'സതീശന് ലീഗിനെയും തീവ്രവാദ സംഘടനകളെയും പ്രീണിപ്പിച്ചാൽ മാത്രമേ നിലനിൽപ്പുള്ളൂ എന്ന ഭയം'; രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: സ്ത്രീകളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സമസ്‌ത നടത്തിയ പ്രസ്‌താവനയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണയും ലീഗിന് ഉൾപ്പെടെ വിമർശനവുമായി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് രാജീവ് ചന്ദ്രശേഖർ മുസ്ലീം ലീഗിനെതിരെയും മറ്റ് സംഘടനകൾക്ക് എതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചത്.
വിഷയത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണ നൽകുമ്പോൾ പോലും ലീഗിന്റെ തിട്ടൂരത്തിന് വഴങ്ങുന്ന കോൺഗ്രസ് നിലപാടുകളെ അദ്ദേഹം വിമർശിക്കുകയും ചെയ്‌തു. മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നതും സമ്മർദ്ദത്തിലാക്കുന്നതും ഒട്ടും അംഗീകരിക്കാനാവില്ലെന്നും തങ്ങളുടെ കൽപ്പനകളാണ് സംസ്ഥാനം എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് വിശ്വസിക്കുന്ന മുസ്ലിം ലീഗും അതിന്റെ ഘടകങ്ങളുമാണ് അത് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അധികാരത്തിന് വേണ്ടി വർഗീയ ശക്തികളുടെ നിയന്ത്രണത്തിലായ ഒരു നേതൃത്വം കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്ന് ഓരോ കോൺഗ്രസ് പ്രവർത്തകനും ആത്മപരിശോധന നടത്തണമെന്നും മുസ്ലിം ലീഗിനെയും തീവ്രവാദ സംഘടനകളെയും പ്രീണിപ്പിച്ചാൽ മാത്രമേ തന്റെ സർക്കാരിന് നിലനിൽപ്പുള്ളൂ എന്ന ഭയമാണ് ഇതിന് പിന്നിലെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകൾ
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നതും സമ്മർദ്ദത്തിലാക്കുന്നതും ഒട്ടും അംഗീകരിക്കാനാവില്ല. ഭരണഘടനയോ നിയമവാഴ്‌ചയോ അല്ല, മറിച്ച് തങ്ങളുടെ കൽപ്പനകളാണ് സംസ്ഥാനം എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് വിശ്വസിക്കുന്ന മുസ്ലിം ലീഗും അതിന്റെ ഘടകങ്ങളും കേരള മുഖ്യമന്ത്രിയെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് അത്യന്തം ആശങ്കാജനകമാണ്.
സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണച്ചുകൊണ്ട് ലളിതമായ ഒരു പ്രസ്‌താവന നടത്താൻ പോലും ഇന്ന് മുഖ്യമന്ത്രി വിഡി സതീശന് സാധിക്കുന്നില്ല. എന്തുകൊണ്ടാണ് ഇത്? കാരണം, മുസ്ലിം ലീഗിനെയും തീവ്രവാദ സംഘടനകളെയും പ്രീണിപ്പിച്ചാൽ മാത്രമേ തന്റെ സർക്കാരിന് നിലനിൽപ്പുള്ളൂ എന്ന ഭയമാണ് ഇതിന് പിന്നിൽ. ഇത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് പിഎം ശ്രീ, ആയുഷ്‌മാൻ ഭാരത് ഉൾപ്പെടെയുള്ള സുപ്രധാന കേന്ദ്ര പദ്ധതികളിൽ നിന്ന് കേരള സർക്കാർ പിന്മാറുന്നത്. ഇത് സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ തടസ്സം സൃഷ്‌ടിക്കുന്നു.
ഒരു വശത്ത് മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി നിശബ്‌ദനാക്കുമ്പോൾ, മറുവശത്ത് പോലീസ് കേസുകൾ പിൻവലിക്കാൻ ആഭ്യന്തരമന്ത്രിയോട് ആജ്ഞാപിക്കുന്നു. മുഖ്യമന്ത്രി സതീശനോടും കോൺഗ്രസിനോടും ഞങ്ങൾക്ക് കടുത്ത വിയോജിപ്പുണ്ട്. ഒരു ജനാധിപത്യത്തിൽ രാഷ്ട്രീയപരമായ വിയോജിപ്പുകൾ സ്വാഭാവികമാണ്; എന്നാൽ വർഗീയ ശക്തികളുടെ ഭീഷണി അംഗീകരിക്കാനാവില്ല.
അധികാരത്തിന് വേണ്ടി വർഗീയ ശക്തികളുടെ നിയന്ത്രണത്തിലായ ഒരു നേതൃത്വം കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്ന് ഓരോ കോൺഗ്രസ് പ്രവർത്തകനും ആത്മപരിശോധന നടത്തണം. തീവ്രവാദ ആശയങ്ങൾ ഭരണകൂടത്തെ വരുതിയിലാക്കാൻ അനുവദിക്കുന്നത് ഓരോ മലയാളിയുടെയും സുരക്ഷയെ അപകടത്തിലാക്കുന്ന വിനാശകരമായ നീക്കമാണ്.
ഞങ്ങൾ ഈ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നില്ല; ഒപ്പം ഈ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയത്തെ ശക്തമായി എതിർക്കുകയും ചെയ്യുന്നു. കേരള സർക്കാർ മറുപടി പറയേണ്ടത് ഭരണഘടനയോടും ജനങ്ങളോടുമാണ്.
ഒരിക്കലും വോട്ട് ബാങ്ക് രാഷ്ട്രീയത്തോടല്ല.


Click it and Unblock the Notifications
