Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രൊഫസര്‍ എം.കെ സാനു അന്തരിച്ചു; സംസ്‌കാരം നാളെ

കൊച്ചി: പ്രമുഖ സാഹിത്യ നിരൂപകനും എഴുത്തുകാരനും വാഗ്മിയുമായ എംകെ സാനു അന്തരിച്ചു. 98 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് 5.35-നാണ് മരണം സംഭവിച്ചത്. സാനു മാഷിന്റെ മരണത്തോടെ നഷ്ടമായത് മലയാള സാഹിത്യ ലോകത്തെ കാരണവരില്‍ ഒരാെളയാണ്. പതിനായിരത്തിലേറെ ശിഷ്യഗണങ്ങളുള്ള സാനു മാഷ് സാഹിത്യ ലോകത്തെ ഗുരുസ്ഥാനീയനായിട്ടാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീഴ്ച്ചയില്‍ വലതു തുടയെല്ലിന് പൊട്ടല്‍ സംഭവിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ന്യൂമോണിയ, പ്രമേഹം എന്നിവ അലട്ടിയിരുന്നു.

sanu mash

ദീര്‍ഘകാലം എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായിരുന്ന സാനു മാഷ് ജീവചരിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍, സാമൂഹിക പ്രവര്‍ത്തകന്‍, ചിന്തകന്‍, ജനപ്രതിനിധി, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും വ്യക്തമുദ്ര പതിപ്പിച്ചിട്ടുണ്ട്. വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യ ശാഖകളിലായി നാല്‍പതോളം കൃതികളുടെ കര്‍ത്താവാണ്. എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.

പ്രായാധിക്യത്തിലും സമീപകാലത്ത് വരെ സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. മലയാള സാഹിത്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയ, വലിയ ശിഷ്യ സമ്പത്തുണ്ടായിരുന്ന എംകെ സാനുവിന്റെ വിയോഗം സാഹിത്യ ലോകത്തിനും പൊതുമണ്ഡലത്തിനും തീരാനഷ്ടമാണ്.

1987-ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊച്ചി കാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഉള്‍പ്പെടെ കൊച്ചിയുടെ സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളില്‍ സജീവമായിരുന്നു. പതിഞ്ഞ ശബ്ദത്തില്‍ അറിവിന്റെ സാഗരത്തെ കേള്‍വിക്കാരുടെ ഹൃദയത്തിലേക്ക് ഒഴുക്കുന്ന സാനു മാഷിന്റെ പ്രഭാഷണങ്ങള്‍ ഏറെ പ്രശസ്തമായിരുന്നു. ജീവിതത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളും ഇടതുപക്ഷ ആശയങ്ങളുമാണ് അദ്ദേഹത്തെ സ്വാധീച്ചത്.

1926 ഒക്ടോബര്‍ 27ന് പഴയ തിരുവിതാംകൂര്‍ രാജ്യത്തിലെ തുമ്പോളിയിലാണ് എംകെ സാനു ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എം.എ. ബിരുദം നേടി. കൊല്ലം ശ്രീ നാരായണ കോളജിലും എറണാകുളം മഹാരാജാസ് കോളജിലും അധ്യാപകനായിരുന്നു. 1983-ലാണ് സാനു മാഷ് വിരമിച്ചത്. 1984 ല്‍ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പ്രസിഡന്റായും 1985 ല്‍ കേരള സര്‍വകലാശാലയിലെ ശ്രീ നാരായണ പഠന കേന്ദ്രത്തിന്റെ ഡയറക്ടറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്റര്‍നാഷണല്‍ ബോഡി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിലെ സ്ഥിരം അംഗമായിരുന്നു അദ്ദേഹം.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1985), വയലാര്‍ അവാര്‍ഡ് (1992), കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം(2002), പത്മപ്രഭാ പുരസ്‌കാരം (2011), എന്‍ കെ ശേഖര്‍ പുരസ്‌കാരം (2011), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (2011), കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം (2010), എഴുത്തച്ഛന്‍ പുരസ്‌കാരം (2013) തുടങ്ങിയ അംഗീകാരങ്ങള്‍ തേടിയെത്തി.

2011 ല്‍ 'ബഷീര്‍: ഏകാന്ത വീഥിയിലെ അവധൂതന്‍' എന്ന ജീവചരിത്രത്തിനാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. കര്‍മഗതി എന്നാണ് ആത്മകഥയുടെ പേര്. ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം എന്ന ഗ്രന്ഥവും വളരെ പ്രശസ്തമാണ്.

സാനു മാഷിന്റെ ഭാര്യ പരേതയായ എന്‍ രത്നമ്മ. മക്കള്‍: എംഎസ് രഞ്ജിത് (റിട്ട ഡപ്യൂട്ടി ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയര്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്), എംഎസ് രേഖ, ഡോ എംഎസ് ഗീത (ഹിന്ദി വിഭാഗം റിട്ട മേധാവി, സെന്റ് പോള്‍സ് കോളജ്, കളമശേരി), എംഎസ് സീത (സാമൂഹിക ക്ഷേമ വകുപ്പ് റിട്ട ഉദ്യോഗസ്ഥ), എംഎസ് ഹാരിസ് (മാനേജര്‍, എനര്‍ജി മാനേജ്‌മെന്റ് സര്‍വീസസ്, ദുബായ്). മരുമക്കള്‍: സിവി മായ, സികെ കൃഷ്ണന്‍ (റിട്ട മാനേജര്‍, ഇന്ത്യന്‍ അലുമിനിയം കമ്പനി), അഡ്വ പിവി ജ്യോതി (റിട്ട മുനിസിപ്പല്‍ സെക്രട്ടറി), ഡോ പ്രശാന്ത് കുമാര്‍ (ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി, കാലടി സംസ്‌കൃത സര്‍വകലാശാല), മിനി (ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍, ദുബായ്).

സാനു മാഷിന്റെ സംസ്‌കാരം നാളെ

സാനു മാഷിന്റെ മൃതദേഹം നാളെ രാവിലെ എട്ടു മണിക്ക് അമൃത ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. രാവിലെ ഒമ്പതു മണി മുതല്‍ 10 വരെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാവും. രാവിലെ 10 മുതല്‍ എറണാകുളം ടൗണ്‍ ഹാളിലായിരിക്കും പൊതുദര്‍ശനം. വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിലാണ് സംസ്‌ക്കാരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+