ഇന്നും നാളെയും സാധാരണ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്; മഴ മുന്നറിയിപ്പുകൾ ഇങ്ങനെ...
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റംവരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള ജില്ലകളിലാണ് മഞ്ഞ ജാഗ്രതയുള്ളത്. സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോമറിൻ ഭാഗത്തു നിന്ന് അറബിക്കടലിൽ എത്തിയ ചക്രവാതചുഴിയുടെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് മഴ പെയ്യുന്നത്. ശ്രീലങ്കൻ തീരത്തും ഇതിൻ്റെ നിലനിൽക്കുന്നുണ്ട് ചക്രവാതചുഴി വരും മണിക്കൂറുകളിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. കൂടാതെ 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാണുന്നുണ്ട്. ന്യൂനമർദ്ദം പിന്നീട് ഇന്ത്യൻ തീരത്തേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ.

ഈ സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. തിരുവനന്തപുരം മുതൽ വയനാട് വരെ ഉള്ള 12 ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും സാധാരണ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഷാലിന്‍... ഹോളിവുഡിലേക്കുള്ള പോക്കാണോ; എന്തൊരു മാസ് ലുക്കാണെന്ന് ആരാധകര്‍

അതേസമയം, കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. ബീച്ചിലേക്കുള്ള ഉല്ലാസയാത്രയും കടലിൽ കുളിക്കുന്നതും പൂർണമായും ഒഴിവാക്കണമെന്നും ജാഗ്രതാനിർദേശമുണ്ട്.

അതിനിടെ, മഴ ശക്തിപ്രാപിച്ചേക്കാമെന്ന പ്രവചനത്തെ തുടർന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദ്ദേശങ്ങൾ കഴിഞ്ഞദിവസം പുറപ്പെടുവിച്ചിരുന്നു. കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബി.യുടെ 1912 എന്ന കൺട്രോൾ റൂം നമ്പരിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ അറിയിക്കണം. ഉച്ചക്ക് രണ്ടുമണി മുതൽ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതൽ. ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും, ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. കാറ്റും മഴയുമുണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടില്ല. മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതുയിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം.

ഓല മേഞ്ഞതും ഷീറ്റ് പാകിയതും അടച്ചുറപ്പില്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. അധികൃതർ ആവശ്യപ്പെടുമ്പോൾ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണം. പത്രം,പാൽ വിതരണക്കാരും അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവരും വഴികളിലെ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടമില്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. ഇടിമിന്നൽ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം തുടങ്ങിയവയാണ് നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ.

തുണികളെടുക്കാൻ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. കുട്ടികളെ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാൻ അനുവദിക്കരുത്. ഇടിമിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായമെത്തിക്കണം. ജലാശയത്തിൽ മീൻ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നൽ സമയങ്ങളിൽ വാഹനത്തിനുള്ളിൽ സുരക്ഷിതരായിരിക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ അതിനുള്ളിൽ തുടരണം.സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നൽകിയിട്ടുള്ള ജാഗ്രത നിർദേശത്തിൽ പറയുന്നു.












Click it and Unblock the Notifications