കെ റെയിൽ പദ്ധതി ആർക്കുവേണ്ടിയാണ്? എന്തിനുവേണ്ടിയാണ്? സർക്കാരിനോട് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കെ റെയിൽ പദ്ധതി അഴിമതി ആണെന്ന് ആരോപിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ റെയിൽ പദ്ധതി ആർക്കുവേണ്ടിയാണ് എന്ന് ചെന്നിത്തല ചോദിച്ചു. വിദേശ വായ്പ കമ്പനികളുടെ താൽപര്യം നടപ്പാക്കാൻ വേണ്ടിയാണ് സിപിഎം സർക്കാർ സിൽവർ ലൈൻ പദ്ധതി കൊണ്ടുവരുന്നത് എന്നും ഇതിനു പിന്നിൽ ഗുരുതരമായ കമ്മീഷൻ ഉണ്ട് എന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
രമേശ് ചെന്നിത്തലയുടെ പ്രതികരണം: '' കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ ഒരു ചെറുത്തുനിൽപ്പിൻ്റെ പാതയിൽ കൂടി മുന്നോട്ടു പോകുകയാണ്. കെ റയിൽ എന്ന അപ്രായോഗിക പദ്ധതി വഴി വീടുകൾ നഷ്ടപ്പെടുന്ന ജനങ്ങളുടെ വിലാപങ്ങൾ കേൾക്കാൻ കഴിയാത്ത ഒരു സർക്കാരായി ഈ സർക്കാർ മാറിയിരിക്കുകയാണ്. സിപിഎമ്മിന് സമരങ്ങളോട് തോന്നിത്തുടങ്ങിയ പുച്ഛം കണ്ട് അവരോട് എനിക്ക് സഹതാപം മാത്രം ഉണ്ടാക്കുകയാണ്. സ്ഥലം ഏറ്റെടുക്കുന്നതു വഴി നഷ്ടപ്പെടുന്ന ജീവിതം ഉയർത്തിപ്പിടിച്ച് ജനങ്ങൾ സമരം ചെയ്യുമ്പോൾ അവരെ അവഹേളിക്കരുത്. ഈ സമരം കണ്ടില്ല എന്ന് സർക്കാർ നടിക്കുകയാണ്.

കെ റെയിൽ പദ്ധതി ആർക്കുവേണ്ടിയാണ്? എന്തിനുവേണ്ടിയാണ്? എന്ന് സർക്കാർ വിശദീകരിക്കണം. ഇപ്പോൾ നിലവിലുള്ള റെയിൽവേ പാതയുടെ വളവുകൾ നേരെയാക്കി ഓട്ടോമേറ്റഡ് സിഗ്നൽ കൂടി വന്നു കഴിഞ്ഞാൽ നമുക്ക് അ കാസർഗോഡ് 5 മണിക്കൂർ കൊണ്ട് എത്തുവാൻ കഴിയും. എന്നിട്ടും ആയിരക്കണക്കിന് ജനങ്ങളെ വഴിയാധാരമാക്കുന്ന ഈ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് സർക്കാർ വാശി പിടിക്കുകയാണ്. സർക്കാറിനെ പിന്തുണച്ചിരുന്ന ഇടതുപക്ഷ സഹയാത്രികൾ എല്ലാം ഈ പദ്ധതി എതിർക്കുന്നു, ശാസ്ത്ര സാഹിത്യ പരിഷത്ത് ഇതിനെ എതിർക്കുന്നു. കേരളം ഒറ്റക്കെട്ടായി ഈ പദ്ധതിയെ എതിർക്കുകയാണ്.
ഈ പദ്ധതിയുടെ ഡി.പി.ആർ പോലും ഞങ്ങൾക്ക് നൽകുവാൻ സർക്കാർ വിസമ്മതിച്ചിരുന്നു. ഞങ്ങൾ വികസനത്തിന് എതിരല്ല. കേരളത്തിലെ വൻകിട പദ്ധതികളിൽ എല്ലാം യുഡിഎഫി ൻ്റെ കയ്യൊപ്പ് ഉണ്ടാവും. ഈ സിൽവർ ലൈൻ പദ്ധതിക്ക് ആവശ്യമുള്ള തുക എത്രയാണ് എന്ന ആശയക്കുഴപ്പം പോലും ഇതുവരെ മാറിയിട്ടില്ല. രണ്ട് ലക്ഷം കോടി ചെലവ് വരും എന്നാണ് കണക്കുകൾ പറയുന്നത്. ഇത്രയധികം ചിലവ് ചെയ്ത് ഒരു പദ്ധതി നടപ്പാക്കുന്നത് ആർക്ക് ഉപയോഗപ്പെടുത്താൻ വേണ്ടിയാണ്? ശ്രീ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി ഇരുന്ന കാലത്ത് യുഡിഎഫ് സർക്കാർ കൊണ്ടുവന്ന റെയിൽവേ പദ്ധതി ഇതിലും കുറഞ്ഞ ചെലവിൽ നടപ്പാക്കാൻ കഴിയുന്നത് ആയിരുന്നു.
സർക്കാർ സ്റ്റാൻഡേർഡ് ഗേജിൻ്റെ പേരും പറഞ്ഞ് ഈ പദ്ധതി ന്യായീകരിക്കുകയാണ്. ഇന്ന് ലോകത്ത് ചൈനയിലും ചില യൂറോപ്യൻ രാജ്യങ്ങളിൽ മാത്രമാണ് സ്റ്റാൻഡേർഡ് ഗേജ് ഉപയോഗിക്കുന്നത്. ഈ സർക്കാറിന് ലോൺ തരാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിക്ക് ആവശ്യമില്ലാത്ത ഉപകരണങ്ങൾ കേരളത്തിൽ കൊണ്ട് ഇറക്കുവാൻ വേണ്ടിയാണ് സ്റ്റാൻഡേർഡ് ഗേജ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്. മറ്റു രാജ്യങ്ങളിൽ ബ്രോഡ് ഗേജ് വഴി തന്നെയാണ് 400 കിലോമീറ്റർ വേഗത്തിൽ ചീറി പായുന്നത്. ചരടുകൾ ഉള്ള ഒരു വിദേശ വായ്പ തന്നെയാണെന്ന് ഇത്.
വിദേശ വായ്പ കമ്പനികളുടെ താൽപര്യം നടപ്പാക്കാൻ വേണ്ടിയാണ് സിപിഎം സർക്കാർ ഈ സിൽവർ ലൈൻ പദ്ധതി കൊണ്ടുവരുന്നത്. ഞാൻ ആവർത്തിച്ചു പറയുകയാണ് ഇതിനു പിന്നിൽ വൻ അഴിമതി ഉണ്ട്. ഇതിനു പിന്നിൽ ഗുരുതരമായ കമ്മീഷൻ ഉണ്ട്. അതു കൊണ്ടാണ് സിപിഎം സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. കേന്ദ്ര സർക്കാരിൻ്റെ അനുമതിയില്ലാതെ റെയിൽവേയുടെ അനുമതിയില്ലാതെ അനാവശ്യമായ ഒരു പദ്ധതി കേരള സർക്കാർ നടപ്പാക്കുമെന്ന് വാശി പിടിക്കുകയാണ്.
ജനങ്ങളുടെ ബുദ്ധിമുട്ടുകളും പരിസ്ഥിതി പ്രശ്നങ്ങളും വകവയ്ക്കാതെ ഈ പദ്ധതി അടിച്ചേൽപ്പിക്കും എന്ന് പറയുന്ന സിപിഎം സർക്കാരിനോട് എനിക്ക് ഒന്നേ ഓർമിപ്പിക്കാൻ ഉള്ളൂ. വെസ്റ്റ് ബംഗാൾ ഭരിച്ചിരുന്ന നിങ്ങളുടെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ നന്ദിഗ്രാമിലും ഇതേ നിലപാടാണ് എടുത്തത്. അത് കാരണം ബംഗാളിൽ നിന്നും സിപിഎം തുടച്ചു മാറ്റപ്പെട്ടു. അതുപോലെ ഈ കെ റെയിൽ പദ്ധതി നിങ്ങൾ അടിച്ചേൽപ്പിക്കുന്നത് വഴി കേരളത്തിൽ നിന്നും സിപിഎം തുടച്ചു മാറ്റപ്പെടും.












Click it and Unblock the Notifications