റോബിൻ ബസ് വീണ്ടും തടഞ്ഞ് എംവിഡി; വിവരമില്ലായ്‌മക്ക് മരുന്നില്ലെന്ന് ബസുടമ, നാട്ടുകാരുടെ പ്രതിഷേധം...
പത്തനംതിട്ട: നിരന്തര പെർമിറ്റ് ലംഘന നടപടിയെ തുടർന്ന് മോട്ടർ വാഹനവകുപ്പ് പിടിച്ചെടുത്ത് വിട്ടയച്ച റോബിൻ ബസ് വീണ്ടും സർവീസ് ആരംഭിച്ചു. പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽ നിന്നാണ് ബസ് പുറപ്പെട്ടത്, ഏകദേശം രണ്ട് കിലോമീറ്റർ പിന്നിട്ട് മൈലപ്രയിൽ എത്തിയപ്പോഴേക്കും മോട്ടർ വാഹന വകുപ്പ് വീണ്ടും ബസ് പരിശോധനയ്ക്കായി തടഞ്ഞിരുന്നു.
തുടർന്ന് പരിശോധന പൂർത്തിയാക്കിയ ശേഷം യാത്ര തുടരാൻ അനുവദിച്ചു. ഏറെനാൾ നീണ്ടുനിന്ന വിവാദങ്ങൾക്ക് ഒടുവിൽ ഒരു മാസത്തിനു ശേഷമാണ് റോബിൻ ബസ് നിരത്തിലിറങ്ങുന്നത്. നിയമലംഘനം നടന്നാൽ ബസ് വീണ്ടും പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പാണ് മോട്ടർ വാഹന വകുപ്പ് നൽകുന്നത്.

ബസ് തടഞ്ഞതിന് പിന്നാലെ നാട്ടുകാരും എംവിഡി നടപടിയെ ചോദ്യം ചെയ്‌ത് രംഗത്തെത്തിയിരുന്നു. 'ഇത് ശത്രുത മനോഭാവമല്ല, വിവരം ഇല്ലായ്‌മക്ക് മരുന്ന് ഇല്ലാല്ലോ' എന്നായിരുന്നു ബസ് ഉടമ ഗിരീഷിന്റെ പ്രതികരണം. 'ഇനിയുള്ള ദിവസങ്ങളിൽ കോടതിയിലെ ബാക്കി കാര്യങ്ങളിൽ അവർക്ക് മനസിലായിക്കോളും, അറിവില്ലായ്‌മ ആണെങ്കിൽ അത് മനസിലാക്കാൻ തയ്യാറാവണമെന്ന് ആദ്യം തന്നെ പറഞ്ഞതാണ് പക്ഷേ അവർ മനസിലാക്കാൻ തയ്യാറല്ല' ഗിരീഷ് വ്യക്തമാക്കി.
കോൺട്രാക്ട് ക്യാരേജ് പെർമിറ്റുള്ള ബസ് സ്‌റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമ വിരുദ്ധമാണെന്നാണ് എംവിഡി സ്വീകരിച്ച നിലപാട്. എന്നാൽ ഇതിനെതിരെ ബസ് നടത്തിപ്പുകാരൻ ബേബി ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ അടുത്ത മാസം അന്തിമ വിധിയുണ്ടാകും.
കഴിഞ്ഞ ദിവസമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനകള്‍ക്ക് ശേഷം റോബിന്‍ ബസ് വിട്ടുകൊടുത്തത്. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ ഉത്തരവിന്മേലായിരുന്നു നടപടി. ഹൈക്കോടതി ഉത്തരവ് മറികടക്കും വിധം തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തിയെന്ന് കാട്ടിയാണ് നവംബര്‍ 24ന് എംവിഡി ഉദ്യോഗസ്ഥര്‍ റോബിന്‍ ബസ് പിടിച്ചെടുത്തത്.
82,000 രൂപയുടെ പിഴ അടച്ചതിനാല്‍ ഇനിയും ബസ് പിടിച്ചുവെയ്ക്കാനാകില്ലെന്നായിരുന്നു കോടതി പറഞ്ഞത്. ബസ് കൈമാറുംമുമ്പ് അതിലുള്ള സാധനങ്ങളുടെ ലിസ്‌റ്റ് പത്തനംതിട്ട സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ തയ്യാറാക്കണമെന്നും കോടതി നിര്‍ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്‌ച പുലര്‍ച്ചെ മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് ഉടമ ഗിരീഷ് പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് ഇന്ന് സർവീസ് വീണ്ടും ആരംഭിച്ചത്.
മുന്‍കൂട്ടി ബുക്ക് ചെയ്‌ത യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബന്‍ ബസിന് ലഭിച്ചിട്ടുള്ളതെന്നായിരുന്നു എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഒരു പ്രത്യേക സ്ഥലത്തുനിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് ഈ യാത്രക്കാരെ ഇറക്കുകയും ചെയ്യണമെന്നാണ് ഓള്‍ ഇന്ത്യ ടൂറിസ്‌റ്റ് പെര്‍മിറ്റില്‍ നല്‍കുന്ന നിര്‍ദേശം. എന്നാൽ ഇത് ലംഘിച്ചുകൊണ്ടാണ് റോബിൻ സർവീസ് നടത്തുന്നതെന്നാണ് ആക്ഷേപം.












Click it and Unblock the Notifications