'പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ കഴിയുന്നതല്ല'; ശോഭ സുരേന്ദ്രനോട് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട് മണ്ഡലത്തിൽ പണം വാങ്ങി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ ശോഭ സുരേന്ദ്രനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ശോഭ സുരേന്ദ്രൻ വീഡിയോ ചിത്രീകരിക്കുന്നവരോട് തട്ടിക്കയറുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിലൂടെ തന്റെ അഭിപ്രായം അറിയിച്ചത്. പാലക്കാട് മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ ആണ് രാഹുൽ മാങ്കൂട്ടത്തിൽ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളുടെ സഹപ്രവർത്തകർ പാലക്കാടിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടിനായി പണം ഒഴുക്കുന്നുവെന്ന് കേട്ടിരുന്നതായി രാഹുൽ പറയുന്നു. ദൃശ്യങ്ങൾ പകർത്തിയ താങ്കളുടെ മകന്റെ പ്രായമുള്ള കുട്ടിയോട് മുഖം അടിച്ച് പൊളിക്കുമെന്നാണ് പറഞ്ഞതെന്നും പാലക്കാടിന്റെ മണ്ണ് മതേതരമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

രാഹുൽ മാങ്കൂട്ടത്തിലിന്റെ വാക്കുകൾ: ശ്രീമതി ശോഭ സുരേന്ദ്രനോടാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളുടെ സഹപ്രവർത്തകർ പാലക്കാടിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടിനായി പണം ഒഴുക്കുന്നു എന്ന് കേട്ടിരുന്നു. ഇന്ന് നിങ്ങളുടെ ഒപ്പം വാഹനത്തിൽ വന്ന നിങ്ങളുടെ വിശ്വസ്‌ത പോലും നിങ്ങൾ പോകുന്ന വീടുകളിൽ പണം കൊടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ്.
ദൃശ്യങ്ങൾ പകർത്തിയ താങ്കളുടെ മകന്റെ പ്രായമുള്ള കുട്ടിയോട് താങ്കൾ പറഞ്ഞത് "മുഖം അടിച്ച് പൊളിക്കും" എന്ന് ആണ് ശ്രീമതി ശോഭ പറഞ്ഞത്. പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാതിപത്യ ബോധവും മൂല്യവും. കയ്യിൽ കുറെ പണം ഉണ്ടെങ്കിൽ അത് ആളുകൾക്ക് കൊടുത്തോളൂ, പക്ഷേ അത് കൊണ്ട് അവരുടെ വോട്ട് വാങ്ങാം എന്ന് വിചാരിക്കണ്ട...
ഈ പണത്തിന് മേലെ പാലക്കാട് പറക്കും, പിഷാരടി ജയിക്കും....
ഇത് പാലക്കാടിന്റെ ഉറപ്പ്.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ എല്ലാം ശോഭ സുരേന്ദ്രൻ പാടേ തള്ളിക്കളഞ്ഞു. ഒരു സ്ത്രീ എന്ന നിലയിൽ തന്നെയും പാലക്കാട്ടെ വോട്ടർമാരെയും അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ചില മാധ്യമങ്ങളിലൂടെയും രാഷ്ട്രീയ എതിരാളികളിലൂടെയും നടന്നതെന്നും വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അവർ പറയുന്നു.
ഒരു ക്യാൻസർ രോഗിയെയും കുടുംബത്തെയും കാണാൻ പോയതിനെ പണം നൽകാനായി എത്തിയതെന്ന രീതിയിൽ ചിലർ വളച്ചൊടിച്ചുവെന്നാണ് ശോഭയുടെ വിശദീകരണം. സംഭവത്തിന് പിന്നിൽ കൃത്യമായ തിരക്കഥ ഉണ്ടെന്നും തന്നോടൊപ്പമുണ്ടായിരുന്ന യുവതിയോട് ചിലർ മോശമായി പെരുമാറിയെന്നും അതുകൊണ്ടാണ് താൻ കാറിൽ നിന്ന് പുറത്തിറങ്ങിയതെന്നും ശോഭ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications