'രാഹുൽ മാങ്കൂട്ടത്തിൽ കുടുംബ ജീവിതം തകർത്തു'; പോലീസിൽ പരാതി നൽകി ആദ്യ പരാതിക്കാരിയുടെ ഭർത്താവ്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ വീണ്ടും പരാതിയുമയി ആദ്യ പരാതിക്കാരിയുടെ ഭർത്താവ്. രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തെന്ന് കാട്ടിയാണ് ഇയാൾ നാട്ടുകൽ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. നേരത്തെ വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇയാൾ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതികൾ നല്‍കി ഒരു മാസമായിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്നാണ് യുവാവിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് യുവാവ് നേരിട്ട് പോലീസിനെ സമീപിച്ചിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഭാരതീയ ന്യായ സംഹിത 84 പ്രകാരം കേസ് എടുക്കണമെന്നാണ് യുവാവ് പരാതിയിൽ ആവശ്യപെട്ടിരിക്കുന്നത്. മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിന് ഒരാഴ്‌ച മുമ്പ് ജാമ്യം അനുവദിച്ചിരുന്നു. കേസിൽ അറസ്‌റ്റിലായി പതിനെട്ടാം ദിവസമാണ് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.

ബലാത്സംഗ കുറ്റം നിലനിൽക്കുമോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. ഇതിനിടയിലാണ് പരാതിയുമായി അതിജീവിതയുടെ ഭർത്താവ് തന്നെ രംഗത്ത് വന്നത്. താൻ നൽകിയ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ചോദ്യംചെയ്യാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് യുവാവ് നേരത്തെ ആരോപിച്ചിരുന്നു. കുടുംബ പ്രശ്‌നത്തിൽ ഇടപെടാനെന്ന് പറഞ്ഞ് എത്തിയ രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തുവെന്നായിരുന്നു യുവാവിന്റെ ആരോപണം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനമാണ് കോൺഗ്രസ് ആദ്യം രാജിവെപ്പിക്കേണ്ടതെന്ന് നേരത്തെ വാർത്താ സമ്മേളനത്തിൽ യുവാവ് വ്യക്തമാക്കിയിരുന്നു. തനിക്കും നീതി കിട്ടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഒരു മാസത്തിന് ശേഷവും പരാതിയിൽ യാതൊരു നടപടിയും ഇല്ലാതെ വന്നതോടെയാണ് യുവാവ് നേരിട്ട് പോലീസിനെ സമീപിച്ചിരിക്കുന്നത്.
തങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വന്നതാണെന്നാണ് രാഹുൽ കോടതിയിൽ പറഞ്ഞിരിക്കുന്നതെന്നും അങ്ങനെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വന്ന ആളാണെങ്കിൽ അദ്ദേഹം തന്നെയും കൂടി വിളിച്ചിരുത്തി സംസാരിക്കേണ്ടേ എന്നുമാണ് യുവാവ് ചോദിക്കുന്നത്. രാഹുലിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും യുവാവ് ആവശ്യപ്പെടുന്നു.
അതിനിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി ഉന്നയിച്ച യുവതി രംഗത്ത് വന്നിരുന്നു. സൈബര്‍ ആക്രമണം തടയണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫെന്നി നൈനാനും കോണ്‍ഗ്രസ് സൈബര്‍ സംഘവും സ്വഭാവഹത്യ നടത്തുന്നതായാണ് പരാതിയിലെ ആരോപണം.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പരാതി നല്‍കിയതിനു ശേഷം സാമൂഹ്യ മാധ്യമത്തില്‍ നേരിടുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിനെ യുവതി സമീപിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലും അനുയായി സംഘവും വ്യക്തി വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും അവർ ആരോപിക്കുന്നു.












Click it and Unblock the Notifications