സമാജ്‌വാദി പാർട്ടിയുടെ കേരള ഘടകം പിരിച്ചുവിട്ടു; ലയനമല്ല കാരണം, വിപുലീകരണമെന്ന് സംസ്ഥാന സെക്രട്ടറി
ന്യൂഡൽഹി: സമാജ്‌വാദി പാർട്ടിയുടെ കേരള ഘടകം പിരിച്ചുവിട്ട നടപടി സ്വാഗതം ചെയ്‌ത് സംസ്ഥാന നേതൃത്വം. ദേശീയ നേതൃത്വത്തിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ സാജു വള്ളക്കടവ് വൺഇന്ത്യ മലയാളത്തോട് പറഞ്ഞു. ഇത് സംബന്ധിച്ച തീരുമാനം ദേശീയ നേതൃത്വം ഔദ്യോഗികമായി അറിയിച്ചുവെന്നും സാജു വ്യക്തമാക്കി.
കൃത്യമായ കാരണങ്ങൾ അറിയിച്ചിട്ടില്ലെങ്കിലും ഒന്ന് രണ്ട് വിഷയങ്ങൾ ഇതിനെ സ്വാധീനിച്ചിട്ടുണ്ടാവും എന്നാണ് അദ്ദേഹം പറയുന്നത്. അതിലൊന്ന് സംസ്ഥാന ഘടകത്തിന്റെ ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞു എന്നതാണ്. അഞ്ച് വർഷമാണ് സംഘടനയിലെ ചട്ടമനുസരിച്ച് ഒരു ഭരണസമിതിയുടെ കാലാവധി, എന്നാൽ നിലവിലെ സമിതി അഞ്ചര വർഷമായി; അദ്ദേഹം പറഞ്ഞു.

കേരളത്തിന് പുറമേ മറ്റ് പല സംസ്ഥാനങ്ങളിലും പുനഃസംഘടന നടത്തിയതാണ്. അതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു നടപടി. മറ്റൊരു വിഷയം പാർട്ടിയിലേക്ക് കൂടുതൽ പേർ എത്തുന്നു എന്നതാണ്. വിവിധ മേഖലകളിൽ നിന്നായി നിരവധി പേർ മറ്റ് പാർട്ടികളിൽ നിന്ന് എസ്‌പിയിലേക്ക് വരുന്നുണ്ട്, അതിൽ മുതിർന്ന രാഷ്ട്രീയ നേതാക്കളുമുണ്ട്. അവരെ കൂടി ഉൾക്കൊള്ളിച്ചു കൊണ്ട് കൂടുതൽ വിപുലീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജെഡിഎസുമായി ലയനം എന്ന നിലയിൽ അല്ല ചർച്ചകൾ നടക്കുന്നതെന്നും നിലവിലെ അവസ്ഥയിൽ ലയനമല്ല പിരിച്ചുവിടലിന് കാരണമെന്നും വിപുലീകരണമാണെന്നും അദ്ദേഹം പറയുന്നു. പാർട്ടി കൂടുതൽ വളരുകയാണ്. നിലവിലെ പിരിച്ചുവിടൽ നടപടിയിലൂടെ ജില്ലാ കമ്മിറ്റികളും അസാധുവാകും. ഇനി ദേശീയ അധ്യക്ഷന്റെ തീരുമാനം അനുസരിച്ചാവും പുതിയ കമ്മിറ്റിയുടെ വരവ്; സാജു വള്ളക്കടവ് പറയുന്നു.
തിരഞ്ഞെടുപ്പ് എന്ന രീതി ഇല്ലെന്നും ദേശീയ അധ്യക്ഷനാണ് സംസ്ഥാന നേതൃത്വത്തെ കുറിച്ചുള്ള തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇപ്പോഴത്തെ തീരുമാനം പാർട്ടിക്ക് കേരളത്തിൽ വേരൂന്നാൻ കൂടുതൽ ഗുണം ചെയ്യുമെന്നും പുതിയ കമ്മിറ്റി വന്നാൽ അവർക്ക് കീഴിൽ പ്രവർത്തിക്കുമെന്നും സജു വള്ളക്കടവ് കൂട്ടിച്ചേർത്തു.
അതേസമയം, അഖിലേഷ് യാദവ് നേതൃത്വം നൽകുന്ന സമാജ്‌വാദി പാർട്ടിയുടെ കേരള ഘടകം പിരിച്ചുവിട്ടതായി ഇന്നാണ് അറിയിച്ചത്. എക്‌സ് പോസ്‌റ്റിലൂടെയാണ് പാർട്ടിയുടെ പ്രഖ്യാപനം. ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവിന്റെ നിർദ്ദേശ പ്രകാരമാണ് തീരുമാനമെന്നാണ് വിശദീകരണം. എന്നാൽ പിരിച്ചുവിട്ടതിന്റെ കൃത്യമായ കാരണം എന്തെന്ന് ട്വീറ്റിൽ വ്യക്തമാക്കിയിട്ടില്ല.
'ദേശീയ അധ്യക്ഷന്റെ നിർദ്ദേശപ്രകാരം സമാജ്‌വാദി പാർട്ടിയുടെ കേരള സംസ്ഥാന ഘടകം അടിയന്തര പ്രാബല്യത്തോടെ പിരിച്ചുവിട്ടു. ദേശീയ ജനറൽ സെക്രട്ടറി ജോ ആന്റണിയെ കേരള സംസ്ഥാന നിരീക്ഷകനായി നിയമിക്കുകയും ചെയ്‌തു' എന്നാണ് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച പോസ്‌റ്റിൽ പറയുന്നത്.












Click it and Unblock the Notifications