'രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തി നഗ്നവീഡിയോ ചിത്രീകരിച്ചു, ഇപ്പോഴും ഫോണിലുണ്ട്'; ആദ്യ പരാതിക്കാരി
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ഒന്നാമത്തെ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഈ കേസിൽ രാഹുലിന്റെ അറസ്‌റ്റ് ഇടപെട്ട് കോടതി തടഞ്ഞിരുന്നു. കേസിൽ പരാതിക്കാരിയെയും കക്ഷി ചേർത്തിട്ടുണ്ട്. അതിന് പിന്നാലെ പരാതിക്കാരി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉള്ളത് ഗുരുതരമായ കാര്യങ്ങളാണെന്നാണ് വിവരം.
തനിക്ക് നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും തന്നെ ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. പ്രസ്‌തുത വീഡിയോ ഇപ്പോഴും രാഹുലിന്റെ ഫോണിൽ ഉണ്ടെന്നാണ് പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നത്. പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ ഈ നഗ്ന ദൃശ്യങ്ങൾ ഇയാൾ പുറത്താക്കുമെന്ന് ഭയപ്പെടുന്നതായി സത്യവാങ്മൂലത്തില്‍ പരാതിക്കാരി വ്യക്തമാക്കുന്നുണ്ട്.

ബലാത്സംഗത്തിനിടെ ഏറ്റ സാരമായ പരിക്കുകൾ വ്യക്തമാക്കുന്ന ചിത്രങ്ങളും പരാതിക്കാരി കോടതിയിൽ നൽകിയിട്ടുണ്ടെന്നാണ് വിവരം. രാഹുൽ ഭീഷണിപ്പെടുത്തിയതിന്റെ ചാറ്റുകളും ഓഡിയോ ക്ലിപ്പുകളും സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. കൂടാതെ ജാമ്യാപേക്ഷയിൽ രാഹുൽ പറഞ്ഞത് വക്രീകരിച്ച വസ്‌തുതകളും അർദ്ധ സത്യങ്ങളുമാണെന്നും വിചാരണക്കോടതിയെയും ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത ശ്രമം നടന്നുവെന്നും പരാതിക്കാരി ആരോപിച്ചു.
കൂടാതെ രാഹുലിനെതിരെ ഗുരുതര പരാമർശങ്ങളാണ് സത്യവാങ്മൂലത്തിൽ ഉള്ളത്. രാഹുൽ മാങ്കൂട്ടത്തിൽ ഒരു സാഡിസ്‌റ്റും ഗുരുതരമായ മനോവൈകൃതമുള്ളയാളുമാണെന്നാണ് പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നത്. രാഹുൽ പ്രതിയായ പത്തോളം പീഡന കേസുകളെപ്പറ്റി അന്വേഷണ സംഘത്തിന് അറിവുണ്ട്. അതിൽ ഒന്ന് പ്രായപൂർത്തിയാകാത്ത അതിജീവിതയുമാണ്. അധികാരവും സ്വാധീനവുമുള്ള എംഎൽഎക്ക് ജാമ്യം നൽകുന്നത് ഇനി മുന്നോട്ടു വരാനുള്ള പരാതിക്കാരെ നിശബ്‌ദരാക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഗർഭഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തിയാണെന്നും സുഹൃത്ത് ജോബി എത്തിച്ച ഗുളികകൾ കഴിച്ചത് വീഡിയോ കോളിൽ കണ്ട് രാഹുൽ ഉറപ്പാക്കിയെന്നും യുവതി ആരോപിക്കുന്നു. പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം നൽകരുതെന്ന നിലപാടാണ് കോടതിയിൽ സ്വീകരിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യഹർജി ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ആദ്യ കേസിൽ രാഹുലിന്റെ അറസ്‌റ്റ് അനിവാര്യമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്. മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ പോലീസ് അറസ്‌റ്റ് ചെയ്‌ത രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ ജയിലിലാണ്. മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ ജനുവരി 22ലേക്ക് മാറ്റിയിരുന്നു. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.
അതിനിടെ അറസ്‌റ്റിലായ കേസിൽ അന്വേഷണവുമായി രാഹുൽ മാങ്കൂട്ടത്തിൽ സഹകരിക്കുന്നില്ലെന്നാണ് വിവരം. ഫോണും ലാപ്ടോപ്പും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ല എന്നാണ് സൂചന. പ്രതിയെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌ത് തെളിവുകൾ ശേഖരിക്കേണ്ടത് അത്യാവശ്യമായതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാണ് എസ്ഐടി നിലപാട്.












Click it and Unblock the Notifications