മലബാറിലെ യാത്രക്കാർക്ക് ആശ്വാസം; ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ഇനി കാസർഗോഡ് വരെ നീളും
കാസർഗോഡ്: മധ്യകേരളത്തിൽനിന്ന് വടക്കൻ മലബാറിലേക്ക് രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി റെയിൽവേയുടെ പുതിയ തീരുമാനം. ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കാസർഗോഡേക്ക് നീട്ടാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചതോടെയാണ് ഇത്. എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് കണ്ണൂരിനപ്പുറത്തേക്ക് യാത്ര ചെയ്യുന്നവർ നേരിട്ടിരുന്ന ദീർഘകാല ബുദ്ധിമുട്ടിന് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
നിലവിൽ ആലപ്പുഴയിൽനിന്ന് വൈകിട്ട് 3.50ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 5.08ന് എറണാകുളം ജങ്ഷനിലും 5.23ന് എറണാകുളം ടൗണിലും എത്തും. രാത്രി 10.22ഓടെ കോഴിക്കോട് എത്തുന്ന ട്രെയിൻ പുലർച്ചയ്ക്ക് മുമ്പ് കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കുന്നതിനാൽ കാസർഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂർ എന്നിവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാർക്ക് കണ്ണൂരിൽ ഇറങ്ങി ബസുകളെ ആശ്രയിക്കേണ്ടിവന്നിരുന്നു.

അർധരാത്രിയിലെ ഈ യാത്രാപ്രയാസം ഒഴിവാക്കാൻ പുതിയ തീരുമാനം സഹായകമാകും. സർവീസ് കാസർഗോഡേക്ക് നീട്ടുന്നതോടെ കണ്ണൂരിനും കാസർഗോഡിനും ഇടയിലുള്ള പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് തുടങ്ങിയ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ട്രെയിൻ നിർത്തും. ഇതിലൂടെ രാത്രികാല യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായി ലക്ഷ്യസ്ഥാനങ്ങളിലെത്താൻ സാധിക്കും.
പ്രത്യേകിച്ച് എറണാകുളം, തൃശൂർ മേഖലകളിൽനിന്ന് വടക്കൻ മലബാറിലേക്ക് യാത്ര ചെയ്യുന്നവർക്കും രാത്രി വൈകി യാത്ര അവസാനിപ്പിക്കേണ്ടിവരുന്നവർക്കും തീരുമാനം പ്രയോജനപ്പെടും. എന്നാൽ, കാസർഗോഡേക്ക് നീട്ടിയ സർവീസ് ഔദ്യോഗികമായി ആരംഭിക്കുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനു കീഴിലുള്ള സാങ്കേതിക പരിശോധനകളും സമയക്രമീകരണ നടപടികളും പൂർത്തിയാക്കിയ ശേഷമായിരിക്കും പുതിയ സർവീസ് ആരംഭിക്കുക.
ആയിരകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകളിൽ ഒന്നാണ് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ്. ഇതേ ട്രെയിൻ നിലവിൽ രാവിലെ കണ്ണൂരിൽ നിന്ന് യാത്ര തുടങ്ങിയാൽ ഉച്ചയോടെ ആലപ്പുഴയിൽ എത്തുന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കാര്യങ്ങൾ വിചാരിച്ച വേഗത്തിൽ നടന്നാൽ സർവീസ് കാസർഗോഡ് നിന്നായിരിക്കും തുടങ്ങുക. പുലർച്ചെ 5.10നാണ് നിലവിൽ ഈ ട്രെയിൻ കണ്ണൂരിൽ നിന്ന് സർവീസ് തുടങ്ങുന്നത്.
അതേസമയം, നിലവിൽ സ്ഥിരം യാത്രക്കാർക്ക് കൂടുതലായി ആശ്രയിക്കുന്ന മലബാർ, മാവേലി അടക്കമുള്ള ട്രെയിനുകളിലെ തിരക്ക് കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് എറണാകുളത്ത് നിന്ന് കാസർഗോഡേക്ക് പോവുന്ന യാത്രക്കാർക്ക് ഇത് ഗുണകരമാവും എന്നാണ് വിലയിരുത്തൽ. കാസർഗോഡേക്ക് വരെ നീട്ടുമ്പോൾ ഇടയിലുള്ള സ്‌റ്റേഷനുകളിൽ ഇറങ്ങാനുള്ള സൗകര്യവും ഉണ്ടാവുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications
