നിയമന വിവാദം; കെ സുരേന്ദ്രന്റെ മകന്റെ പേര് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി
തിരുവനന്തപുരം: നിയമന വിവാദത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്റെ പേര് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി ആര്‍ജിസിബി. ശനിയാഴ്ചയാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ ഭാഗത്ത് എസ് ഹരികൃഷ്ണന്റെ പേര് പ്രസിദ്ധപ്പെടുത്തിയത്.
മൂന്ന് മാസം മുമ്പാണ് ടെക്‌നിക്കല്‍ ഓഫീസറായി ഹരികൃഷ്ണന് നിയമനം ലഭിച്ചത്. എന്നാല്‍ പേര് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ബിടെക് അടിസ്ഥാന യോഗ്യതയില്‍ പ്രത്യേകം സൃഷ്ടിച്ച ഒഴിവിലേക്ക് നിയമിച്ചുവെന്നാണ് ആരോപണം. പരീക്ഷ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും റാങ്ക് പട്ടിക സംബന്ധിച്ചോ നിയമനം സംബന്ധിച്ചോ വിവരങ്ങള്‍ തേടുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ ആര്‍ജിസിബി നല്‍കുന്നില്ലെന്നാരോപിച്ച് ഉദ്യോഗാര്‍ഥികൾ രംഗത്തെത്തിയിരുന്നു.

ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിടെക് മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്ക് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചുവെന്നാണ് ആരോപണം. മുന്‍കാലങ്ങളില്‍ ഈ തസ്തികയില്‍ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെയായിരുന്നു നിയമിച്ചിരുന്നത്. ജൂണിലാണ് കെ എസ് ഹരികൃഷ്ണന് നിയമനം നല്‍കിയത്. അടിസ്ഥാന ശമ്പളം ഉള്‍പ്പടെ എഴുപതിനായിരം രൂപ വരെയാണ് പരിശീലന കാലയളവില്‍ ലഭിക്കും. അതേസമയം മെറിറ്റ് അടിസ്ഥാനത്തില്‍ എല്ലാ ചട്ടങ്ങളും പാലിച്ചായിരുന്നു നിയമനമെന്ന് ആര്‍ജിസിബി പ്രതികരിച്ചു.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ എട്ടിനാണ് ടെക്നിക്കല്‍ ഓഫീസര്‍ അടക്കം മൂന്ന് തസ്തികയിലേക്ക് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി അപേക്ഷകള്‍ ക്ഷണിച്ചത്. പിന്നോക്ക വിഭാഗത്തിനായി സംവരണം ചെയ്തിരുന്ന തസ്തികയ്ക്ക് 60 ശതമാനം മാര്‍ക്കോടെ ബി.ടെക് ബിരുദമായിരുന്നു ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയിലെ അടിസ്ഥാന യോഗ്യത.മൂന്ന് ഘട്ടമായി നടത്തിയ പരീക്ഷയില്‍ 48 ഉദ്യോഗാര്‍ഥികളെയാണ് പരീക്ഷയ്ക്കായി തിരഞ്ഞെടുത്ത്.
ഒന്ന് സൂക്ഷിച്ചാൽ അഡിസിറ്റി എന്ന വില്ലനെ അകറ്റി നിർത്താം... ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

ഏപ്രില്‍ 25ന് ഒ.എം.ആര്‍ പരീക്ഷ, തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം എഴുത്തുപരീക്ഷ എന്നിവ നടത്തി അതില്‍ നിന്ന് കെ.എസ്. ഹരികൃഷ്ണന്‍ ഉള്‍പ്പെടെ മൂന്ന്പേരെ തൊട്ടടുത്ത ദിവസം 26ന് നടക്കുന്ന പ്രാക്ടിക്കല്‍ സ്‌കില്‍ പരീക്ഷയിലേക്ക് ഷോര്‍ട് ലിസ്റ്റ് ചെയ്തു. 26ന് പ്രാക്ടിക്കല്‍ പരീക്ഷയും കഴിഞ്ഞു. എന്നാല്‍ ഇതിന് ശേഷം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി തങ്ങള്‍ക്ക് വിവരങ്ങളൊന്നും നല്‍കിയിട്ടില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്. അവസാനം നടന്ന പ്രാക്ടിക്കല്‍ സ്‌കില്‍ പരീക്ഷയ്ക്ക് ശേഷം നിയമനം ലഭിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകനായ കെ.എസ്. ഹരികൃഷ്ണനാണ് എന്ന വിവരങ്ങള്‍ പിന്നീടാണ് പുറത്തുവന്നത്

ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ധൃതി പിടിച്ച് പരീക്ഷയും പ്രാക്ടികല്‍ പരീക്ഷയും മറ്റും നടത്തിയതും പിന്നീട് റാങ്ക് ലിസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ അവസാനം പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് ലഭിക്കാതിരുന്നതുമാണ് ഇപ്പോള്‍ ആരോപണമുയരുന്നതിന് കാരണമായത്. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഉൾപ്പടെയുള്ള സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാൽ നിയമന കാര്യത്തിൽ ഇടപെട്ടിട്ടില്ലന്നാരുന്നു കെ സുരേന്ദ്രന്റെ വിശദീകരണം.












Click it and Unblock the Notifications