കുടിച്ച് കുടിച്ച് മതിയാവാതെ മലയാളി; കഴിഞ്ഞ സാമ്പത്തിക വർഷം മദ്യത്തിന് ചിലവഴിച്ചത് 19,088 കോടി രൂപ
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് മദ്യവില്‍പന നടന്നുവെന്ന് വ്യക്തമാക്കി കണക്കുകൾ പുറത്ത്. 19,088.68 കോടിയുടെ മദ്യവില്‍പനയാണ് സംസ്ഥാനത്ത് 2023-24ൽ നടന്നത്. 2022-23ല്‍ ഇത് 18,510.98 കോടി ആയിരുന്ന സ്ഥാനത്താണ് ഈ വർധനവ് ഉണ്ടായിരിക്കുന്നത്. മദ്യവില്‍പ്പനയിലെ നികുതി വഴി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത് 16,609.63 കോടി രൂപയാണെന്ന് കണക്കുകൾ പറയുന്നു.
2022-23ല്‍ ഇത് 16,189.55 കോടി രൂപയായിരുന്ന സ്ഥാനത്താണ് 400 കോടിയിൽ അധികം നികുതി വരുമാനത്തിൽ വർധനവ് ഉണ്ടായിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വില്‍പന നടത്തുന്ന മദ്യങ്ങളില്‍ 80 ശതമാനവും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നതാണ്. എന്നാൽ ഇവിടെ ഉത്പാദിപ്പിക്കുന്നത് കേവലം 20 ശതമാനം മാത്രമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഫെസ്‌റ്റിവൽ സീസണുകളിലാണ് കേരളത്തിലെ മദ്യ വിൽപ്പന കുതിച്ചുയരുന്നത്. ഇത്തരം കാലയളവുകളിൽ നടക്കുന്ന വിൽപ്പന കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഓണം, വിഷു, ക്രിസ്‌തുമസ്, ന്യൂയർ തുടങ്ങിയ ആഘോഷരാവുകളിൽ എല്ലാം ഹരം പകരാൻ മദ്യം തന്നെയാണ് പ്രധാനമായും ഒഴുകുന്നതെന്ന് കണക്കുകൾ നോക്കിയാൽ നമുക്ക് മനസിലാക്കാം.
ബിവറേജസ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 277 റീട്ടേയ്ല്‍ ഔട്ട്‌ലെറ്റുകള്‍ വഴിയാണ് സംസ്ഥാനത്തെ മദ്യവില്‍പന നടക്കുന്നത്. ഇതിന് പുറമെ കണ്‍സ്യൂമര്‍ ഫെഡിന് കീഴില്‍ 39 ഔട്ട്‌ലെറ്റുകളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത 3.34 കോടി ജനങ്ങളില്‍ 29.8 ലക്ഷം പുരുഷന്‍മാരും 3.1 ലക്ഷം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നതായാണ് ചില കണക്കുകൾ വ്യക്തമാക്കുന്നത്.
ഇതിൽ തന്നെ പ്രതിദിനം അഞ്ച് ലക്ഷത്തോളം ആളുകള്‍ മദ്യം ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മേൽപറഞ്ഞ ആഘോഷ ദിവസങ്ങളിൽ ഇതിന്റെ എണ്ണം കുത്തനെ ഉയരുകയാണ് പതിവ്. ഇടക്കാലത്ത് ഒന്നിലധികം തവണ മദ്യത്തിന് വില കൂട്ടിയതും ഇപ്പോഴത്തെ വിൽപ്പന കണക്കുകൾ പതിഫലിക്കാൻ സാധ്യതയുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഈ സാമ്പത്തിക വർഷത്തിലെ പ്രധാന വിൽപ്പന ദിവസങ്ങളായ ക്രിസ്‌മസ്-പുതുവത്സര മദ്യവിൽപനയിൽ റെക്കോർഡ് ഇട്ടിരുന്നു. ഈ വർഷം ആകെ വിറ്റത് 543 കോടി രൂപയുടെ മദ്യമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആഘോഷ വേളകളിൽ വൻ തുകയ്ക്ക് മദ്യം കഴിക്കുന്ന മലയാളിയുടെ ശീലത്തിന് ഇക്കുറിയും മാറ്റം വന്നിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications