്ചുവെച്ച് അത് ലൈംഗികത, കുട്ടി എന്നിങ്ങനെ കൊറേ കാര്യങ്ങളുണ്ട്. യഥാർത്ഥത്തിൽ പരസ്‌പര സൗഹൃദത്തിൽ, സഹോദര്യത്തോടെ ഇത്തരം വിഷയങ്ങൾ മനസിലാക്കണം. മുസ്ലിങ്ങളുടെ നെഞ്ചത്തോട്ട് കുതിര കയറുകയല്ല വേണ്ടത്. എല്ലാ വിഭാഗങ്ങളും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്.












Click it and Unblock the Notifications