യൂത്ത് ലീഗില്‍ കൂട്ടപ്പൊരിച്ചില്‍; 'പുതിയ സെക്രട്ടറിയെ അംഗീകരിക്കില്ല'!! സംസ്ഥാന സെക്രട്ടേറിയറ്റ് പിന്നീട്
കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചത് ശനിയാഴ്ചയാണ്. പ്രഖ്യാപനം വന്നതിന് പിന്നാലെ തര്‍ക്കവും തുടങ്ങി. ജില്ലാ കമ്മിറ്റികള്‍ നിര്‍ദേശിച്ച വ്യക്തികളെ അവഗണിച്ചുവെന്നാണ് പരാതി. ഭിന്നത ഒഴിവാക്കാന്‍ എല്ലാ മുന്‍കരുതലുകളും മുസ്ലിം ലീഗ് നേതൃത്വം എടുത്തിരുന്നു എങ്കിലും രണ്ട് കാര്യങ്ങളില്‍ ഭിന്നത രൂക്ഷമാണ്.
മുസ്ലിം ലീഗ് നേതൃത്വം ഇക്കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കുമെന്നാണ് വിവരം. യൂത്ത് ലീഗ് ജില്ലാ ഭാരവാഹികള്‍ പാണക്കാട് എത്തിയേക്കുമെന്നും സൂചനയുണ്ട്. ബുധനാഴ്ച വീണ്ടും കൗണ്‍സില്‍ യോഗം വിളിച്ചേക്കും. പ്രതിഷേധം തുടര്‍ന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് പൂര്‍ണമായും ഒഴിവാക്കിയേക്കുമെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

പുതിയ നയരേഖയിലെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരിച്ചത്. എന്നാല്‍ ഇതില്‍ പ്രാതിനിധ്യം ലഭിച്ചില്ല എന്നാരോപിച്ച് മലപ്പുറം, എറണാകുളം ജില്ലകളില്‍ നിന്നുള്ള അംഗങ്ങള്‍ രംഗത്തുവരികയായിയരുന്നു. മലപ്പുറം സ്വദേശിയായ ടിപി അഷ്‌റഫലിയെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മലപ്പുറത്ത് നിന്നുള്ള അംഗങ്ങള്‍ മറ്റുചിലരുടെ പേരുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. ജില്ലാ കമ്മിറ്റി 7 പേരുകളാണ് നിര്‍ദേശിച്ചിരുന്നത്.

സംസ്ഥാന ഭാരവാഹികളുടെ പട്ടികയില്‍ ഞങ്ങള്‍ നിര്‍ദേശിച്ചവരെ ഉള്‍പ്പെടുത്തിയില്ല എന്നാണ് ചില ജില്ലാ കമ്മിറ്റികളുടെ വികാരം. എറണാകുളത്ത് നിന്ന് ആസിഫിനെയാണ് നിര്‍ദേശിച്ചത്. സംസ്ഥാന കമ്മിറ്റിയിലും പിന്നീട് സെക്രട്ടേറിയറ്റിലും ആസിഫിനെ പരിഗണിക്കാതെ വന്നതോടെ എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പരാതിയുമായി രംഗത്തുവരികയായിരുന്നു.

മലപ്പുറത്ത് നിന്ന് ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചവരുടെ പേരും പരിഗണിച്ചില്ല. നേരത്തെയുള്ള മുനവ്വറലി തങ്ങള്‍, മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍ എന്നിവര്‍ മാത്രമേ ഇത്തവയും ഇടംപിടിച്ചുള്ളൂ. പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയില്ല. അഷ്‌റഫലിയെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയെങ്കിലും ജില്ലാ കമ്മിറ്റി അഷ്‌റഫലിക്കെതിരെ നിലപാടെടുക്കുന്നവരെയാണ് നിര്‍ദേശിച്ചത്.

ആറംഗ സംസ്ഥാന സെക്രട്ടേറിയറ്റിനാണ് പാര്‍ട്ടി ഭരണഘടന അനുമതി നല്‍കുന്നത്. ജില്ലാ കമ്മിറ്റികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ആദ്യ സെക്രട്ടേറിയറ്റ് മരവിപ്പിച്ചു. സമവായത്തിലെത്തിയ ശേഷം സെക്രട്ടേറിയറ്റ് രൂപീകരിക്കാമെന്ന് റിട്ടേണിങ് ഓഫീസറായ പിഎംഎ സലാം യോഗത്തില്‍ പറഞ്ഞു. മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലാ കമ്മിറ്റികളാണ് പ്രതിഷേധം രേഖപ്പെടുത്തിയത് എന്നാണ് വിവരം.

സംസ്ഥാന സെക്രട്ടറിയായി ടിപിഎം ജിഷാന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജിഷാനെ അംഗീകരിക്കില്ലെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിലപാട്. ജിഷാന്റെ പേര് എങ്ങനെ വന്നു എന്നാണ് ജില്ലാ നേതാക്കള്‍ ചോദിക്കുന്നത്. ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചവരുടെ പേരുകള്‍ പരിഗണിക്കപ്പെട്ടതുമില്ല. എന്താണ് തിരഞ്ഞെടുപ്പിന്റെ മാനദണ്ഡമെന്ന് കോഴിക്കോട് നിന്നുള്ള നേതാക്കള്‍ ചോദിക്കുന്നു.

സംസ്ഥാന പ്രസിഡന്റായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി പികെ ഫിറോസിനെയും നിലനിര്‍ത്തിയാണ് സംസ്ഥാന കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. പ്രായപരിധി നോക്കിയാല്‍ മുനവ്വറലി തങ്ങള്‍ മാറി നില്‍ക്കേണ്ട സമയമായി. എന്നാല്‍ മുനവ്വറലിയെ മാറ്റിയാല്‍ പികെ ഫിറോസ് സംസ്ഥാന പ്രസിഡന്റാകും. ജനറല്‍ സെക്രട്ടറിയായി ആരെ തിരഞ്ഞെടുക്കുമെന്ന തര്‍ക്കം വന്നേക്കും. ഇതൊഴിവാക്കാനാണ് പ്രധാന ഭാരവാഹികളെ മാറ്റാതിരുന്നത്. എന്നാല്‍ മറ്റു ഭാരവാഹികളുടെ കാര്യത്തില്‍ തര്‍ക്കം തുടങ്ങുകയായിരുന്നു.

നേരത്തെ സംസ്ഥാന കമ്മിറ്റിയില്‍ 17 അംഗങ്ങളുണ്ടായിരുന്നു. ഇത് 11 ആക്കി കുറച്ചു. യൂത്ത് ലീഗിന്റെ നയരേഖ പ്രകാരമാണ് എണ്ണം 11 ആക്കി കുറച്ചത്. എല്ലാ ജില്ലകളിലേക്കുമുള്ള പ്രതിനിധികള്‍ പോലും സംസ്ഥാന കമ്മിറ്റിയില്‍ ഇല്ല എന്ന വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്നു. സീനിയര്‍ വൈസ് പ്രസിഡന്റ് പദവി ഇല്ലാതാക്കുകയും സെക്രട്ടറിമാരുടെ എണ്ണം ഏഴില്‍ നിന്ന് നാലാക്കി ചുരുക്കുകയും ചെയ്തു. ഇനി ചര്‍ച്ചകള്‍ ഒന്നും നടക്കാനില്ലെന്നും പുതിയ കമ്മിറ്റി നിലവില്‍ വന്നുവെന്നും മുസ്ലിം ലീഗ് നേതൃത്വം പ്രതികരിച്ചു.












Click it and Unblock the Notifications