വയനാടിനെ കൈവിട്ടോ രാഹുൽ ഗാന്ധി? റായ്ബറേലി നിലനിർത്താൻ സാധ്യത, മുരളീധരൻ എത്തിയേക്കും
വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ശക്തമായ മുന്നേറ്റത്തിന് പിന്നാലെ വയനാട് സീറ്റ് ഒഴിയാൻ മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരുങ്ങുന്നു. റായ്ബറേലിയിലും വയനാട്ടിലും ഒരേസമയം വിജയിച്ച രാഹുൽ വയനാടിനെ കൈവിടുമെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം പിന്നീട് നടക്കും.
കേരളത്തിലെ നേതാക്കൾ വയനാട് സീറ്റ് നിലനിർത്തണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടതായാണ് സൂചന. പ്രവർത്തക സമിതിയിൽ യുപി പിസിസി റായ്ബറേലി നിലനിർത്തണമെന്നും ആവശ്യപ്പെട്ടു. എന്നാൽ വയനാട് വിട്ട് കൊടുക്കാനാണ് രാഹുലിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത ആഴ്‌ചയോടെ തന്നെ രാഹുൽ വയനാട്ടിലേക്ക് എത്തും. ഇതിന് ശേഷമാവും തീരുമാനം ഔദ്യോഗികമായ അറിയിക്കുക.

രാഹുലിന് പകരം മണ്ഡലത്തിൽ ആര് മത്സരിക്കും എന്നാണ് ഇനി കണ്ടറിയേണ്ടത്. പ്രിയങ്കാ ഗാന്ധിയുടെ പേര് നേരത്തെ തന്നെ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ താൽപര്യം കാണിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് വരുന്ന കാര്യം ഏറെക്കുറെ അസാധ്യമാണ്.
പകരം കേരളത്തിലെ നേതാക്കളെ തന്നെ മത്സരിപ്പിക്കാനാണ് നിർദ്ദേശം. അങ്ങനെയെങ്കിൽ കെ മുരളീധരനാവും നറുക്ക് വീഴുക. പ്രത്യേകിച്ച് ജയസാധ്യത ഉണ്ടായിരുന്ന വടകര മണ്ഡലത്തിൽ നിന്ന് മാറ്റി തൃശൂരിൽ മത്സരിപ്പിച്ച മുരളീധരൻ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. കൂടാതെ നേതൃത്വവുമായി ഇക്കാര്യത്തിൽ മുരളീധരൻ ചെറിയ പിണക്കത്തിലുമാണ്.
ഇതിനെ ലഘൂകരിക്കാനാവും നേതൃത്വത്തിന്റെ ശ്രമം. നിലവിലെ സാഹചര്യത്തിൽ മുരളീധരനെ കൊണ്ട് വരിക തന്നെയാണ് കെപിസിസിയുടെ കൈയിലെ ഫോർമുല. ഇതിലൂടെ സംസ്ഥാന തലത്തിലെ ഭിന്നതയ്ക്ക് പരിഹാരം കാണാമെന്നും അവർ കരുതുന്നു. എന്തായാലും മുരളീധരന്റെ സ്ഥാനാർത്ഥിത്വം ഉൾപ്പെടെ എന്താവുമെന്ന് അറിയാൻ രാഹുൽ വയനാട്ടിൽ എത്തിയ ശേഷം മാത്രമേ സാധിക്കൂ.
അതേസമയം, ഗാന്ധി കുടുംബത്തിന്റെ സ്വന്തം മണ്ഡലമായ റായ്ബറേലി വിട്ട് കൊടുക്കാൻ രാഹുൽ തയ്യാറാകില്ലെന്ന് തുടക്കം മുതലേ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഗാന്ധി കുടുംബത്തിലെ നേതാക്കളിൽ പലരും മത്സരിച്ചു ജയിച്ച മണ്ഡലം ആയത് കൊണ്ട് തന്നെ രാഹുൽ ഗാന്ധിക്ക് ഒരിത്തിരി വൈകാരികത കൂടിയുള്ള മണ്ഡലമാണ് റായ്ബറേലി.
എന്നാൽ അത് മാത്രമല്ല ഇത്തവണ നിലനിൽക്കുന്ന സാഹചര്യം. കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും വലിയ വിജയം നൽകിയ സംസ്ഥാനമാണ് യുപി. അതുകൊണ്ട് തന്നെ യുപിയിലെ പ്രമുഖ സീറ്റായ റായ്ബറേലി രാഹുൽ വിട്ടൊഴിഞ്ഞാൽ അത് മോശം വികാരമാണ് ഉണ്ടാക്കുക. അതിനാൽ തന്നെ രാഹുൽ വയനാടിനെ തിരസ്‌കരിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications