'അമ്മയുടെ മുന്നില്‍ നിന്ന് അറസ്റ്റ് ചെയ്യണമെന്നത് പിണറായിയുടെ തീരുമാനം' തുറന്നടിച്ച് രാഹുല്‍
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തി തിരുവനന്തപുരത്തെത്തി. നാടകീയ രംഗങ്ങള്‍ക്കാണ് പിന്നീട് സാക്ഷ്യം വഹിച്ചത്. രാഹുല്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് തടയാനും പോലീസ് ശ്രമിച്ചു. രൂക്ഷ വിമര്‍ശനമാണ് പോലീസിനെതിരെ രാഹുല്‍ ഉന്നയിച്ചത്.
താന്‍ ഇരുപത് ദിവസത്തോളം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അന്നൊന്നും അറസ്റ്റുണ്ടായില്ല. അമ്മയുടെ മുന്നില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്യണമെന്നത് പിണറായി വിജയന്റെ തീരുമാനമാണ്. അതാണ് പോലീസുകാര്‍ നടപ്പാക്കിയതെന്നും രാഹുല്‍ ആരോപിച്ചു. 'എന്റെ വീട് വളഞ്ഞ്, ബെഡ്‌റൂമിലേക്ക് പോലീസുകാര്‍ കടന്നുവന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു' എന്ന് രാഹുല്‍ പറയുന്നു.

പോലീസിനോട് സഹകരിക്കാതിരിക്കുന്ന ആളല്ല ഞാന്‍. ഇത് പിണറായി വിജയന്‍ ചെയ്യിപ്പിച്ചതാണ്. അങ്ങനെ ഒന്നും പേടിച്ച് നിര്‍ത്താനാവില്ല. പിണറായി ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യട്ടെ, ബാക്കി നമുക്ക് നോക്കാമെന്നും രാഹുല്‍ പറഞ്ഞു. തിരുവനന്തപുരത്തും കൊല്ലത്തുമെല്ലാം പൊതുപരിപാടിയില്‍ പങ്കെടുത്ത ആളാണ് ഞാന്‍.
സ്റ്റേഷനിലും ജയിലിലുമെല്ലാം പോയിട്ടുള്ള ആളാണ്. ഒരു മുന്നറിയിപ്പുമില്ലാതെ പോലീസുകാര്‍ വീട് വളഞ്ഞു. ബെല്‍ പോലുമടിക്കാതെ അവര്‍ വാതിലില്‍ മുട്ടുകയാണ് ചെയ്തത്. ബെഡ്‌റൂമിലേക്ക് കടന്നുവന്ന് അമ്മയുടെ മുന്നില്‍ വെച്ച് അറസ്റ്റ് ചെയ്യുക. ഇതൊന്നും കണ്ടാല്‍ പേടിക്കില്ല. പിണറായി ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കാനും ഇതിനിടയില്‍ പോലീസ് അനുവദിച്ചില്ല. രാഹുലിനെ വേഗത്തില്‍ ജീപ്പിലേക്ക് ബലംപ്രയോഗിച്ച് കയറ്റി കൊണ്ടുപോകാനായിരുന്നു ശ്രമം. എന്നാല്‍ എന്തിനാണ് ഫോഴ്‌സ് ഉപയോഗിക്കുന്നത്, അങ്ങനെ ഉപയോഗിച്ചാല്‍ ധാരാളം ഉപയോഗിക്കേണ്ടി വരുമെന്നായിരുന്നു രാഹുല്‍ എസ്‌ഐയോട് മറുപടി പറഞ്ഞത്. നിങ്ങളോട് ഞാന്‍ ഇതുവരെ മാന്യമായിട്ടല്ലേ ഞാന്‍ സംസാരിച്ചതെന്നും രാഹുല്‍ ചോദിച്ചു.
സ്‌റ്റേഷനില്‍ വെച്ചായിരുന്നു മാധ്യമങ്ങളോട് സംസാരിക്കുന്നത് പോലീസ് തടഞ്ഞത്. ഒടുവില്‍ എസ്‌ഐയും രാഹുലും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് ശേഷം വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയും പ്രതിഷേധമുണ്ടായി. പ്രവര്‍ത്തകര്‍ പോലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
വീടിന്റെ നാല് വശവും വളഞ്ഞാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് അമ്മ പറഞ്ഞു. രാഹുല്‍ ഭീകരവാദിയാണെന്ന പോലെയായിരുന്നു പോലീസ് എത്തിയത്. വീട് വളഞ്ഞ് കൊണ്ടുപോകേണ്ട കുറ്റകൃത്യങ്ങളൊന്നും രാഹുല്‍ ഇതുവരെ ചെയ്തിട്ടില്ല. പോലീസിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് രാഹുല്‍ തിരിച്ചെത്തിയശേഷം തീരുമാനിക്കും. രാവിലെ അഞ്ചരയ്ക്ക് ശേഷമാണ് പോലീസ് എത്തിയത്.
വീടിന്റെ നാലുവശത്തും ജനലിലും കതകിലുമെല്ലാം കൊട്ടുന്നുണ്ട്. ആറ് മണി കഴിഞ്ഞ് കതക് തുറക്കുമ്പോള്‍ ഒരു സംഘം പോലീസുകാര്‍ വീട്ടുമുറ്റത്തുണ്ട്. പിന്നാലെ ഒരു വനിതാ പോലീസ് അടക്കം കുറച്ച് പേര്‍ അകത്ത് കയറി. രാഹുല്‍ ഉണ്ടെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു. എന്നാല്‍ കാര്യം മാത്രം പറഞ്ഞില്ല. പോലീസ് മുന്‍കൂട്ടി കണ്ട വീട് വളഞ്ഞ് കൊണ്ടുപോയതാണ്. കൊല്ലത്ത് നിന്ന് അവര്‍ക്ക് വേണമെങ്കില്‍ അറസ്റ്റ് ചെയ്യാമായിരുന്നു. എന്ത് നടപടിയെടുക്കും എന്ന് രാഹുല്‍ വന്നിട്ട് തീരുമാനിക്കാമെന്നും അമ്മ പറഞ്ഞു.
അതേസമയം സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത്. പോലീസ് വാഹനം തടഞ്ഞ പ്രവര്‍ത്തകരെ ബലംപ്രയോഗിച്ചാണ് നീക്കിയത്. പാലക്കാട് ടൗണ്‍ സ്റ്റേഷനിലേക്കും യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് എത്തി. സ്‌റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പത്തനംതിട്ട, മലപ്പുറം, കൊല്ലം, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലും പ്രതിഷേധ പ്രകടനം നടന്നു. മലപ്പുറത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്.












Click it and Unblock the Notifications