'മോശക്കാരനാക്കി ചിത്രീകരിച്ചു, 10 കോടി നഷ്‌ടപരിഹാരം വേണം'; ഷഹനാസിന് രാഹുൽ മാങ്കൂട്ടത്തിലിന്റെ വക്കീൽ നോട്ടീസ്
പാലക്കാട്: കോൺഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസിന് വക്കീൽ നോട്ടീസ് അയച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഫെബ്രുവരി മൂന്നിന് നടത്തിയ വാർത്താ സമ്മേളനത്തിൽ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്നും അതുകൊണ്ട് 10 കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിൽ പറയുന്നത്. നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പീഡന പരാതി ഉയർന്നപ്പോൾ ആദ്യം മുതൽ പ്രതികരിച്ച വ്യക്തിയായിരുന്നു എംഎ ഷഹനാസ്.
ഷഹനാസ് കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങൾക്ക് ഒന്നും തന്നെ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് രാഹുൽ അയച്ച നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നത്. 100 പാവപ്പെട്ടവർക്ക് വീട് വെച്ച് കൊടുക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ടെന്നും ഷഹനാസിൽ നിന്ന് ഈടാക്കുന്ന നഷ്‌ടപരിഹാര തുക ഇതിനായി ചിലവഴിക്കുമെന്നും നോട്ടീസിൽ പറയുന്നു. ഇരുവരും തമ്മിൽ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വാഗ്വാദം തുടരുന്നതിനിടയിലാണ് ഈ സംഭവം.

തന്റെ മുഖത്തുനോക്കി ചർച്ചയ്ക്ക് രാഹുൽ തയ്യാറുണ്ടോയെന്ന് ഷഹനാസ് കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ വെല്ലുവിളിച്ചിരുന്നു. പീഡനക്കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാൻവേണ്ടിയുള്ള അഭിമുഖമാണ് ചാനലിൽ വന്നതെന്നും രാഹുലിനുമുന്നിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ മടിച്ച ചാനൽ അവതാരകനോട് പുച്ഛമാണ് തോന്നുന്നതെന്നും അന്ന് ഷഹനാസ് പറഞ്ഞിരുന്നു.
രാഹുലിന്റെ ആരോപണങ്ങൾക്ക് മറുപടി പറയാനുള്ള ആർജവം തനിക്കുണ്ട്. രാഹുലിന്റെ വീട്ടിലെത്തി വേണമെങ്കിൽ സംവാദത്തിന് തയ്യാറാണ്. താൻ സുഹൃത്താണെന്ന രാഹുലിന്റെ വാദം കള്ളമാണ്. ആളുകളെ വളച്ചൊടിക്കുന്ന പീഡനവീരനാണയാൾ. കഴിഞ്ഞദിവസം പുറത്തുവന്ന രാഹുലിന്റെ ശബ്‌ദസന്ദേശം അയാൾ സ്ത്രീകളോട് പ്രയോഗിക്കുന്ന ഭാഷ എന്താണെന്ന് വ്യക്തമാക്കുന്നതാണ്. അക്കാര്യം ചാനൽ അവതാരകൻ ചോദിച്ചില്ലെന്നും ഷഹനാസ് ആരോപിച്ചിരുന്നു.
രാഹുൽ എന്ന കോഴിയെ തിരിച്ചറിഞ്ഞ് നിർത്തേണ്ടിടത്ത് നിർത്തിയ വ്യക്തിയാണ് താൻ. തനിക്ക് മറച്ചുവയ്‌ക്കാൻ ഒന്നുമില്ലെന്നും തന്റെ ഫോണിലെ ചാറ്റുകൾ പരസ്യമായി പരിശോധിച്ച് സംവാദത്തിന് തയ്യാറാണെന്നും ഷഹനാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. മാത്രമല്ല തന്റെ വെല്ലുവിളി സ്വീകരിക്കാനും സംവാദത്തിന് തയ്യാറുണ്ടോയെന്നും രാഹുൽ വ്യക്തമാക്കണമെന്നും ഷഹനാസ് ചോദിച്ചിരുന്നു.
ഭാര്യയും ഭർത്താവും തമ്മിലുള്ള പിണക്കം പരിഹരിക്കാനെന്ന വ്യാജേന ചെന്ന് ആ സ്ത്രീയെ ചൂഷണം ചെയ്യുകയും, പിന്നീട് നമുക്ക് കല്യാണം കഴിക്കണമെങ്കിൽ നീ ഗർഭിണി ആകണമെന്ന് പറഞ്ഞ് നിർബന്ധിച്ച് ഗർഭിണിയാക്കിയ ശേഷം ഗർഭച്ഛിദ്രം നടത്തിക്കുകയും ചെയ്‌ത കാര്യം ഷഹനാസ് മാധ്യമങ്ങളോട് സംസാരിക്കവെ എടുത്തു പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് വക്കീൽ നോട്ടീസുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ഈ വിവാദങ്ങൾക്ക് പിന്നാലെ രാഹുൽ അനുകൂലികൾ സൈബർ ആക്രമണം നടത്തുന്നുണ്ടെന്നാണ് ഷഹനാസ് ഉൾപ്പെടെ പലരും ആരോപിക്കുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം ഷഹനാസ് ഉൾപ്പെടെയുള്ളവർക്ക് എതിരെ കടുത്ത രീതിയിലാണ് രാഹുൽ അനുകൂലികൾ പ്രതികരിക്കുന്നത്.












Click it and Unblock the Notifications