'സർക്കാർ തീരുമാനത്തെ പ്രചോദനമായി കാണുന്നു, വന്നത് പ്രത്യേക അജണ്ടയുമായി അല്ല'; റസൂൽ പൂക്കുട്ടി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് ചുമതല ഏറ്റെടുത്ത് ഓസ്‌കാർ അവാർഡ് ജേതാവ് കൂടിയായ റസൂൽ പൂക്കുട്ടി. എന്നാൽ പുതിയ അംഗങ്ങൾ ചുമതലയേറ്റ ചടങ്ങിൽ മുൻ ചെയർമാൻ കൂടിയായ നടൻ പ്രേംകുമാർ പങ്കെടുത്തില്ല. പുതിയ ഭരണസമിതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ് പ്രേംകുമാറിനെ അഭാവം. എന്നാൽ ഈ വാർത്തകൾ എല്ലാം പ്രേംകുമാർ തള്ളിയിരുന്നു.
ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയ തീരുമാനം സർക്കാരിന്റേത് ആണെന്നും അതുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായ പ്രകടനത്തിന് ഇല്ലെന്നും പ്രേംകുമാർ പറഞ്ഞു. തന്നെ ഏൽപ്പിച്ച ജോലി നന്നായി ചെയ്‌തുവെന്നും അഭിപ്രായ പ്രകടനത്തിന്റെ പേരിലല്ല തന്നെ മാറ്റിയതെന്നുമാണ് പ്രേംകുമാർ മാധ്യമങ്ങളോട് പറഞ്ഞത്.

സർക്കാർ തീരുമാനം മലയാള സിനിമയിലെ ടെക്‌നീഷ്യന്മാർക്ക് വലിയ പ്രചോദനം നൽകുന്ന ഒന്നാണെന്ന് റസൂൽ പൂക്കുട്ടി സ്ഥാനമേറ്റെടുത്തതിന് ശേഷം പ്രതികരിച്ചു. അക്കാദമിയുടെ ചെയർമാനായി വരുന്ന ആദ്യത്തെ ടെക്‌നീഷ്യൻ ആയിരിക്കാം ഞാൻ. ടെക്‌നിക്കൽ കമ്മ്യൂണിറ്റിയോടുള്ള സർക്കാരിന്റെ പ്രതിബദ്ധത അതിൽ കാണുന്നുവെന്നും, വലിയ അംഗീകാരം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയാള സിനിമ, നമ്മുടെ ഭാഷ, നമ്മുടെ തലസ്ഥാനം, ഞാൻ കണ്ടുവളർന്ന മലയാള സിനിമ എന്നെ വിളിക്കുമ്പോൾ സ്വന്തം അമ്മ തിരികെ വിളിക്കുന്നത് പോലെയാണ്. ആ ഒരു ചാരുതാർഥ്യം എനിക്കുണ്ട്. അത്രയൊന്നും ചെയ്‌തില്ല എങ്കിലും ഇവിടെ വരെ എത്തിയല്ലോ എന്നൊരു തോന്നൽ എനിക്കുണ്ട്. അങ്ങനെയൊരു പ്രത്യേക അജണ്ട ഒന്നുമായിട്ടല്ല ഞാൻ വന്നിരിക്കുന്നത്.
ഗുരുതുല്യന്മാരായിട്ടുള്ളവർ ഇരുന്ന കസേരയിലാണ് ഞാൻ ഇരിക്കുന്നത്. ഇത് സന്തോഷം തരുന്ന കാര്യമാണ്. ഭരണം എന്നതിനെ ഒരിക്കലും ഒരു പവർ ആയിട്ട് കാണുന്നില്ല. മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറണമെന്നാണ് ആഗ്രഹം. ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ഇതുവരെ എത്തിയതിന് കാരണം അക്കാദമി തന്നെയാണ്.
ഒരു ഫെസ്‌റ്റിവൽ ഉണ്ടാക്കുക എന്നതൊന്നും അല്ല ഞാൻ ഇതിൽ കാണുന്നത്. എനിക്ക് മുൻപേ വന്ന ആളുകൾ അത് വളരെ ഭംഗിയായി ചെയ്‌തു വച്ചിട്ടുണ്ട്. കേരളം പോലെയൊരു കൊച്ചു സ്ഥലത്ത് ഉള്ള ഫെസ്‌റ്റിവലിനെ ലോകത്തിലെ തന്നെ നല്ല ഒന്നാക്കിയ, ഇന്ന് കണക്കാക്കുന്ന പത്ത് വലിയ ഫെസ്‌റ്റിവലുകളിൽ ഒന്നാക്കി മാറ്റി. അത് ഒരിക്കലും നമുക്ക് മറക്കാൻ കഴിയില്ല.
അതുകൊണ്ട് മലയാള സിനിമ എവിടെ എത്തി നിൽക്കുന്നു എന്ന് നോക്കാം. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ശരിക്കും മലയാള സിനിമയുടെ ഗോൾഡൻ പിരിയഡ് ആയിരുന്നു. 80കളിൽ മലയാള സിനിമയുടെ നിലവാരം എവിടെ ആയിരുന്നു. അവിടെ നിന്ന് ഇറാനിയൻ സിനിമ ശ്രദ്ധ പിടിച്ചുപറ്റി. വീണ്ടും ഇപ്പോൾ മലയാള സിനിമ ലോക ശ്രദ്ധയിൽ വരുന്നൊരു സമയമാണ്.
അതിന് കാരണം നമുക്ക് മുൻപേ ഉണ്ടായിരുന്ന ആളുകൾ ചെയ്‌തു വച്ചതാണ്. അതൊരിക്കലും നമുക്ക് തിരസ്‌കരിക്കാൻ സാധിക്കില്ല. ഇവിടെ വരുന്നതിന് എനിക്ക് പ്രത്യേക അജണ്ട ഒന്നുമില്ല. ഇന്നത്തെ മോഡേൺ ഫിലിം മേക്കിങ്ങിലാണ് വെല്ലുവിളിയാണ് ജനറേറ്റീവ് എഐ, അതുവച്ച് എങ്ങനെ ഉപയോഗിക്കാമെന്നും ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ ചെയ്യാമെന്നുമൊക്കെ പഠിപ്പിക്കാമെന്ന് ഞാൻ നോക്കുന്നു; റസൂൽ പൂക്കുട്ടി വ്യക്തമാക്കി.
അതേസമയം, നിലവിലെ ഭരണസമിതിയെ കാലാവധി അവസാനിക്കാറായതിന്റെ പശ്ചാത്തലത്തിലാണ് പുനഃസംഘടിപ്പിച്ചത്. 26 അംഗങ്ങളാണ് ബോർഡിലുണ്ടാവുക. സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, ബി. രാകേഷ്, സുധീർ കരമന, റെജി എം ദാമോദരൻ, സിത്താര കൃഷ്‌ണകുമാർ, മിൻഹാജ് മേഡർ, സോഹൻ സീനുലാൽ, ജിഎസ് വിജയൻ, ശ്യാം പുഷ്‌കരൻ, അമൽ നീരദ്, സാജു നവോദയ, എൻ അരുൺ, പൂജപ്പുര രാധാകൃഷ്‌ണൻ, യൂ, ശ്രീഗണേഷ് എന്നിവരാണ് സമിതിയിൽ ഉണ്ടാവുക.












Click it and Unblock the Notifications