വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്; യെല്ലോ അലേര്‍ട്ട് ഈ ജില്ലകളില്‍: ജാഗ്രത തുടരണം
കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും മഴക്കെടുതികള്‍ തുടരുകയാണ്. മധ്യകേരളത്തില്‍ ഇന്ന് രാവിലെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത് - കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍.
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടത്തരം മഴ പെയ്യാന്‍ സാധ്യതയുണ്ട്. അതേസമയം, മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ ജൂലൈ 30 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

ശക്തമായ മഴ എന്നാല്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ പെയ്യുന്നതിനെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്. ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരത്തോട് ചേര്‍ന്നുള്ള ന്യൂനമര്‍ദ പാത്തി ദുര്‍ബലമായതാണ് മഴയുടെ ശക്തി കുറയാന്‍ കാരണം.
വരും മണിക്കൂറുകളില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്നത് ശക്തമായ കാറ്റാണ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇന്ന് അവധി
കുട്ടനാട്ടിലെ രണ്ട് ഗ്രാമ പഞ്ചായത്തുകളിലെ സ്‌കൂള്‍ക്കാണ് ഇന്ന് അവധിയുള്ളത്. വെള്ളപ്പൊക്കം ഉള്ളതിനാലാണിത്. കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാര്‍ ഗ്രാമപഞ്ചായത്തുകളില്‍ എല്ലാ സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കും കലക്ടര്‍ അവധി നല്‍കി. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്കൊന്നും മാറ്റമില്ല.
പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്. ആറ് സ്‌കൂളുകളാണ് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ സുരക്ഷ മുന്‍നിര്‍ത്തിക്കൊണ്ട് മറ്റ് 15 സ്‌കൂളുകള്‍ക്കും ഇന്ന് കലക്ടര്‍ അവധി നല്‍കി.
ഡാമുകളില്‍ റെഡ് അലേര്‍ട്ട്
സംസ്ഥാനത്ത് പരമാവധി സംഭരണശേഷിയിലെത്തിയ 11 ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതില്‍ ഒന്‍പത് ഡാമുകള്‍ തുറന്നു. കക്കയം, ബാണാസുരസാഗര്‍, പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, പൊന്‍മുടി, ലോവര്‍ പെരിയാര്‍ എന്നീ ഡാമുകളാണ് തുറന്നിട്ടുള്ളത്.
ഡാമുകളില്‍ വെറും രണ്ട് മാസം കൊണ്ട് 75 ശതമാനത്തോളം നിറഞ്ഞു. 2018-ലെ മഹാ പ്രളയത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയേറെ വെള്ളം ഡാമുകളില്‍ നിറയുന്നത്. വൈദ്യുതോത്പാദനം പൂര്‍ണതോതിലായിട്ടും ജലനിരപ്പുയരുകയാണ്. ഇടുക്കി ഡാമില്‍ നിലവില്‍ നീല അലേര്‍ട്ടാണ്.












Click it and Unblock the Notifications