ഫോർട്ട് കൊച്ചി വൈപ്പിൻ റൂട്ടിലെ യാത്രക്കാർക്ക് ആശ്വാസം; സേതു സാഗർ 3 ഉടൻ സർവീസ് ആരംഭിക്കും

കൊച്ചി: ഫോർട്ട് കൊച്ചി വൈപ്പിൻ റൂട്ടിലെ യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി മൂന്നാമത്തെ റോ റോ ഷിപ്പായ സേതു സാഗർ 3 അടുത്ത ആഴ്‌ച മുതൽ സർവീസ് നടത്താൻ ഒരുങ്ങി കൊച്ചി കോർപറേഷൻ. നിലവിലുള്ള സർവീസുകൾ തുടർച്ചയായി തടസപ്പെടുന്നതും യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് പുതിയ നീക്കം. ജൂൺ 22ന് ഉദ്ഘാടനം ചെയ്‌ത ഷിപ്പ് മൂന്ന് മാസത്തിലേറെയായി സർവീസ് ആരംഭിക്കാതെ കായലിൽ കിടക്കുകയായിരുന്നു.

പുതിയ ഷിപ്പ് സർവീസിനെത്തുന്നതോടെ ഫോർട്ട് കൊച്ചി വൈപ്പിൻ റൂട്ടിലെ യാത്ര കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷ. നേരത്തെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡുമായി ചേർന്ന് പ്രത്യേക കമ്പനി രൂപീകരിച്ചശേഷം മാത്രമേ സേതു സാഗർ 3 സർവീസിനിറക്കൂ എന്നായിരുന്നു തീരുമാനം. എന്നാൽ നിലവിലുള്ള റോ റോ സർവീസുകളിലെ തുടർച്ചയായ തടസങ്ങൾ കാരണം ഈ പദ്ധതിയിൽ മാറ്റം വരുത്തുകയായിരുന്നു.

fort kochi vypin

കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായി ആറു മാസത്തേക്ക് താൽക്കാലിക കരാർ ഉണ്ടാക്കി പുതിയ കപ്പൽ സർവീസിനിറക്കാനാണ് കൊച്ചി കോർപറേഷന്റെ തീരുമാനം. അടുത്ത ആഴ്‌ച തന്നെ സർവീസ് ആരംഭിക്കുമെന്ന് മേയർ വികെ മിനിമോൾ അറിയിച്ചു. മേഖലയിൽ ഏറ്റവും അധികം ആളുകൾ ആശ്രയിക്കുന്ന ഒന്നാണ് റോ റോ സർവീസ്.

നിലവിൽ സേതു സാഗർ 1, സേതു സാഗർ 2 എന്നീ രണ്ട് കപ്പലുകളാണ് ഫോർട്ട് കൊച്ചി വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്നത്. എന്നാൽ സേതു സാഗർ 1ന്റെ എൻജിൻ പൈപ്പ് ലൈനിലുണ്ടായ തകരാറിനെത്തുടർന്ന് സർവീസ് തടസപ്പെട്ടതോടെ ഒരു കപ്പൽ മാത്രമായി സർവീസ് ചുരുങ്ങിയിരുന്നു. ഇതോടെ യാത്രക്കാരുടെയും വാഹനങ്ങളുടെയും തിരക്ക് രൂക്ഷമാവുകയും അവധിദിവസങ്ങളിൽ വാഹനങ്ങളുടെ നിര ഏകദേശം ഒരു കിലോമീറ്റർ വരെ നീളുകയും ചെയ്‌തിരുന്നു.

പുതിയ ഷിപ്പ് സർവീസിനെത്തുന്നതോടെ ഇത്തരം പ്രതിസന്ധികൾ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. സേതു സാഗർ 3 സർവീസിനിറങ്ങുന്നതോടെ സേതു സാഗർ 1 അറ്റകുറ്റപ്പണികൾക്കായി മാറ്റും. അതിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തിരിച്ചെത്തിയശേഷം സേതു സാഗർ 2യും അറ്റകുറ്റപ്പണികൾക്കായി മാറ്റാനാണ് തീരുമാനം.

രണ്ട് ഷിപ്പുകളുടെയും അറ്റകുറ്റപ്പണികൾക്കായി 5.5 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മേയർ അറിയിച്ചു. അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിലൂടെ നിലവിലുള്ള സർവീസുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും സർവീസുകൾ കൂടുതൽ ഉപഭോക്തൃ സൗഹൃമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

റോ റോ സർവീസുകളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡുമായി ചേർന്ന് പ്രത്യേക കമ്പനി രൂപീകരിക്കാനും കോർപറേഷൻ പദ്ധതിയിടുന്നുണ്ട്. നിലവിലുള്ള നടത്തിപ്പ് സംവിധാനത്തിലെ പോരായ്‌മകളും സർവീസ് തടസങ്ങളും പരിഹരിച്ച് ഫോർട്ട് കൊച്ചി വൈപ്പിൻ ജലഗതാഗതം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

പുതിയ കപ്പൽ സർവീസിനിറങ്ങുന്നതോടെ യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും വാഹനങ്ങളുമായി യാത്ര ചെയ്യുന്നവർക്കും ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. നേരത്തെ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായി റോ റോ നടത്തിപ്പിൽ കൊച്ചി കോർപ്പറേഷൻ ഭിന്നത അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കുക എന്ന ധാരണയിലേക്ക് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma