'എളമരം കരീം എംഎം മണിയാവരുത്, ആ കാര്യം പറയാൻ ഗോവിന്ദൻ മാഷ് എന്താ കണിയാനാണോ?'; രാജ്‌മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തിൽ സിപിഎമ്മിനെ കടുത്ത ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. ആശമാരുടെ സമരത്തെ അപമാനിക്കുന്ന സിപിഎം വടി കൊടുത്ത് അടി വാങ്ങിക്കുകയാണെന്നും എളമരം കരീം എംഎം മണിയായി മാറരുതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വൺഇന്ത്യയോട് പറഞ്ഞു. സിപിഎം സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദൻ സംസാരിക്കുന്നത് ധാർഷ്ട്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
സമരം ചെയ്യാനുള്ള അവകാശം നമുക്ക് എല്ലാവർക്കും ഉണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ സമരം നടത്തിയിട്ടുള്ള പാർട്ടിയാണ് ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്നത്. അവർക്ക് പിന്നെ സമരത്തോട് ഇത്ര അസഹിഷ്‌ണുത എന്താണ്? ഒരിക്കലും അത് പാടില്ല. അവർ അധ്വാനിക്കുന്നവരുടെ പാർട്ടിയാണ്. പക്ഷേ ഇന്ന് അവർക്ക് ഇതിനോട് ഒക്കെ പരാമപുച്ഛമാണ്. ബക്കറ്റ് പിരിവ് തുടങ്ങിയവ അവർക്ക് അതിനോട് പുച്ഛമാണ്.

ഇന്ന് ഈ സമരത്തിനെ പുച്ഛിച്ച നേതാവ് എളമരം കരീം, അദ്ദേഹം ഗ്വാളിയോർ റയോൺസിലെ ജോലിക്കാരൻ ആയിരുന്നു. ഇന്ന് അദ്ദേഹത്തിന് കോടികളാണ് ആസ്‌തി. എവിടെ നിന്നാണ് ഇതൊക്കെ? ജനങ്ങൾ കൊടുത്ത അവസരങ്ങൾ കൊണ്ടല്ലേ. അയാളെ പോലെയൊരാൾ ഒരിക്കലും ഈ സമരത്തെ അപമാനിച്ചു സംസാരിക്കരുത്. ഒരു എംഎം മണിയായി മാറാൻ ഒരിക്കലും എളമരം കരീം തയ്യാറാവാൻ പാടില്ല.
കേന്ദ്രം ചെയ്യേണ്ടത് ആശ വർക്കർമാരെ തൊഴിലാളികളായി പ്രഖ്യാപിക്കുക എന്നതാണ്. അതൊരിക്കലും കേരളത്തിന് ചെയ്യാൻ കഴിയില്ല. കേന്ദ്രത്തിന് മാത്രമേ കഴിയൂ. തൊഴിലാളികൾ ആയി പ്രഖ്യാപിച്ചാൽ പിന്നെ അവർക്ക് ശമ്പളം ആയി. അവർക്ക് ഗ്രാറ്റുവിറ്റിയായി, പിഎഫ് ആയി, പെൻഷൻ വരെ കിട്ടും. അത് കേരളം ആവശ്യപ്പെടണം. ആ കെവി തോമസിന് ലക്ഷങ്ങൾ അല്ലേ ഓണറേറിയം ആയി കൊടുക്കുന്നത്, അയാൾക്ക് അവിടെ എന്താ പണി?
കർണാടകയിൽ സിദ്ധരാമയ്യ ആശാ വർക്കർമാരുടെ സമര പന്തലിൽ പോയി അവരെ നേരിൽ കണ്ടു. സംസ്ഥാന സർക്കാരിന് ചെയ്‌തു കൊടുക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്‌ത് പ്രശ്‌നം അവസാനിപ്പിക്കാമല്ലോ. ഇവിടെ ബിജെപിയുടെ ആളുകൾ കേന്ദ്രം ചിലത് ചെയ്യേണ്ടതുണ്ട് എന്നറിഞ്ഞിട്ടും സമരത്തോട് അനുഭാവം പ്രകടിപ്പിക്കുന്നില്ല.
സഹായം ചെയ്‌തു കൊടുക്കാതെ മലയാള ഭാഷയിൽ ഇല്ലാത്ത അശ്ലീല പാദങ്ങൾ കൊണ്ട് ഈ സഹോദരിമാരെ അപമാനിക്കുന്ന സിപിഎം വടികൊടുത്ത് അടി വാങ്ങുകയാണ്. എംവി ഗോവിന്ദൻ അല്ലാലോ ആരാണ് അടുത്ത തവണ അധികാരത്തിൽ വരുന്നതെന്ന് തീരുമാനിക്കുന്നത്. കേരളത്തിലെ വോട്ടർമാരാണ്. ആര് അധികാരത്തിൽ വരുമെന്ന് പറയാൻ ഇയാളെന്താ കണിയാൻ ആണോ?
ഇയാൾ ഒരു പ്രൈമറി സ്‌കൂളിലെ ഡ്രിൽ മാസ്‌റ്റർ ആണ്, ഈ ഡ്രിൽ പഠിപ്പിക്കുന്ന മാസ്‌റ്റർക്ക് കണിയാന്റെ പണി അറിയാമെന്ന് ഇപ്പോഴാണ് ഞാൻ മനസിലാക്കുന്നത്. ജനങ്ങളുടെ കൈയിൽ ഇരിക്കുന്ന വോട്ട് അടുത്ത തവണ ഞങ്ങൾക്ക് ആണെന്ന് എങ്ങനെയാ പറയുന്നത്. അധികാരത്തിൽ വരാൻ ശ്രമിക്കണം, മൂന്നാമതും അധികാരത്തിൽ വരുമെന്ന് പറയാൻ ഇയാൾ ആരാണ്. ഇതൊക്കെ അഹങ്കാരമാണ് ധിക്കാരമാണ് ദാർഷ്ട്യമാണ്.
കോവിഡ് കാലത്ത് കച്ചവടം നടത്തി കാശുണ്ടാക്കിയ ആളുകളാണ് കേരളം ഭരിക്കുന്നത്. ഈ ആശാ വർക്കർമാരാണ് എൽഡിഎഫിനെ രണ്ടാമതും അധികാരത്തിൽ കൊണ്ട് വന്നത്. മൂന്നാമത് വരാൻ ശ്രമിക്കുന്നവരെ തടയുക അവരായിരിക്കും. കേരളത്തിലെ ജനങ്ങൾ മുഴുവൻ ഈ സർക്കാരിൽ അസ്വസ്ഥരാണ്, അത് തീർച്ചയായും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.












Click it and Unblock the Notifications