രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോകുമോ? ഇന്നലെ ഇല്ലെന്ന്, ഇന്ന് വീണ്ടും മാറ്റി, സാധ്യത തള്ളാനാവില്ല
മുന്നാർ: സി പി എമ്മുമായി ഇടഞ്ഞ് നില്‍ക്കുന്ന മുന്‍ ദേവികുളം എം എല്‍ എ എസ് രാജേന്ദ്രനെ പാർട്ടിയിലെത്തിക്കാനുള്ള നീക്കം കൂടുതല്‍ ശക്തമാക്കുകയാണ് ബി ജെ പി. പ്രമുഖ ബി ജെ പി നേതാക്കള്‍ ഇന്നലെ എസ് രാജേന്ദ്രനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പ്രമീളാദേവി, മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി ശ്രീവിദ്യ തുടങ്ങിയ നേതാക്കളാണ് രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയത്.
വീട്ടിലെത്തിയ നേതാക്കൾ തന്നെ ബി ജെ പിയിലേക്കു ക്ഷണിച്ചെന്നും എന്നാൽ അവരുടെ ആവശ്യം സ്നേഹപൂർവം നിരസിച്ചെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എസ് രാജേന്ദ്രന്‍ വ്യക്തമാക്കിയത്. ബി ജെ പിയിലേക്ക് പോകില്ലെന്ന് എസ് രാജേന്ദ്രന്‍ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും സി പി എമ്മിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അദ്ദേഹം തുടരുന്നു.

തനിക്കൊപ്പം നില്‍ക്കുന്നവരെ സി പി എം അടിച്ചൊതുക്കുകയാണെന്നാണ് എസ് രാജേന്ദ്രന്റെ പുതിയ ആരോപണം. തമിഴ്‌നാട്ടില്‍ നിന്നുള്ള ഗുണ്ട സംഘങ്ങളെ ഉപയോഗപ്പെടുത്തിയാണ് അക്രമണം. കൊരണ്ടി കാട്ടില്‍ 17കാരിക്ക് മര്‍ദ്ദനമേറ്റതും ഇത്തരത്തിലുള്ള ഗുണ്ട സംഘത്തിന്റെ ആക്രമണമാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശിയുടെ അറിവോടെയാണ് ഈ ആക്രമണങ്ങള്‍ നടക്കുന്നതെന്നാണ് റിപ്പോർട്ടർ ടിവിയോട് എസ് രാജേന്ദ്രന്‍ നടത്തിയ പ്രതികരണം.
സി പി എമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീട്ടിലാണ് തമിഴ്നാട്ടില്‍ നിന്നും വന്ന ക്വട്ടേഷന്‍ സംഘം തങ്ങിയത്. തന്നോടൊപ്പം നില്‍ക്കുന്നവരെ അടിച്ചൊതുക്കാനാണ് സി പി എമ്മിലെ ഒരു വിഭാഗത്തിന്റെ ശ്രമം. ഉപദ്രവിക്കരുത് എന്ന താന്‍ നേതാക്കളോട് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. എന്നാല്‍ തന്റെ ഭാര്യയെ പോലും കേസില്‍പ്പെടുത്തുന്ന നീക്കമാണ് സി പി എമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും എസ് രാജേന്ദ്രന്‍ ആരോപിക്കുന്നു.
ഇനിയും കുറച്ച് അടികൂടി നടക്കട്ടെ അന്നേരം ബിജെപി പോകണമോയെന്ന് ആലോചിക്കാം. ജില്ലാ സെക്രട്ടറി പറഞ്ഞ പ്രത്യയശാസ്ത്രത്തിന് വില കൊടുക്കുന്നവരായിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ നടക്കില്ലായിരുന്നു. അടിച്ച് ഒതുക്കാന്‍ തന്നെയാണ് തീരുമാനമെങ്കില്‍ ഇത് ശരിയായ രീതിയില്‍ മുന്നോട്ട് പോകില്ല. പൊലീസിന്റെ ഇടപെടലും ശക്തമല്ല. തമിഴ്‌നാട്ടുകാര്‍ തമ്മിലിടിച്ച് തീര്‍ക്കട്ടെ എന്നാണ് അവരുടെ നിലപാടെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications