രാഹുലിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യക്ക് ശ്രമിച്ചത് രണ്ട് തവണ; കൈഞ്ഞരമ്പ് മുറിക്കാനും ശ്രമിച്ചു..മൊഴി
രാഹുൽ മാങ്കൂത്തിലിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഗർഭഛിദ്രത്തിന് പിന്നാലെ രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി യുവതിയുടെ മൊഴിയിൽ പറയുന്നു. ഗർഭഛിദ്രത്തിന് പിന്നാലെ അമിതമായി മരുന്നു കഴിച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതേത്തുടർന്ന് ഏതാനും ദിവസം ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഒരു തവണ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതായും പോലീസിന് നൽകിയ മൊഴിയിൽ യുവതി പറയുന്നു.
ഗർഭഛിദ്രം നടത്താൻ യുവതിയെ രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിക്കുന്ന ഓഡിയോയും ചാറ്റുകളും നേരത്തേ പുറത്തുവന്നിരുന്നു. മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്റെ സുഹൃത്ത് ജോബി യുവതിക്ക് എത്തിച്ച് നല്‍കിയത്. ഡോക്ടർമാരുടെ നിർദേശമില്ലാത ഈ മരുന്നുകൾ കഴിച്ചാൽ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം. മരുന്ന് കഴിച്ചതിന് പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്ക് ഉണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന്റെ മെഡിക്കല്‍ രേഖകളും യുവതി പോലീസിന് കൈമാറിയിട്ടുണ്ട്.

അതേസമയം കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. പോലീസ് രാഹുലിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുവതി പരാതി കൊടുത്തതിന് പിന്നാലെയാണ് രാഹുൽ ഒളിവിൽ പോയത്. ഒരു ചുവന്ന കാറിലാണ് രാഹുൽ സ്ഥലം വിട്ടത്. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഒരു ചലച്ചിത്രതാരത്തിന്റെ ഉടമസ്ഥതയിലുള്ള കാറാണിതെന്ന് വിവരമുണ്ട്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ ജോബി ജോസഫും രാഹുലിൻറെ ഒപ്പമുണ്ടെന്ന് അന്വേഷണസംഘം സംശയിക്കുന്നു.
കഴിഞ്ഞ ദിവസം കണ്ണാടിയിലുള്ള രാഹുലിൻ്റെ ഫ്ലാറ്റിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് വീണ്ടെടുത്തത്. ഫ്ലാറ്റിൽനിന്ന് പോകും മുൻപ് അവിടെ അവസാനം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ഡിവിആറിൽനിന്ന് മായ്ച്ചുകളഞ്ഞതായാണ് പോലീസ് കണ്ടെത്തൽ. ഇത് സംബന്ധിച്ച് കെയർടേക്കറിൽ നിന്നും അന്വേഷണ സംഘം മൊഴി ശേഖരിച്ചു. രാഹുൽ ഇതുവരേയും ബന്ധുക്കളേയോ സുഹൃത്തുക്കളേയോ ബന്ധപ്പെട്ടിട്ടില്ല. രാഹുലുമായി ബന്ധമുള്ള കൂടുതൽ പേരുടെ മൊഴി ഇന്ന് പോലീസ് ശേഖരിച്ചേക്കും.
നാളെയാണ് രാഹുലിൻറെ മുൻകൂർ ജാമ്യാപേക്ഷ പോലീസ് പരിഗണിക്കുന്നത്. ജാമ്യഹർജി പരിഗണിക്കും വരെ കാത്തിരിക്കാതെ രാഹുലിനെ പെട്ടെന്ന് കസ്റ്റഡിയിലെടുക്കാനുള്ള നീക്കങ്ങളാണ് പോലീസ് നടത്തുന്നത്. അതേസമയം യുവതിക്കെതിരായ കൂടുതൽ തെളിവുകൾ രാഹുലിൻറെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകളാണ് നൽകിയിരിക്കുന്നത്.












Click it and Unblock the Notifications