മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ; കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി, സത്യവാങ്മൂലം നൽകണം
ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജിയിലാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഡാം സുരക്ഷാ നിയമപ്രകാരം എന്തെല്ലാം നടപടികളെടുത്തുവെന്ന് അറിയിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. രണ്ടാഴ്ച്ചയ്ക്ക് അകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രത്തിനെതിരെ കേരളം കോടതിയിൽ നിലപാട് സ്വീകരിച്ചിരുന്നു. കേന്ദ്രം ഒരു നടപടിയും സുരക്ഷയ്ക്ക് വേണ്ടി സ്വീകരിച്ചിട്ടില്ലെന്നും നിയമം കടലാസിൽ മാത്രമാണെന്നുമാണ് കേരളം കോടതിയെ ധരിപ്പിച്ചത്.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം നേരത്തെ കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചിരുന്നു. 13 വർഷത്തിന് ശേഷമാണ് മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന നടത്താൻ ഒരുങ്ങുന്നത്. 12 മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.
വിഷയത്തിൽ തമിഴ്‌നാട് ഉന്നയിച്ച എതിർപ്പ് തള്ളിക്കൊണ്ടാണ് ജലകമ്മീഷൻ പരിശോധനയ്ക്ക് തീരുമാനിച്ചത്. 2021ലെ അണക്കെട്ട് സുരക്ഷാ നിയമപ്രകാരം ഇങ്ങനെയുള്ള പരിശോധന 2026ല്‍ മാത്രം നടത്തിയാല്‍ മതിയെന്ന നിലപാടായിരുന്നു തമിഴ്‌നാട് സ്വീകരിച്ചത്. എന്നാൽ ഇത് അംഗീകരിക്കാൻ ജല കമ്മീഷൻ തയ്യാറായില്ല.
അടുത്തിടെ മുല്ലപ്പെരിയാറിന്റെ വാർഷിക അറ്റകുറ്റപ്പണി തമിഴ്‌നാട് ആരംഭിച്ചിരുന്നു. ആദ്യം കേരളം അനുമതി നിഷേധിച്ചിരുന്നു. പിന്നീട് അറ്റകുറ്റപ്പണിയുടെ വിശദാംശങ്ങൾ തമിഴ്‌നാട് വ്യക്തമാക്കിയതിനെ തുടർന്നാണ് ഡിസംബർ 11ന് കേരളം അനുവാദം നൽകിയത്. നേരത്തെ അറ്റകുറ്റപ്പണിക്കായി കേരളത്തിന്റെ അനുമതിയില്ലാതെ സാധനങ്ങൾ എത്തിച്ചത് തടഞ്ഞിരുന്നു.
കമ്പത്ത് നിന്ന് എത്തിയ പെരിയാർ ഡാം (സ്പെഷൽ ഡിവിഷൻ) എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലാണ് ഇവിടെ ജോലികൾ നടത്തുന്നത്. സ്‌പിൽവേ ഷട്ടർ പ്ലേറ്റുകളുടെ മാറ്റം, പെയിന്റിങ്, ക്വാർട്ടേഴ്‌സിന്റെയും കെട്ടിടങ്ങളുടെയും നവീകരണം എന്നിവയാണ് ഇവിടെ നടത്തുന്ന പ്രധാന ജോലികളിൽ ചിലത്.












Click it and Unblock the Notifications