'രക്തസാക്ഷിയാകാനും തയ്യാർ...'; ക്രൈസ്‌തവർ ബിജെപിയെ രക്ഷകരായി കണ്ടുവെന്ന് വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: ന്യൂനപക്ഷ പ്രീണനവുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ ഉറച്ച് നിന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും താൻ തയ്യാറാണെന്നാണ് വെള്ളാപ്പള്ളി തന്റെ നിലപാട് അറിയിച്ചത്.
എസ്എന്‍ഡിപി യോഗത്തിന്റെ മുഖമാസികയായ യോഗനാദത്തിൽ എഴുതിയ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി നടേശൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇടതു-വലതു മുന്നണികള്‍ അതിരുവിട്ട മുസ്‌ലിം പ്രീണനം നടത്തുകയാണെന്ന ആരോപണം വെള്ളാപ്പള്ളി ആവർത്തിച്ചു. തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിച്ചത് ക്രിസ്‌ത്യാനികളാണെന്നും വെള്ളാപ്പള്ളി ലേഖനത്തിൽ പറയുന്നു.

മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് എല്‍ഡിഎഫും യുഡിഎഫും രണ്ടു മുസ്ലിങ്ങളെയും ഒരു ക്രിസ്ത്യാനിയെയും നാമനിര്‍ദേശം ചെയ്‌ത കാര്യം താന്‍ വിളിച്ചു പറഞ്ഞതിനെ പാതകമായി ചിത്രീകരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്പോഴും ഇരുമുന്നണികളുടെയും മുൻഗണന മതത്തിനാണെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.
മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് തൃശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചത്. അപ്രിയ സത്യങ്ങള്‍ പറയുന്നവരെ വെല്ലുവിളിച്ചാല്‍ വിലപ്പോവില്ല. തിണ്ണമിടുക്ക് കാണിച്ച് ഭയപ്പെടുത്താന്‍ നോക്കിയാല്‍ കീഴടങ്ങില്ലെന്നും വെള്ളാപ്പള്ളി പറയുന്നു.
മറ്റുമതസ്ഥരിലെ മനസുകളിലെ മാറ്റം തിരിച്ചറിഞ്ഞ് നിലപാടുകള്‍ പരിഷ്‌കരിക്കാന്‍ മുസ്‌ലീം ലീഗിന്റെയും മുസ്‌ലീം സമുദായങ്ങളുടെയും നേതൃത്വം ഇനിയെങ്കിലും ചിന്തിക്കണം. തനിക്കെതിരെ കേസെടുക്കണമെന്നും ജയിലില്‍ അടയ്ക്കണമെന്നും പറഞ്ഞ മുസ്ലിം നേതാക്കള്‍ സ്വന്തം മതക്കാരുടെ അനീതികള്‍ക്കെതിരെ സൗമ്യ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു.
എറണാകുളത്ത് കെജെ ഷൈനിനെയും മലപ്പുറത്ത് വസീഫിനെയും കോട്ടയത്ത് ചാഴികാടനെയും എല്‍ഡിഎഫ് മത്സരിപ്പിച്ചു. ഹിന്ദുഭൂരിപക്ഷമുള്ള ആലപ്പുഴയില്‍ ആരിഫിനെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ മാത്രമാണ് ഇടതുപക്ഷത്തിന് മതേതരത്വമെന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു.
ഇരുമുന്നണികളുടെയും മുസ്ലിം പ്രീണനവും മുസ്ലിം ലീഗിന്റെയും കുറേ സംഘടനകളുടെയും അഹങ്കാരവും കടന്നുകയറ്റവും ക്രൈസ്‌തവർ ബിജെപിയെ രക്ഷകരായി കാണാൻ കാരണമായെന്നും വെള്ളാപ്പള്ളി നിരീക്ഷിച്ചു. കേരളത്തിലെ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന അസമത്വം മാനസിലാക്കാൻ സാമ്പത്തിക സര്‍വേ നടത്തണമെന്ന ആവശ്യവും വെള്ളാപ്പള്ളി ലേഖനത്തിലൂടെ മുന്നോട്ട് വച്ചു.
നേരത്തെ കേരളത്തിലെ ന്യൂനപക്ഷ വോട്ട് യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാനുള്ള ആവേശത്തില്‍ എല്‍ഡിഎഫ് പിന്നാക്കവിഭാഗങ്ങളെ അവഗണിച്ചെന്ന് വെള്ളാപ്പള്ളി കേരള കൗമുദിയിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യസഭാ സീറ്റുകള്‍ വീതം വെച്ചതില്‍ എല്‍ഡിഎഫും യുഡിഎഫും ന്യൂനപക്ഷ പ്രീണനം നടത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് പുതിയ ലേഖനം പുറത്തുവന്നിരിക്കുന്നത്.












Click it and Unblock the Notifications