'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
കൊല്ലം: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിക്കെതിരെ വിമർശനം കടുപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഉയർത്തിയ കടുത്ത ആരോപണങ്ങൾക്ക് മറുപടിയായാണ് എംവി ഗോവിന്ദന്റെ വിമർശനം.
രാഹുൽ ഇന്ത്യാ മുന്നണിയെ പിന്നിൽ നിന്ന് കുത്തുകയാണെന്നാണ് ഗോവിന്ദൻ ആരോപിക്കുന്നത്. എന്ത് കേസിലാണ് പിണറായിയെ അറസ്‌റ്റ് ചെയ്യണമെന്ന് രാഹുൽ പറയുന്നതെന്ന് ചോദിച്ച ഗോവിന്ദൻ, കുറെ തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ എവിടെയും പറഞ്ഞില്ലെന്നും കുറ്റപ്പെടുത്തി.

കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നായിരുന്നു രാഹുലിന്റെ ചോദ്യം. രാജ്യത്ത് നിരന്തരം ബിജെപിയെ വിമര്‍ശിക്കുന്ന രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലില്‍ ആണെന്നും എന്നാല്‍ പിണറായിക്ക് മാത്രം ഒന്നും സംഭവിക്കുന്നില്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി തന്നെ ആദ്യം പരിഹാസ രൂപേണ പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ സിപിഎം സംസ്ഥാന സെക്രട്ടറിയും അതേഭാഷയിൽ തിരിച്ചടിക്കുകയാണ്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം വിമർശിച്ചു. സ്വർണകടത്തിന് നേതൃത്വം കൊടുക്കുന്നത് മോദിയാണെന്നായിരുന്നു ഗോവിന്ദന്റെ ആരോപണം. ഒരു മൊഴിയും പിണറായിക്കെതിരെ ഇല്ല. സ്വർണക്കടത്തിലെ പ്രധാനപ്രതി പ്രധാനമന്ത്രിയാണ്. വിമാനത്താവളങ്ങളുടെ നിയന്ത്രണാധികാരം കേന്ദ്രത്തിനാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
കോൺഗ്രസിനെതിരെയുള്ള നിലപാട് അദ്ദേഹം ആവർത്തിച്ചു. കോൺഗ്രസിന്റെ വർഗീയ നിലപാട് ബിജെപിക്കും ആർഎസ്എസിനും സമമാണെന്നും അദ്ദേഹം പറയുകയുണ്ടായി. രേവന്ത് റെഡ്ഡി ഇപ്പോഴും പഴയ എബിവിപിക്കാരനാണെന്നും അതുകൊണ്ടാണ് പിണറായി വിജയനെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം, തിരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ദേശീയ തലത്തിൽ നിന്ന് വ്യത്യസ്‌തമായാണ് കാര്യങ്ങൾ നീളുന്നത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും, കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നതിനാണ് കേരളം സാക്ഷിയാവുന്നത്. തുടക്കത്തിൽ മടിച്ചു നിന്ന രാഹുൽ ഗാന്ധി കൂടി കളത്തിൽ ഇറങ്ങിയതോടെ പാർട്ടികൾ കൊണ്ടും കൊടുത്തും മുന്നോട്ട് നീങ്ങുകയാണ്.
വയനാട്ടിൽ രണ്ടാംതവണയും ജനവിധി തേടുന്ന രാഹുൽ ഗാന്ധിക്ക് പക്ഷേ ഇക്കുറി ദേശീയ തലത്തിൽ നിന്ന് തന്നെയാണ് വെല്ലുവിളി. സിപിഐ നേതാവ് ആനി രാജയാണ് മത്സരരംഗത്തുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഇവിടെ മത്സരിക്കുന്നുണ്ട്.












Click it and Unblock the Notifications