ശബരി റെയിൽ, എയിംസ്, പ്രവാസികൾക്ക് പാക്കേജ്; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തോട് ആവശ്യം അറിയിച്ച് കേരളം
കൊച്ചി: കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാനങ്ങൾ ഓരോന്നും അവരുടേതായ ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇതിന്റെ ഭാഗമായി വിളിച്ചു ചേർത്ത ധനമന്ത്രിമാരുടെ യോഗത്തിൽ ഏറെക്കാലമായി സംസ്ഥാനം ഉന്നയിക്കുന്ന ആവശ്യങ്ങൾ വീണ്ടും കേന്ദ്രത്തിന് മുൻപിൽ വച്ചിരിക്കുകയാണ് കേരളം. സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലാണ് യോഗത്തിൽ പങ്കെടുത്തത്.
വന്യജീവി-മനുഷ്യ സംഘർഷം തടയൽ, എയിംസ് അടക്കമുള്ള ദീർഘകാല ആവശ്യങ്ങൾ എന്നിവ ഉൾപ്പെടെ കേരളം നിരന്തരം ഉന്നയിക്കുന്ന ആവശ്യങ്ങൾ തന്നെയാണ് ഏറ്റവും ഒടുവിലത്തെ യോഗത്തിലും ഉന്നയിച്ചിരിക്കുന്നത്. മനുഷ്യ-വന്യജീവി സംഘർഷം തടയാൻ 1000 കോടി വേണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഇത് കൂടാതെയാണ് എയിംസ് വീണ്ടും ഒരു ആവശ്യമായി കേന്ദ്രത്തിന് മുന്നിൽ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇക്കാര്യത്തിൽ അനുകൂല സമീപനം ആയിരുന്നില്ല കേന്ദ്രം വച്ച് പുലർത്തിയത്. ഭൂമി കൈമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ നിലനിൽക്കെ ഇക്കുറി എങ്കിലും കേരളത്തിന് എയിംസ് അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്.
ശബരിപാത നിർമ്മാണം കേരളം ഉന്നയിച്ച മറ്റൊരു പ്രധാന ആവശ്യമാണ്. കഴിഞ്ഞ മുപ്പത് വർഷത്തോളമായി കേന്ദ്രത്തിന് മുന്നിൽ കേരളം വച്ച ആവശ്യങ്ങളിൽ ഒന്ന് കൂടിയാണിതെങ്കിലും പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്. അങ്കമാലി- എരുമേലി ശബരിപാതയെ കുറിച്ചുള്ള ചർച്ചകൾ സജീവമായ സാഹചര്യത്തിൽ ഇത്തവണ കൂടുതൽ തുക അനുവദിക്കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.
നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിന് സ്പെഷ്യൽ പാക്കേജ് വേണമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ യോഗത്തിൽ ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര പാക്കേജാണ് കേരളം ആവശ്യപ്പെടുന്നത്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവാസികളായി കഴിയുന്ന മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങി വരുമ്പോൾ ആവശ്യമായ സൗകര്യം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കേരളത്തിന്റെ ആവശ്യങ്ങൾ കൃത്യമായി രേഖപ്പെടുത്തിയ നിവേദനം കേന്ദ്ര ധനമന്ത്രിക്ക് കെഎൻ ബാലഗോപാൽ കൈമാറിയിട്ടുണ്ട്. അംഗൻവാടി, ആശ വർക്കർമാരുടെ വേതനം കൂട്ടണം, കശുവണ്ടി, കയർ, കൈത്തറി സംരംഭങ്ങൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം എന്നിങ്ങനെയാണ് കെഎൻ ബാലഗോപാൽ യോഗത്തിൽ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ.
കേന്ദ്രം നടപ്പാക്കിയ ജിഎസ്‌ടി പരിഷ്‌കരണം മൂലം സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടായി. എയിംസിന് ഏറ്റവും അർഹമായ സംസ്ഥാനമാണ് കേരളമെന്നും എന്നിട്ടും അത് വൈകിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ശബരി പാത അതിന്റെ നിർമ്മാണ ചിലവ് അൻപത് ശതമാനം സംസ്ഥാന സർക്കാർ വഹിക്കാമെന്ന് അറിയിച്ചിട്ടും അതിനും പല കാരണങ്ങളാൽ അനിശ്ചിതത്വം നേരിടുന്നുണ്ടെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications