കേരളത്തിന് ആശ്വാസം; സംസ്ഥാനത്ത് മഴ കുറയുന്നു, ഇന്നും നാളെയും പ്രത്യേക മുന്നറിയിപ്പുകളില്ല
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ മഴ സാഹചര്യത്തിൽ ആശ്വാസം. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരാനാണ് സാധ്യതയെങ്കിലും ഇന്നും നാളെയും പ്രത്യേക അലർട്ടുകൾ ഒന്നും നൽകിയിട്ടില്ല എന്നതാണ് പ്രത്യേകത. സെപ്റ്റംബർ ആറ്, ഏഴ് തീയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക അലർട്ടുകൾ നൽകിയിട്ടില്ലെങ്കിലും എട്ട്, ഒൻപത് തീയതികളിൽ പ്രത്യേക മഴ മുന്നറിയിപ്പ് ചില ജില്ലകളിൽ നൽകിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ മഴ ഭീതി പൂർണമായി ഒഴിഞ്ഞുവെന്ന് പറയാൻ കഴിയില്ല. എന്നാൽ പ്രത്യേക മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്. എട്ടാം തീയതി കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, ഒൻപതിന് വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്നലെ കോഴിക്കോട് ജില്ലയിൽ ഉൾപ്പെടെ വിവിധ മേഖലകളിൽ രാത്രിയോടെ ശക്തമായ മഴ പെയ്‌തിരുന്നു.
നിലവിലെ കേരള തീർത്ത് ഉൾപ്പെടെ മത്സ്യബന്ധത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. എങ്കിലും തെക്കൻ ബംഗാൾ ഉൾക്കടലിന്റെയും മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം, തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന് മുകളിൽ സ്ഥിതി ചെയ്‌തിരുന്ന ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലേക്ക് ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു കഴിഞ്ഞു. രാജസ്ഥാന് മുകളിൽ സ്ഥിതി ചെയ്‌തിരുന്ന ന്യൂന മർദ്ദം ചക്രവാതച്ചുഴിയായി ശക്തി കുറയുകയും ചെയ്‌ത സാഹചര്യത്തിലാണ് മഴയിൽ കുറവ് വരുന്നതെന്നാണ് സൂചന.
കേരളത്തിലെ മഴ സാഹചര്യം കുറയുകയാണെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം നദികളിലും ജലനിരപ്പ് താഴ്‌ന്നിട്ടുണ്ട്. കാസർഗോട്ടെ പയസ്വിനി പുഴ, ചന്ദ്രഗിരിപ്പുഴ; തൃശൂരിലെ ഗായത്രി പുഴ, കീച്ചേരി; ഇടുക്കിയിലെ തൊടുപുഴ എന്നീ നദികളിൽ മാത്രമാണ് ജലനിരപ്പ് ഉയർന്നതെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.












Click it and Unblock the Notifications