ബെംഗളൂരു മലയാളികൾക്ക് ആശ്വാസം; കേരളത്തിലേക്കുള്ള എട്ട് സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി
ബെംഗളൂരു: മലയാളികൾക്ക് ആശ്വാസ വാർത്തയുമായി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള എട്ട് പ്രത്യേക ട്രെയിനുകളുടെ സർവീസ് കൂടി നീട്ടി റെയിൽവേ. ഒക്ടോബർ ആദ്യത്തോടെ അവസാനിക്കേണ്ടിയിരുന്ന സർവീസുകളാണ് നവംബർ അവസാനം വരെ നീട്ടിയത്. ബെംഗളൂരു-കൊല്ലം, ബെംഗളൂരു-തിരുവനന്തപുരം റൂട്ടുകളിലോടുന്ന പ്രത്യേക ട്രെയിനുകളുടെ സർവീസുകളാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്.
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ സർവീസുകൾ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് റെയിൽവേയുടെ പുതിയ തീരുമാനമെന്നതാണ് ശ്രദ്ധേയമായ കാര്യം. ബെംഗളൂരുവിൽ കഴിയുന്ന മലയാളികൾക്ക് ഏറെ പ്രയോജനപ്പെടുന്ന സർവീസുകളാണിവ. എട്ട് ട്രെയിനുകളിലായി ആകെ 72 അധിക സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നവംബർ അവസാനം വരെ സർവീസ് തുടരുന്നതോടെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമാകും. പ്രത്യേകിച്ച് വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും കേരളത്തിലേക്കുള്ള ട്രെയിനുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഈ അധിക സർവീസുകൾ കൂടുതൽ യാത്രക്കാർക്ക് പ്രയോജനപ്പെടും.
ഇതോടെ ദീപാവലി, പൂജ അവധികാലത്ത് കൂടുതൽ മലയാളികൾക്ക് നാട്ടിലേക്ക് വരാൻ ഈ സർവീസുകൾ പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്. സാധാരണയായി ഈ സമയം ട്രെയിൻ ടിക്കറ്റുകൾ ഏറെ മുൻകൂട്ടി ബുക്ക് ചെയ്യാൻ ശ്രമിച്ചാലും കിട്ടാറില്ല. കൂടാതെ ബസുകളിലും അമിത നിരക്കാണ് ഉണ്ടാവാറുള്ളത്. നിലവിൽ സർവീസ് നീട്ടിയിരിക്കുന്ന ട്രെയിനുകൾ ഏതൊക്കെയെന്ന് നോക്കാം.
ഹുബ്ബള്ളി-കൊല്ലം പ്രത്യേക ട്രെയിൻ 07313 ഞായറാഴ്‌ചകളിലും കൊല്ലം-ഹുബ്ബള്ളി 07314 തിങ്കളാഴ്‌ചകളിലുമാണ് സർവീസ് നടത്തുന്നത്. ഇവ യഥാക്രമം ഒക്ടോബർ 4 മുതൽ നവംബർ 29 വരെയും ഒക്ടോബർ 5 മുതൽ നവംബർ 30 വരെയും നീട്ടിയിട്ടുണ്ട്. ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11 മണിയോടെ എസ്എംവിടി ബെംഗളൂരുവിലെത്തുകയും പിറ്റേന്ന് രാത്രി 12.55ന് കൊല്ലത്തെത്തുകയും ചെയ്യും.
മടക്ക ട്രെയിൻ കൊല്ലത്ത് നിന്ന് വൈകീട്ട് 5 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9 മണിയോടെ ബെംഗളൂരുവിലെത്തും. എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് പ്രത്യേക ട്രെയിനുകളുടെ 06523, 06547, 06555 നമ്പർ സർവീസുകളും അവയുടെ മടക്ക സർവീസുകളായ 06524, 06548, 06556 എന്നിവയും വിവിധ ദിവസങ്ങളിലായി നവംബർ അവസാനം വരെ തുടരും.
ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വൈകീട്ട് 7.25നും രാത്രി 10നും പുറപ്പെടുന്ന സർവീസുകളുണ്ട്. മടക്ക സർവീസുകൾ തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് 2.15നും 3.15നും പുറപ്പെടും. കേരളത്തിലേക്കുള്ള സ്ഥിരം ട്രെയിനുകളിൽ തിരക്ക് തുടരുന്ന സാഹചര്യത്തിൽ ഈ അധിക സർവീസുകൾ ബെംഗളൂരു മലയാളികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications
