ശരണം വിളികളിൽ മുങ്ങി സന്നിധാനം, ഭക്തിസാന്ദ്രം; മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു
പത്തനംതിട്ട: ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് നട തുറന്നത്. മേൽശാന്തി പിഎൻ മഹേഷ് നട തുറന്ന് ദീപം തെളിയിച്ചതോടെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന മണ്ഡലകാല തീർത്ഥാടനത്തിന് ശുഭാരംഭമായി. ഇന്ന് മുതൽ തന്നെ ഭക്തർക്ക് പ്രവേശനം ആരംഭിച്ചിട്ടുണ്ട്. ശബരിമല തന്ത്രി കണ്‌ഠര് രാജീവർ ചടങ്ങുകൾക്ക് നേതൃത്വം നൽകുവാൻ മുന്നിൽ തന്നെയുണ്ടായിരുന്നു.
താഴമൺ മഠത്തിലെ ചിട്ടയായ പരിശീലനത്തിന് ശേഷം എത്തുന്ന നിയുക്ത മേൽശാന്തിമാരെ കണ്‌ഠര് രാജീവർ കൈപിടിച്ചുകൊണ്ടാണ് പതിനെട്ടാംപടി കയറ്റിയത്. ആദ്യം ശബരിമല മേൽശാന്തിയുടെയും പിന്നീട് മാളികപ്പുറം മേൽശാന്തിയുടെയും അഭിഷേകമാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. കണ്‌ഠര് രാജീവർക്ക് പുറമേ കണ്‌ഠര് ബ്രഹ്മദത്തനും ചടങ്ങുകൾക്ക് നേതൃത്വം നൽകും.

നിയുക്ത മേൽശാന്തിമാരായ എസ് അരുൺ കുമാർ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി എന്നിവർ സന്നിഹിതരായിരുന്നു. ഇവർക്ക് പുറമേ ദേവസ്വം ബോർഡ് പ്രതിനിധികളും ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനായി സന്നിധാനത്ത് എത്തിയിരുന്നു. വൃശ്ചികം ഒന്നായ നാളെ പുലർച്ചെ മൂന്ന് മണിക്ക് നട തുറക്കും. പിന്നീട് ഡിസംബർ 26 വരെ പൂജകൾ എല്ലാദിവസവും പൂജകളുണ്ടാവും.
ഇത്തവണത്തെ മണ്ഡലപൂജ ഡിസംബർ 26നാണ്. അന്ന് രാത്രി അടയ്ക്കുന്ന ശബരിമല നട പിന്നീട് തുറക്കുക മകരവിളക്ക് പൂജയ്ക്കായാണ്. ഡിസംബർ 30ന് വൈകീട്ട് അഞ്ച് മണിക്കായിരിക്കും നട തുറക്കുക. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം നടക്കുക. തുടർന്ന് ജനുവരി 20ന് തീർത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് നട അടയ്ക്കും.
അതേസമയം, നിലവിൽ തീർത്ഥാടകരെ വരവേൽക്കാൻ സജ്ജമാണ് ശബരിമല. അടുത്ത രണ്ടാഴ്‌ച കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി കഴിഞ്ഞു. ഒരു ദിവസം 70,000 വെർച്വൽ ക്യൂ ബുക്കിംഗ് സൗകര്യത്തിലൂടെ ദർശനം നടത്താനുള്ള അവസരമുള്ളത്. ഇതിന് പുറമേ 10,000 പേർക്ക് സ്പോട്ട് ബുക്കിംഗ് വഴി ദർശന സൗകര്യം ഒരുക്കാനുള്ള സംവിധാനവും ഇക്കുറി ഒരുക്കിയിട്ടുണ്ട്.
ഇന്ന് 30,000 പേരാണ് വെർച്വൽ ക്യൂ മുഖേന മാത്രം ദർശനത്തിനായി ബുക്ക് ചെയ്‌തിരിക്കുന്നത്. ഉച്ചയോടെ തീർത്ഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റി വിടാൻ ആരംഭിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാൻ നിരവധി സംവിധാനങ്ങളാണ് ശബരിമലയിൽ ഇക്കുറി ഒരുക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും. ഇത്തവണ ദർശന സമയം 2 മണിക്കൂർ കൂടി വർധിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications