സൽമാൻ ഖാൻ വേട്ടയാടിയ കൃഷ്ണമൃഗം ബിഷ്ണോയികളുടെ ദൈവം! ഗുരു ജംബാജിയുടെ പുനർജ്ജന്മം...
ബോളിവുഡ് ഹീറോ സൽമാൻ ഖാൻ വേട്ടയാടിയ കൃഷ്ണമൃഗം വെറുമൊരു വന്യമൃഗം മാത്രമായിരുന്നില്ല എന്നതാണ് ഈ കേസിലെ പ്രധാന സവിശേഷത.
ദില്ലി: ഇരുപത് വർഷത്തിന് ശേഷം കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാൻ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. 1998ൽ നടന്ന സംഭവത്തിൽ അഞ്ച് വർഷത്തെ തടവും പതിനായിരം രൂപ പിഴയുമാണ് കോടതി അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. കേവലമൊരു വന്യമൃഗത്തെ വേട്ടയാടി എന്നതിലുപരി ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ച കേസിലാണ് ജോധ്പൂർ കോടതി 2018 ഏപ്രിൽ അഞ്ചിന് വിധി പറഞ്ഞിരിക്കുന്നത്.
ബോളിവുഡ് ഹീറോ സൽമാൻ ഖാൻ വേട്ടയാടിയ കൃഷ്ണമൃഗം വെറുമൊരു വന്യമൃഗം മാത്രമായിരുന്നില്ല എന്നതാണ് ഈ കേസിലെ പ്രധാന സവിശേഷത. ഇന്ത്യയിലെ മത വിഭാഗങ്ങളിലൊന്നായ ബിഷ്ണോയികൾ ദൈവതുല്യമായി കണക്കാക്കുന്ന മൃഗമാണ് കൃഷ്ണമൃഗം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പടിഞ്ഞാറൻ താർ മരുഭൂമികളും രൂപംകൊണ്ട ബിഷ്ണോയികളുടെ ജീവിതരീതികളും ഏറെ പ്രത്യേകതയുള്ളവയാണ്.

ജമ്മേശ്വർജി മഹാരാജ്...
എഡി 1542ൽ ജമ്മേശ്വർജി മഹാരാജാണ് ബിഷ്ണോയി സമുദായം സ്ഥാപിക്കുന്നത്. ജംബാജി അല്ലെങ്കിൽ ഗുരു ജമ്മേശ്വർ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ജമ്മേശ്വർജി മഹാരാജ് 29 നിയമങ്ങളടങ്ങിയ മതപാഠവും തയ്യാറാക്കിയിരുന്നു. വ്യക്തി ശുചിത്വം, ആരോഗ്യം, ദൈവാരാധന, പരിസ്ഥിതി പരിപാലനം തുടങ്ങിയ വിഭാഗങ്ങളിലായാണ് അദ്ദേഹം 29 നിയമങ്ങൾ വിശദീകരിച്ചിരുന്നത്. പരിസ്ഥിതി സൗഹൃദമായ ജീവിതരീതികൾ മതത്തിന്റെ ഭാഗമാക്കിയ ലോകത്തിലെ അപൂർവ്വ മതങ്ങളിലൊന്നാണ് ബിഷ്ണോയി. മൃഗങ്ങളെ വേട്ടയാടുന്നതും കൊല്ലുന്നതും പാപമാണെന്നാണ് ഇവരുടെ വിശ്വാസം. ഇതോടൊപ്പം മൃഗപരിപാലനത്തെയും ബിഷ്ണോയികൾ പ്രോത്സാഹിപ്പിക്കുന്നു.

കൃഷ്ണമൃഗം...
ഒരു മരം മുറിക്കുന്നതും, പക്ഷിമൃഗാദികളെ കൊല്ലുന്നതും നിഷിദ്ധമായ ബിഷ്ണോയികൾ ദൈവതുല്യമായി കാണുന്ന മൃഗമാണ് കൃഷ്ണമൃഗം. തങ്ങളുടെ ഗുരുവായ ജംബാജിയുടെ പുനർജ്ജന്മമായാണ് ഇവർ കൃഷ്ണമൃഗത്തെ കണക്കാക്കുന്നത്. കൃഷ്ണമൃഗങ്ങളുടെ സംരക്ഷണത്തിനായി ഏതറ്റം വരെ പോകാനും ഒരു മടിയുമില്ല. കൃഷ്ണമൃഗ സംരക്ഷണത്തിനായി രാജ്യത്തുടനീളം ബിഷ്ണോയികൾ വിപുലമായ ക്യാമ്പയിനുകളും സംഘടിപ്പിക്കാറുണ്ട്. ബിഷ്ണോയികളുടെ ഈ കൃഷ്ണമൃഗ സ്നേഹം തന്നെയാണ് ബോളിവുഡ് നടൻ സൽമാൻ ഖാനും തിരിച്ചടിയായത്. വന്യജീവി നിയമപ്രകാരമാണ് സൽമാൻ ഖാനെ കോടതി ശിക്ഷിച്ചതെങ്കിലും, അദ്ദേഹത്തിനെതിരായ നിയമപോരാട്ടത്തിന് മുന്നിൽ നിന്നിരുന്നത് ബിഷ്ണോയികളായിരുന്നു.

ആയിരത്തിലേറെ...
പക്ഷിമൃഗാദികളെ വേട്ടയാടുന്നതും കൊലപ്പെടുത്തുന്നതും വൻ പാപമായി കണക്കാക്കുന്ന ബിഷ്ണോയികൾ വന്യജീവികൾക്കെതിരായ ആക്രമണങ്ങളിലെല്ലാം പ്രതികരണവുമായി രംഗത്തെത്താറുണ്ട്. രാജസ്ഥാനിൽ വന്യജീവി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട കേസുകളിൽ 1700ഓളം പേരാണ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. ഈ കേസുകളിലെല്ലാം പരമാവധി ശിക്ഷ വാങ്ങിനൽകാൻ ബിഷ്ണോയികളും ഇടപെട്ടിരുന്നു. 1998ൽ 'ഹം സാത്ത് സാത്ത് ഹാൻ' എന്ന ഹിന്ദി സിനിമയുടെ ചിത്രീകരണത്തിനായാണ് സൽമാൻ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾ രാജസ്ഥാനിലെത്തുന്നത്. ഷൂട്ടിങ് കഴിഞ്ഞ് രാത്രിയിൽ ഗോധ ഫാമിൽ സന്ദർശത്തിനിറങ്ങിയ ബോളിവുഡ് താരസംഘം രണ്ട് കൃഷ്ണമൃഗങ്ങളെയാണ് വെടിവച്ച് കൊന്നത്.

സിനിമാ നടന്മാർ...
ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാൻ, നീലം കോത്താരി, സൊനാലി ബേന്ദ്ര, തബു എന്നിവരായിരുന്നു അന്ന് സൽമാനോടൊപ്പം ഉണ്ടായിരുന്നത്. ഈ ബോളിവുഡ് താരങ്ങളും സൽമാന്റെ സഹായികളായ ദുഷ്യന്ത് സിങ്, ദിനേഷ് ഗാവ്റ എന്നിവരും കേസിൽ പ്രതിചേർക്കപ്പെട്ടു. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് ഇരുപത് വർഷങ്ങൾക്കിപ്പുറം വിധി പ്രസ്താവിച്ചപ്പോൾ സൽമാൻ ഖാൻ മാത്രമാണ് കുറ്റക്കാരൻ. വന്യജീവി സംരക്ഷണ നിയമപ്രകാരം അഞ്ച് വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ജോധ്പൂർ കോടതി സൽമാന് ശിക്ഷ വിധിച്ചത്. കേസിലെ മറ്റു പ്രതികളായ സെയ്ഫ് അലി ഖാൻ ഉൾപ്പെടെയുള്ള നാല് ബോളിവുഡ് താരങ്ങളെ കോടതി വെറുതെവിടുകയും ചെയ്തു.












Click it and Unblock the Notifications