റെയിൽവേ വക മലയാളികൾക്ക് ന്യൂ ഇയർ ഗിഫ്റ്റ്; കേരളത്തിലൂടെ ഓടുന്ന 16 ട്രെയിനുകൾക്ക് അധിക സ്‌റ്റോപ്പ്
പാലക്കാട്: പുതുവർഷത്തിൽ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് അധിക സ്‌റ്റോപ്പ് അനുവദിച്ച് ഇന്ത്യൻ റെയിൽവേ. 16 വ്യത്യസ്‌ത ട്രെയിനുകൾക്കാണ് പുതിയ സ്‌റ്റോപ്പുകൾ അനുവദിക്കാൻ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ യാത്രക്കാർക്ക് ഈ ട്രെയിനുകൾ സഹായകരമാവുകയും കൂടുതൽ മേഖലകൾക്ക് പ്രയോജനകരമാവുകയും ചെയ്‌ത തീരുമാനം കേന്ദ്രമന്ത്രി ജോർജ് കുര്യനാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
16 ട്രെയിനുകൾക്ക് അധിക സ്‌റ്റേഷനുകൾ അനുവദിച്ച നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിനും നന്ദി അറിയിച്ചുകൊണ്ടാണ് ജോർജ് കുര്യൻ വിവരം പുറത്തുവിട്ടിരിക്കുന്നത്. പൗരന്മാരുടെ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്തുമാണ് റെയിൽവേ മന്ത്രാലയത്തിന്റെ പുതിയ നടപടിയെന്നാണ് അറിയിച്ചിരിക്കുന്നത്.

'നന്ദി മോദി നന്ദി! കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്‌റ്റോപ്പേജ് അനുവദിച്ച് യാത്രക്കാരുടെ സൗകര്യം വർധിപ്പിച്ചതിന് ബഹു. റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്‌ണവ് ജിക്ക് ഹൃദയപൂർവ്വം നന്ദി' എന്നാണ് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യൻ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
പുതുതായി അനുവദിച്ച സ്‌റ്റോപ്പുകൾ കൂടി വരുന്നതോടെ ചെറുകിട സ്‌റ്റേഷനുകളെ ആശ്രയിക്കുന്ന യാത്രക്കാർക്കും ദീർഘദൂര യാത്രക്കാർക്കും ഒരുപോലെ പ്രയോജനം ലഭിക്കുമെന്നതാണ് കാര്യം. സ്‌റ്റോപ്പുകൾ സംബന്ധിച്ച കൃത്യമായ സമയക്രമവും ഏതൊക്കെ ട്രെയിനുകൾക്ക് എവിടെയൊക്കെയാണ് പുതിയ സ്‌റ്റോപ്പുകൾ എന്നതിന്റെ വിശദവിവരങ്ങളും ഉടൻ തന്നെ ഇന്ത്യൻ റെയിൽവേ പുറത്തുവിടുമെന്നാണ് വിവരം.
ഈ മാറ്റം എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഇത് നടപ്പാക്കൽ അധികം വൈകില്ലെന്നാണ് വിവരം. കേരളത്തിലൂടെ ഓടുന്ന പ്രധാന ട്രെയിനുകൾ അടക്കം മാറ്റം വരുന്നവയുടെ പട്ടികയിൽ ഉണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. വടക്കൻ കേരളത്തിലും, തെക്കൻ-മധ്യ കേരളത്തിലും ഒരുപോലെ ഗുണകരമാവുന്ന നടപടിയാണ് റെയിൽവേയുടേത് എന്ന് ട്രെയിനുകളും അനുവദിച്ചിരിക്കുന്ന സ്‌റ്റോപ്പുകളും വ്യക്തമാക്കുന്നുണ്ട്.
ട്രെയിനുകളും അനുവദിച്ച അധിക സ്‌റ്റോപ്പുകളും
16127, 16128 ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്പ്രസ്: അമ്പലപ്പുഴയിൽ പുതിയ സ്‌റ്റോപ്പ്
16325, 16325 നിലമ്പൂർ റോഡ്-കോട്ടയം എക്‌സ്പ്രസ്: തുവ്വൂർ, വലപ്പുഴ സ്‌റ്റേഷനുകളിൽ പുതിയ സ്‌റ്റോപ്പുകൾ
16327, 16328 മധുരൈ-ഗുരുവായൂർ എക്‌സ്പ്രസ്: ചെറിയനാട് സ്‌റ്റേഷനിൽ പുതിയ സ്‌റ്റോപ്പ്
16334 തിരുവനന്തപുരം സെൻട്രൽ-വെരാവൽ എക്‌സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്‌റ്റേഷനുകളിൽ പുതിയ സ്‌റ്റോപ്പുകൾ
16336 നാഗർകോവിൽ-ഗാന്ധിധാം വീക്ക്‌ലി എക്‌സ്പ്രസ്: പരപ്പനങ്ങാടി സ്‌റ്റേഷനിൽ പുതിയ സ്‌റ്റോപ്പ്
16341 ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസ്: പൂങ്കുന്നം സ്‌റ്റേഷനിൽ പുതിയ സ്‌റ്റോപ്പ്
16366 നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസ്: ധനുവച്ചപുരം സ്‌റ്റേഷനിൽ പുതിയ സ്‌റ്റോപ്പ്
16609 തൃശൂർ-കണ്ണൂർ എക്‌സ്പ്രസ്: കണ്ണൂർ സൗത്ത് സ്‌റ്റേഷനിൽ പുതിയ സ്‌റ്റോപ്പ്
16730 പുനലൂർ-മധുരൈ എക്‌സ്പ്രസ്: ബാലരാമപുരം സ്‌റ്റേഷനിൽ പുതിയ സ്‌റ്റോപ്പ്
16791 ടൂട്ടിക്കോറിൻ-പാലക്കാട് പാലരുവി എക്‌സ്പ്രസ്: കിളിക്കൊല്ലൂർ സ്‌റ്റേഷനിൽ പുതിയ സ്‌റ്റോപ്പ്
19259 തിരുവനന്തപുരം നോർത്ത്-ഭാവ്‌നഗർ എക്‌സ്പ്രസ്: വടകര സ്‌റ്റേഷനിൽ പുതിയ സ്‌റ്റോപ്പ്
22149, 22150 എറണാകുളം-പുണെ എക്‌സ്പ്രസ്: വടകര സ്‌റ്റേഷനിൽ പുതിയ സ്‌റ്റോപ്പ്
16309, 16310 എറണാകുളം-കായംകുളം മെമു: ഏറ്റുമാനൂർ സ്‌റ്റേഷനിൽ പുതിയ സ്‌റ്റോപ്പ്
22475, 22476 ഹിസാർ-കോയമ്പത്തൂർ എക്‌സ്പ്രസ്: തിരൂർ സ്‌റ്റേഷനിൽ പുതിയ സ്‌റ്റോപ്പ്
22651, 22652 ചെന്നൈ സെൻട്രൽ-പാലക്കാട് എക്‌സ്പ്രസ്: കൊല്ലങ്കോട് സ്‌റ്റേഷനിൽ പുതിയ സ്‌റ്റോപ്പ്
66325, 66326 നിലമ്പൂർ റോഡ്-ഷൊർണൂർ മെമു: തുവ്വൂർ സ്‌റ്റേഷനിൽ പുതിയ സ്‌റ്റോപ്പ്












Click it and Unblock the Notifications