ശബരിമല തീർത്ഥാടനം; ചെന്നൈ-കോട്ടയം പ്രതിവാര സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
പാലക്കാട്: ശബരിമല സീസൺ ആരംഭിച്ചതോടെ കൂടുതൽ സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവേ. തീർത്ഥാടകർക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കോട്ടയത്തേക്ക് പ്രതിവാര സർവീസ് ആരംഭിച്ചു. ആകെ പതിനാല് സർവീസുകളാണ് നടത്തുക. തമിഴ്‌നാട്ടിൽ നിന്ന് വരുന്ന അയ്യപ്പ ഭക്തർക്ക് കൂടുതൽ ഗുണകരമാവുന്ന സർവീസാണിത്.
ട്രെയിൻ (നമ്പർ: 06027) നവംബർ 19, 26 തീയതികളിൽ ചെന്നൈയിൽ നിന്ന് രാത്രി 11.30നും ഡിസംബർ 3, 24, 31 തീയതികളിലും യാത്ര ആരംഭിക്കും. അടുത്ത ദിവസം ഉച്ചയ്ക്ക് 1:10ന് കോട്ടയത്ത് എത്തിച്ചേരുന്ന രീതിയിലാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്.

മടക്കയാത്രക്കായി ട്രെയിൻ (നമ്പർ: 06028) നവംബർ 20, 27 തീയതികളിലും ഡിസംബർ 4, 11, 18, 25 തീയതികളിലും കോട്ടയത്ത് നിന്ന് വൈകീട്ട് 7 മണിക്ക് യാത്ര ആരംഭിക്കും. ട്രെയിൻ അടുത്ത ദിവസം രാവിലെ 10.30ന് ചെന്നൈ സെൻട്രലിലെത്തും.
തമിഴ്‌നാട്ടിലെ പെരമ്പൂർ, ജോലാർപേട്ട, സേലം, ഈറോഡ് എന്നിവിടങ്ങളിലും കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ ഉൾപ്പെടെയുള്ള പ്രധാന സ്‌റ്റേഷനുകളിലും ഈ പ്രത്യേക ട്രെയിനുകൾ നിർത്തും. പാലക്കാട് വരെയുള്ള ജില്ലകളിൽ നിന്നുള്ള തീർത്ഥാടകർക്കും ഈ സ്പെഷ്യൽ ട്രെയിന്റെ സേവനം ഗുണമാവും.
അതേസമയം, ശബരിമല സീസണിലെ തിരക്ക് പ്രമാണിച്ച് റെയിൽവേ കഴിഞ്ഞ ദിവസം കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു. നർസാപൂർ-കോട്ടയം, സെക്കന്തരാബാദ്-കൊല്ലം, ധൻബാദ്-എറണാകുളം തുടങ്ങിയ റൂട്ടുകളിലാണ് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചത്. ഇതിന്റെ റിസർവേഷനും ആരംഭിച്ചിരുന്നു.












Click it and Unblock the Notifications