ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!
കൊച്ചി: ഏറെക്കാലമായി കാലം കാത്തിരിക്കുന്ന ശബരി റെയിൽ പദ്ധതിയിൽ ശുഭവാർത്ത. അടുത്ത ആറര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാവുമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ. രണ്ടര പതിറ്റാണ്ടിൽ അധികമായി കേരളം കാത്തിരിക്കുന്ന പദ്ധതിയാണിത്. 2032ൽ ശബരി റെയിൽ പദ്ധതിയുടെ ഭാഗമായുള്ള പാതയിൽ ട്രെയിനുകൾ ഓടി തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ മധ്യ കേരളത്തിന്റെ വലിയൊരു കാത്തിരിപ്പിന് ആരംഭം കുറിക്കുകയാണ്.
പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് ഒന്നര വർഷവും, നിർമാണം പൂർത്തിയാക്കാൻ 5 വർഷവും വേണ്ടി വരുമെന്നാണ് വിവരം. റെയിൽവേ നിർമ്മാണ വിഭാഗം തന്നെ ഇക്കാര്യം അറിയിച്ചതായി ശബരിപാത ആക്‌ഷൻ കൗൺസിൽ ഫെഡറേഷൻ ജനറൽ കൺവീനർ ബാബുപോളിനെ ഉദ്ധരിച്ച് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾക്ക് അടുത്ത കാലത്താണ് പുതുജീവൻ വച്ചത്.

1997-98 കാലയളവിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ശബരി റെയിൽ പാത. തുടർന്ന് ഒരു പതിറ്റാണ്ടിന് ശേഷം 2009ൽ നിർമ്മാണം ആരംഭിച്ചെങ്കിലും അങ്കമാലി മുതൽ കാലടി വരെയുള്ള പാതയും കാലടി റെയിൽവേ സ്‌റ്റേഷനും പെരിയാറിന് കുറുകെയുള്ള പാലവും മാത്രമായിരുന്നു ഇക്കാലം കൊണ്ട് പൂർത്തിയായത്. ശേഷിക്കുന്ന പ്രവർത്തി നടക്കാതെ പതിനേഴ് കൊല്ലത്തോളമായി ഒരേ നിലയിൽ നിൽക്കുകയായിരുന്നു പദ്ധതി.
പദ്ധതിയുടെ ആകെ ചിലവിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്ര നിർദ്ദേശത്തെത്തുടർന്നാണ് കഴിഞ്ഞ 12 വർഷമായി നിർമ്മാണം മുടങ്ങിയത്. പദ്ധതി ചിലവിന്റെ 50 ശതമാനമായ 1900 കോടി രൂപ കിഫ്ബി മുഖേന അനുവദിക്കാൻ സംസ്ഥാനം ഭരണാനുമതി നൽകുകയും ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് പദ്ധതിക്ക് ഉണർവുണ്ടായത്.
എത്രയും പെട്ടെന്ന് തന്നെ നടപടി ക്രമങ്ങൾ തീർക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. എറണാകുളം, ഇടുക്കി ജില്ലകളിലെ ഭൂമി ഒരു വർഷത്തിനുള്ളിൽ ഏറ്റെടുത്ത് റെയിൽവേക്കു കൈമാറാനാണ് റവന്യു വകുപ്പ് ലക്ഷ്യമിടുന്നത്. കോട്ടയം ജില്ലയിലെ നടപടികൾ പൂർത്തിയാക്കാൻ ഒന്നര വർഷം വരെ എടുത്തേക്കാമെന്നാണ് കരുതുന്നത്. ഭൂമി കൈമാറുന്ന മുറയ്ക്ക് റെയിൽവേ നിർമാണവിഭാഗം പാതയുടെയും പാലങ്ങളുടെയും പണികൾ ആരംഭിക്കും.
അതിന് ശേഷം അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി പാത കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്. മേൽപറഞ്ഞ നടപടികൾ എല്ലാം കൃത്യ സമയത്ത് പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കാൻ സാധിച്ചാൽ മാത്രമേ ഇത് സമയബന്ധിതമായി തീർക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് മുന്നിലുള്ള വെല്ലുവിളി. അതിനുള്ള തീവ്ര ശ്രമത്തിലാണ് ബന്ധപ്പെട്ടവർ.
അടുത്തിടെയാണ് ശബരി റെയില്‍പാതയ്ക്കായി ഭൂമി ഏറ്റെടുക്കാന്‍ കളക്‌ടര്‍മാര്‍ക്ക് അനുമതി നല്‍കിയത്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്ന് 303.5 ഹെക്‌ടര്‍ ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കി റവന്യൂ വകുപ്പാണ് ഉത്തരവിറക്കിയത്. എറണാകുളം ജില്ലയില്‍ നിന്ന് 152.5 ഹെക്‌ടറും ഇടുക്കിയില്‍ നിന്ന് 31.64 ഹെക്‌ടറും കോട്ടയത്തുനിന്ന് 119.8 ഹെക്‌ടറുമാണ് നഷ്‌ടപരിഹാരം നല്‍കി പദ്ധതിക്കായി അധികൃതർ ഏറ്റെടുക്കുക.
ശബരി റെയിൽ പാത
110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത, ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാര്‍ഗമായാണ് വികസിപ്പിക്കുക. അങ്കമാലി മുതല്‍ വാപ്പാലശ്ശേരി, നായത്തോട്, പിരാരൂര്‍, മറ്റൂര്‍ വഴി കാലടി വരെ 7 കിലോമീറ്റര്‍ പാത ഇതിനകം നിര്‍മ്മിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാവും മറ്റ് സ്‌റ്റേഷനുകൾ.












Click it and Unblock the Notifications