രാഹുൽ മാങ്കൂട്ടത്തിലിന് രക്ഷയില്ല; രണ്ട് കേസിൽ കൂടി അറസ്‌റ്റ് ചെയ്‌ത് പോലീസ്, ഇന്ന് കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ രണ്ട് കേസിൽ കൂടി അറസ്‌റ്റ് ചെയ്‌ത് പോലീസ്. സെക്രട്ടേറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് കൂടുതൽ കേസുകളിൽ അറസ്‌റ്റ് ചെയ്‌തത്. തിരുവനന്തപുരം ജില്ലാ ജയിലിൽ വച്ച് കന്റോണ്‍മെന്റ് പോലീസാണ് രാഹുലിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
അറസ്‌റ്റ് ചെയ്‌ത രണ്ട് കേസുകളിൽ കൂടി റിമാൻഡ് ചെയ്യാൻ രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ ആകെയുള്ള മൂന്നു കേസുകളിൽ ഒന്നുമായി ബന്ധപ്പെയിരുന്നു വീട്ടിൽ നിന്നും രാഹുലിനെ അറസ്‌റ്റ് ചെയ്‌തത്. രാഹുലിന്റെ ജാമ്യഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ കേസുകളിലെ അറസ്‌റ്റ് നടന്നതെന്നതും ശ്രദ്ധിക്കേണ്ടതാണ്.

അതിനിടെ രാഹുലിന്റെ അറസ്‌റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രകടനങ്ങൾ പലതും സംഘർഷത്തിലാണ് കലാശിച്ചത്. ഇന്നലെ ആലപ്പുഴയിൽ നടന്ന പ്രതിഷേധത്തിൽ പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. കളക്ട്രേറ്റിലേക്കായിരുന്നു യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ പ്രതിഷേധ മാർച്ചുകൾ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ചിരുന്നു.
അതേസമയം, സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. അടൂരിലെ വീട്ടിൽ പുലർച്ചെയെത്തിയായിരുന്നു രാഹുലിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. അപ്രതീക്ഷിതവും അതിലേറെ നാടകീയവുമായിരുന്നു പോലീസ് നടപടികൾ. അതിരാവിലെ പോലീസ് സംഘം യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ അടൂരിലെ വീട്ടിലെത്തി വളയുകയായിരുന്നു. പ്രാദേശിക പ്രവർത്തകർ പോലീസിനെ ചെറുക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.
നവകേരള സദസിനെതിരായ സമരങ്ങളെ പോലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേർന്ന് മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടന്നത്. ഡിസംബർ 20ന് രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഒന്നാം പ്രതി. എംഎൽഎമാരായ ഷാഫി പറമ്പിലും എം വിൻസന്റും രണ്ടും മൂന്നും പ്രതികളുമാണ്. ഇതിനിടെയാണ് നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് അധ്യക്ഷനെതിരായ പോലീസ് നടപടിയുണ്ടായത്.
അനുമതിയില്ലാത്ത സമരം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുളളത്. രാഹുലിനെതിരെ കടുത്ത നടപടിയുമായി സർക്കാരും, പോലീസും മുന്നോട്ട് നീങ്ങുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധം തീർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് വിവിധ ജില്ലകളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.












Click it and Unblock the Notifications