കൊച്ചിക്കാർക്ക് ആശ്വാസം, ഒടുവിൽ കണ്ടെയ്‌നർ റോഡിന് ഇരുട്ടിൽ നിന്ന് മോചനം; 40 ലക്ഷത്തിന് സമ്മതം മൂളി കെഎസ്ഇബി
കൊച്ചി: ഒരു പതിറ്റാണ്ടിലേറെയായി ഇരുട്ടിലായിരുന്ന കണ്ടെയ്‌നർ ടെർമിനൽ റോഡ് (ദേശീയപാത 966എ) ഉടൻ വെളിച്ചത്തിലേക്ക് വരുന്നതിന്റെ ആശ്വാസത്തിലാണ് കൊച്ചിക്കാർ. കളമശ്ശേരിയെ വല്ലാർപാടത്തെ അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലുമായി ബന്ധിപ്പിക്കുന്ന ഈ പാതയിലെ വഴിവിളക്കുകൾക്ക് വൈദ്യുതി നൽകുന്നതിലെ തർക്കങ്ങൾ അവസാനിച്ചതോടെയാണ് ഇപ്പോൾ ഈ പാതയിലെ സ്ഥിരം യാത്രക്കാർക്ക് ആശ്വാസമായിരിക്കുന്നത്.
1.05 കോടി രൂപയുടെ എസ്‌റ്റിമേറ്റ് 40 ലക്ഷം രൂപയായി കുറയ്ക്കാൻ കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) സമ്മതം മൂളിയതോടെയാണ് പ്രതിസന്ധിക്ക് അയവ് വന്നിരിക്കുന്നത്. കെഎസ്ഇബി പുതുക്കിയ എസ്‌റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. രണ്ട് ട്രാൻസ്ഫോർമറുകൾ കൂടി സ്ഥാപിക്കുന്നതോടെ വഴിവിളക്കുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കും; എന്നാണ് ഒരു മുതിർന്ന എൻഎച്ച്എഐ ഉദ്യോഗസ്ഥൻ അറിയിച്ചത്.

തുക സംബന്ധിച്ച പ്രശ്‌നം രമ്യമായി പരിഹരിച്ചുവെന്നും എൻഎച്ച്എഐ അംഗീകാരപത്രം നൽകിയാലുടൻ വൈദ്യുതി നൽകുമെന്നും ഒരു മുതിർന്ന കെഎസ്ഇബി ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്. ലോഡ് ക്രമീകരിക്കാൻ രണ്ട് 100 കെവിഎ ട്രാൻസ്ഫോർമറുകളും ഒരു 160 കെവിഎ ട്രാൻസ്ഫോർമറും ഇവിടെ ഒരുക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
2015-ൽ പ്രവർത്തനക്ഷമമായ 17.2 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത, വഴിവിളക്കില്ലാത്തതിനാൽ പിന്നീട് ഒരു മരണക്കെണിയായി മാറിയിരുന്നു. 2016നും 2021നും ഇടയിൽ 15 പേർക്കാണ് ഇവിടെ അപകടങ്ങളിൽ ജീവൻ നഷ്‍ടമായത്. പാലങ്ങളിലും കലുങ്കുകളിലും മതിയായ വെളിച്ചമില്ലാത്തത് പ്രധാന അപകടകാരണമായി മാറുന്നുണ്ട്. നിർത്തിയിട്ടിരുന്ന ട്രക്കുകളുടെ പിന്നിൽ ചെറിയ വാഹനങ്ങൾ ഇടിച്ചായിരുന്നു മിക്ക അപകടങ്ങളും നടന്നത്.
ദിവസേന 35,000-ത്തിലധികം പാസഞ്ചർ കാർ യൂണിറ്റുകളും 1,500-ലധികം ഭാരം വഹിക്കുന്ന വാഹനങ്ങളും ഈ പാത ഉപയോഗിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടിയ ലോജിസ്‌റ്റിക്‌സ് ട്രാഫിക്കും ആവശ്യമായ ബേ സൗകര്യങ്ങളുടെ അഭാവവും പാതയെ കൂടുതൽ അപകടകമുള്ള ഇടമാക്കിയിരുന്നു. 2024ൽ പാതയുടെ ആധുനികവൽക്കരണത്തിന് 100 കോടി രൂപയുടെ പദ്ധതി തുടങ്ങിയിരുന്നെങ്കിലും ഇതൊന്നും നടപ്പിലായിരുന്നില്ല.
അന്ന് 1100-ലധികം എൽഇഡി വിളക്കുകൾ 2025 ഏപ്രിലിൽ സ്ഥാപിച്ചിരുന്നെങ്കിലും വൈദ്യുതി ലഭിച്ചിരുന്നില്ല. ഇതോടെ ഈ വഴിയുള്ള യാത്ര ഇരുട്ടിലായിരുന്നു. രണ്ട് അധിക ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുന്നതിന്റെയും അതിന്റെ ചിലവിന്റെയും തർക്കമായിരുന്നുഇവിടെ വൈദ്യുതി എത്തിക്കുന്നതിൽ തടസമായി നിന്നിരുന്നത്.
കെഎസ്ഇബിയുടെ ഉയർന്ന സാമ്പത്തിക ആവശ്യങ്ങളാണ് തിരിച്ചടിയായത്. ഒരു ട്രാൻസ്ഫോർമറിന് സാധാരണയുള്ള 8 ലക്ഷം രൂപ എൻഎച്ച്എഐ നൽകാമെന്ന് പറഞ്ഞപ്പോൾ, കെഎസ്ഇബി 1.05 കോടി രൂപയാണ് ആവശ്യപ്പെട്ടത്. കെഎസ്ഇബി വൈപ്പിൻ ഡിവിഷൻ ആദ്യം 18.01 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഈ തുക കാരണമുള്ള തർക്കമാണ് ഇതുവരെ വൈകിച്ചത്.












Click it and Unblock the Notifications