ശബരിമല സ്പോട്ട് ബുക്കിംഗ്; ആയുധമാക്കാൻ ബിജെപി, ഏറ്റെടുത്ത് ഹൈന്ദവ സംഘടനകളും, ഇനി നിർണായകം
പത്തനംതിട്ട: ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ ദേവസ്വം ബോർഡ് തീരുമാനം പുറത്തുവന്നതിന് പിന്നാലെ വ്യാപകമായ എതിർപ്പുകളും വിമർശനങ്ങളുമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. ഈ നീക്കത്തിനെതിരെ ഹൈന്ദവ സംഘടനകൾ ശക്തമായ വിയോജിപ്പ് അറിയിച്ചതിന് പിന്നാലെ അടുത്ത കാര്യ പരിപാടികളിലേക്ക് അവർ കടക്കുകയാണ്. ബിജെപിയും വിഷയം ആയുധമാക്കാൻ ഒരുങ്ങുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
നിലവിൽ പന്ത് സർക്കാരിന്റെ കോർട്ടിലാണ് ഉള്ളത്. അന്തിമ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും എന്നാണ് ദേവസ്വം ബോർഡ് ചെയർമാൻ ഉൾപ്പെടെ അറിയിച്ചിരിക്കുന്നത്. പ്രതിപക്ഷത്ത് നിന്ന് മാത്രമല്ല സഖ്യ കക്ഷികളിൽ നിന്ന് വരെ എതിർപ്പ് ശക്തമായ സാഹചര്യത്തിൽ സർക്കാർ തീരുമാനം നിർണായകമാകും. വീണ്ടും ശബരിമല ഒരു സമരകേന്ദ്രമാവുമോ എന്നതും ഈ തീരുമാനത്തെ ആശ്രയിച്ചാണുള്ളത്. ഇതുമായി ബന്ധപ്പെട്ട ഇന്റലിജൻസ് റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്.

ശബരിമല സ്പോട്ട് ബുക്കിംഗ് വിവാദം
കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്‌തമായി ഇക്കുറി സ്പോട്ട് ബുക്കിംഗ് വേണ്ടെന്നായിരുന്നു ദേവസ്വം ബോർഡിന്റെ തീരുമാനം. ഇത്തവണ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കി ഓൺലൈനായി ബുക്ക് ചെയ്യുന്ന 80,000 പേർക്ക് മാത്രം ദർശന സൗകര്യം ഒരുക്കാമെന്നായിരുന്നു സർക്കാരിന്റെയും ദേവസ്വത്തിന്റെയും നിലപാട്. കഴിഞ്ഞ തവണ 90,000 പേർക്ക് ഓൺലൈനായും 15,000 പേർക്ക് സ്പോട്ട് ബുക്കിംഗ് വഴിയുമാണ് ദർശനത്തിന് സൗകര്യം ഒരുക്കിയത്.
എന്നാൽ അന്യസംസ്ഥാനത്ത് നിന്ന് വരുന്നവർക്ക് ഉൾപ്പെടെ ഓൺലൈൻ ബുക്കിംഗ് സൗകര്യത്തെ കുറിച്ച് അറിയില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഇത്തരക്കാർക്ക് ദർശനം കിട്ടാതെ മടങ്ങാൻ പുതിയ തീരുമാനം കാരണമാവും എന്നാണ് വിലയിരുത്തൽ. ഇതോടെയാണ് പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെ എതിർപ്പുമായി രംഗത്ത് വരുന്നത്. നിലവിൽ ഹൈന്ദവ സംഘനകൾ ഈ മാസം 26ന് പന്തളത്ത് യോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
ബിജെപിക്ക് വീണ്ടും സുവർണാവസരമോ?
ശബരിമല സ്ത്രീ പ്രവേശനത്തിന് ശേഷം വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ ശക്തമായ സമര പരിപാടികൾ ആസൂത്രണം ചെയ്യാനാണ് ബിജെപി ഒരുങ്ങുന്നത്. സ്പോട്ട് ബുക്കിംഗ് വിഷയത്തിൽ സർക്കാർ തടസ്സവാദം ഉന്നയിച്ചാൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന ഭീഷണി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ സർക്കാർ വിഷയത്തിൽ കൂടുതൽ ചിന്തിച്ച ശേഷമേ നിലപാട് പ്രഖ്യാപിക്കാൻ സാധ്യതയുള്ളൂ.
എതിർത്ത് സിപിഐയും
വിഷയത്തിൽ ബിജെപിക്ക് യാതൊരു മുതലെടുപ്പിനുമുള്ള അവസരവും കൊടുക്കരുതെന്നാണ് സിപിഐ നിലപാട്. അതുകൊണ്ട് തന്നെ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനം സർക്കാരും ദേവസ്വം ബോർഡും പുനഃപരിശോധിക്കണം എന്നാണ് അവരുടെ ആവശ്യം. ഒപ്പം സിപിഎം ജില്ലാ കമ്മറ്റിയും വിഷയത്തിൽ സമാന നിലപാട് വച്ചുപുലർത്തുന്നു എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സർക്കാരിന് നിർണായകം
തദ്ദേശ തിരഞ്ഞെടുപ്പും ഈ വർഷം നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളും ഒക്കെയായി വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്. ഒരുവട്ടം കൂടി പ്രതിപക്ഷത്തിന് സമരത്തിനുള്ള അവസരം സർക്കാർ ഒരുക്കി കൊടുക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. തൃശൂർ പൂരം വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ച രീതിയും സർക്കാരിനൊരു പാഠമാണ്. അതൊക്കെയും പരിഗണിച്ചാവും സർക്കാരിന്റെ അന്തിമ തീരുമാനം.












Click it and Unblock the Notifications