ലോകായുക്ത വിധി പുറത്തുവന്നാൽ സർക്കാർ വീഴുമെന്ന് എന്ന് കോടിയേരി സമ്മതിച്ചിരിക്കുന്നു;ചെന്നിത്തല
തിരുവനന്തപുരം; ലോകായുക്ത വിധിക്കെതിരെ അപ്പീൽ ചെയ്യാൻ വകുപ്പ് ഇല്ലാത്തതു കൊണ്ട് ഇപ്പോഴത്തെ നിയമം അനുസരിച്ച് ലോകായുക്ത തീരുമാനിച്ചാൽ ഒരു സർക്കാരിനെ തന്നെ ഇല്ലാതാക്കാൻ കഴിയും എന്ന സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ പ്രതികരണം സിപിഎമ്മിന്റെ ഭയം വെളിപ്പെടുത്തുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ലോകായുക്ത വിധി പുറത്തുവന്നാൽ സർക്കാർ തന്നെ വീഴുമെന്ന് എന്ന് കോടിയേരി ബാലകൃഷ്ണൻ സമ്മതിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ. ബിന്ദുവിനും എതിരെയുള്ള ഹർജികളിൽ വിധിയെ ഭയന്നാണ് നിയമഭേദഗതികൾക്ക് തിരക്കിട്ട നീക്കം എന്ന് ഇത് തെളിയിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

വിധിയെ ഭയന്നാണ് നിയമസഭ കൂടുന്നതിന് പോലും കാത്തിരിക്കാതെ ഭേദഗതി കൊണ്ടുവന്നത്.
എൽ.ഡി.എഫ് ഘടകകക്ഷിയായ സി.പി.ഐ സംസ്ഥാന സെക്രട്ടറി ശ്രീ കാനം രാജേന്ദ്രൻ ഓർഡിനൻസിന് എതിരെ നടത്തിയ പരാമർശം ഇന്നലെ ഞാൻ പറഞ്ഞ കാര്യങ്ങൾ ശരി വെച്ചിരിക്കുകയാണ്. ഘടക കക്ഷികളോട് പോലും ആലോചിക്കാതെയാണ് ഈ ഓർഡിനൻസ് കൊണ്ടുവരുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ലോകായുക്ത നിയമഭേദഗതിയിൽ നിയമവിരുദ്ധമായി ഒന്നുമില്ല നടപടി നിയമാനുസൃതമാണെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. ലോകായുക്തയിലെ സെക്ഷൻ 14 ലാണ് ചട്ടലംഘനം നടത്തിയാൽ പദവിയിൽ നിന്നും പുറത്താക്കാൻ അധികാരികൾ നിർബന്ധിതരാകുന്നത്. അതിനുമുകളിൽ അപ്പീൽ അധികാരമില്ലെന്നതാണ് പ്രശ്‌നം. അപ്പീൽ അധികാരമില്ലാത്ത വകുപ്പ് നൽകിയത് ഭരണഘടനയുടെ 164 അനുഛേദത്തിന് വിരുദ്ധമാണെന്നാണ് അഡ്വക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചതും ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ചതെന്നും കോടിയേരി പറഞ്ഞിരുന്നു.
കേരളത്തിൽ ലോകായുക്ത നിയമം എൽഡിഎഫ് സർക്കാരാണ് കൊണ്ടുവന്നത്. അതിന് ശേഷമാണ് കേന്ദ്രത്തിൽ ലോക്‌പാൽ നിയമം നിലവിൽ വന്നത്. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇപ്പോൾ ലോകായുക്ത നിലവിലുണ്ട്. ലോക്‌പാലും വിവിധ സംസ്ഥാനങ്ങളിലെ ലോകായുക്ത നിയമങ്ങളും പരിശോധിച്ച ശേഷമാണ് ഇവിടത്തെ നിയമത്തിൽ ഭേദഗതി വേണമെന്ന് 2021 ഏപ്രിൽ 13ന് അന്നത്തെ എജി നിയമോപദേശം നൽകിയത്. പരിശോധിച്ചപ്പോൾ അതിൽ പ്രസക്തിയുണ്ടെന്ന് കണ്ടെത്തി.
സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നപ്പോൾ പ്രതിപക്ഷ നേതാവുമായി കൂടിയാലോചിച്ചില്ലെന്ന ഒരു വാദം ഉയർന്നിട്ടുണ്ട്. അങ്ങനെയൊരു നടപടിക്രമമില്ല. നിയമസഭ സമ്മേളനമില്ലാത്ത സമയത്ത് ഓർഡിനൻസ് തയ്യാറാക്കി ഗവർണർക്ക് സമർപ്പിക്കാൻ ഗവൺമെന്റിന് അവകാശമുണ്ട്. ലോകായുക്തയെ നിശ്ചയിക്കുന്ന സമയത്ത് മാത്രമാണ് പ്രതിപക്ഷ നേതാവുമായി ആലോചിക്കേണ്ടതെന്നായിരുന്നു കോടിയേരിയുടെ വാക്കുകൾ.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ












Click it and Unblock the Notifications