രാമക്ഷേത്ര പ്രതിഷ്‌ഠ; ചടങ്ങിലേക്ക് മന്ത്രി ഗണേഷ് കുമാറിനെ ക്ഷണിച്ച് ആർഎസ്എസ് നേതാക്കൾ
കൊല്ലം: അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാറിനെ ക്ഷണിച്ച് ആര്‍എസ്എസ് നേതാക്കള്‍. പ്രാണപ്രതിഷ്ഠാ മഹാസമ്പര്‍ക്കത്തിന്റെ ഭാഗമായി അയോധ്യയില്‍ നിന്നെത്തിച്ച അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും നല്‍കിയാണ് ഇവർ മന്ത്രിയെ ക്ഷണിച്ചത്. രാമക്ഷേത്ര ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിടെയാണ് മന്ത്രിക്ക് ക്ഷണം.
പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് സിസി ശെല്‍വന്‍, കൊല്ലം വിഭാഗം സഹകാര്യ വാഹക് ജയപ്രകാശ്, ബിജെപി അഞ്ചല്‍ മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ്, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് എന്നിവരാണ് കൊട്ടാരക്കര വാളകത്തുള്ള ഗണേഷ് കുമാറിന്റെ വീട്ടിലെത്തി അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിച്ചത്. മുൻകൂട്ടി മന്ത്രിയുടെ അനുവാദം തേടിയ ശേഷമായിരുന്നു ഇവർ എത്തിയത്.

അതേസമയം, രാമക്ഷേത്ര ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട സിപിഎം, ഇടതുമുന്നണി നിലപാട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതുതായി മന്ത്രിസഭയിലേക്ക് എത്തിയ ഗണേഷ് കുമാർ ക്ഷണം സ്വീകരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസിനെ വെട്ടിലാക്കാൻ സിപിഎമ്മിന് കഴിഞ്ഞ സാഹചര്യത്തിൽ.
സിപിഎം പ്രതിനിധി രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാ മത വിശ്വാസങ്ങളെയും സിപിഎം ബഹുമാനിക്കുന്നു. എന്നാല്‍ രാമക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും അത് ശരിയല്ലെന്നും ബിജെപിയെ പരോക്ഷമായി സൂചിപ്പിച്ച് കൊണ്ട് മുതിർന്ന നേതാവ് വൃന്ദ കാരാട്ട് പ്രതികരിച്ചിരുന്നു.
എന്നാൽ കോൺഗ്രസ് ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് ഇതുവരെയും അറിയിച്ചിട്ടില്ല. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ താന്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് അറിയിച്ചത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെയും ചടങ്ങിലേക്ക് രാമക്ഷേത്ര ട്രസ്‌റ്റ് ക്ഷണിച്ചിട്ടുണ്ട്. ഇവരുടെ സാന്നിധ്യം ഇപ്പോഴും ചോദ്യ ചിഹ്നമാണ്.
അതേസമയം, ജനുവരി 22ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും 6000-ത്തിലധികം വിശിഷ്ട വ്യക്തികളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ സിനിമാ-കായിക-സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ, കേരളത്തിൽ നിന്ന് മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, നടന്മാരായ രജനികാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അരുൺ ഗോവിൽ എന്നിവരെ ഉൾപ്പെടെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയ്ക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications