ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം
കൊച്ചി: അങ്കമാലി-എരുമേലി ശബരി റെയിൽപാതയുടെ നിർദ്ദിഷ്‌ട പദ്ധതിപ്രകാരം, കോട്ടയം ജില്ലയിലെ ഭരണങ്ങാനം സ്‌റ്റേഷനും ചെമ്മലമറ്റത്തിനും മധ്യേ ഏകദേശം 2.5 കിലോമീറ്റർ ദൈർഘ്യം വരുന്ന തുരങ്കം നിർമ്മിക്കേണ്ടി വരും. ഹൈക്കോടതി അംഗീകരിച്ച റെയിൽവേ അലൈൻമെന്റ് പ്ലാനിലാണ് ഈ വിവരമുള്ളത്. മലയോര മേഖലയിലൂടെ കടന്നുപോവുന്നതിനാൽ ഇത്തരം സങ്കീർണമായ ചില വെല്ലുവിളികൾ പാതയ്ക്ക് മുന്നിലുണ്ട്.
ഒരു തുരങ്കം മാത്രമല്ല കോട്ടയത്തെ പാതയിൽ ഉണ്ടാവുക. ഇതുകൂടാതെ, പാതയിൽ മൂന്ന് ചെറിയ തുരങ്കങ്ങൾ കൂടിയുണ്ടാകും. കോട്ടയം ജില്ലയിലൂടെ മാത്രം 38.780 കിലോമീറ്റർ ദൂരത്തിലാണ് റെയിൽവേ ലൈൻ കടന്നുപോകുന്നത്, അതായത് അന്തിനാട് (72.450 കി.മീ) മുതൽ എരുമേലി സ്‌റ്റേഷൻ (111 കി.മീ) വരെയുള്ള അവസാന ഭാഗമായിരിക്കും ജില്ലയിൽ ഉണ്ടാവുക.

ചെറിയ തുരങ്കങ്ങൾ ഭരണങ്ങാനം സ്‌റ്റേഷനു മുൻപിലും, ഭരണങ്ങാനം-ചെമ്മലമറ്റത്തിന് ഇടയിലും, കാഞ്ഞിരപ്പള്ളി റോഡ്-എരുമേലി സ്‌റ്റേഷൻ ഇടയിലുമായാണ് നിർമ്മിക്കുക. എട്ട് വലിയ പാലങ്ങളും 44 ചെറിയ പാലങ്ങളും പാതയിലുണ്ടാകുമെന്നാണ് അലൈൻമെന്റ് സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ ശബരി റെയിൽപാതയുടെ നിർമ്മാണം അൽപ്പം വെല്ലുവിളി നിറഞ്ഞതായിരിക്കും.
പാലങ്ങൾ ഇങ്ങനെ: കാഞ്ഞിരപ്പള്ളി റോഡ്-എരുമേലി ഭാഗത്ത് രണ്ടും, കാഞ്ഞിരപ്പള്ളി റോഡിനടുത്ത് രണ്ടും. ചെമ്മലമറ്റത്തിനും ഭരണങ്ങാനത്തിനുമിടയിൽ നാല് റെയിൽവേ പാലങ്ങളുണ്ട്. 18 റെയിൽവേ ഓവർബ്രിഡ്‌ജുകളും (ആർഒബി) 8 റെയിൽവേ അണ്ടർബ്രിഡ്‌ജുകളും (ആർയുബി) പദ്ധതിയുടെ ഭാഗമാണ്. ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ് സ്‌റ്റേഷനുകളിലായി രണ്ട് യാർഡുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കാൻ ആലോചനയുണ്ട്.
ശബരി റെയിൽ പദ്ധതി
ശബരിമല തീർത്ഥാടകർക്കും കേരളത്തിന്റെ മലയോര മേഖലയ്ക്കും വലിയ വികസന സാധ്യതകൾ നൽകുന്ന ഒരു റെയിൽവേ പദ്ധതിയായാണ് ശബരി റെയിൽ പദ്ധതിയെ വിഭാവനം ചെയ്‌തിരിക്കുന്നത്. അങ്കമാലിയിൽ നിന്ന് ആരംഭിച്ച് എരുമേലി വരെ നീളുന്ന ഈ പാതയ്ക്ക് ഏകദേശം 111 കിലോമീറ്റർ ദൈർഘ്യമാണ് ഉണ്ടാവുക.
അടുത്തിടെ പദ്ധതിയുടെ ആകെ ചെലവായ 3,810 കോടി രൂപയുടെ 50 ശതമാനം (ഏകദേശം 1900 കോടി രൂപ) കേരള സർക്കാർ വഹിക്കാൻ തീരുമാനിച്ചതായി അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മാത്രമല്ല ഇത് സംബന്ധിച്ച കത്ത് കേരള സർക്കാർ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കൈമാറുകയും ഹൈക്കോടതിയിൽ ഇക്കാര്യം അറിയിക്കുകയും ചെയ്‌തിട്ടുണ്ട്.
അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിങ്ങനെയാണ് ശബരി പാതയിലെ സ്‌റ്റേഷനുകൾ. അടുത്ത ഘട്ടമായി എരുമേലിയിൽ നിന്ന് പത്തനംതിട്ട, പുനലൂർ വഴി തിരുവനന്തപുരം ബാലരാമപുരത്തേക്ക് റെയിൽ പാത നീട്ടുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.












Click it and Unblock the Notifications