'നരേന്ദ്ര മോദിയെ അംഗീകരിക്കാൻ ഈ രാജ്യത്തെ സ്നേഹിക്കുന്ന ഏത് പൗരൻമാർക്കാണ് കഴിയുക?'; സന്ദീപ് വാര്യർ
തിരുവനന്തപുരം: കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശത്തിൽ ബിജെപി മന്ത്രിയെ സ്ഥാനത്ത് നീക്കാൻ തയ്യാറാവാത്ത നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. മന്ത്രിയെ സംരക്ഷിക്കുന്ന ബിജെപി നടപടി തെറ്റാണെന്നും കോടതി പോലും ശക്തമായ ഭാഷയിൽ വിമർശിച്ചിട്ടും എന്തിനാണ് മന്ത്രി വിജയ് ഷായെ ബിജെപി സംരക്ഷിക്കുന്നതെന്നും സന്ദീപ് വാര്യർ ചോദിച്ചു. പ്രധാനമന്ത്രി മോദിയെയും അദ്ദേഹം വിമർശിച്ചു.
അടുത്ത കൂട്ടുകാരനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിജയ് ഷായെ സംരക്ഷിക്കുന്നത് എന്ന ആരോപണമാണ് സന്ദീപ് മുന്നോട്ട് വയ്ക്കുന്നത്. ബിജെപിയെയും നരേന്ദ്ര മോദിയെയും ഈ രാജ്യത്തെ സ്നേഹിക്കുന്ന ഏതു പൗരന്മാർക്കാണ് അംഗീകരിക്കാൻ കഴിയുകയെന്നും സന്ദീപ് വാര്യർ ചോദിച്ചു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ രൂക്ഷവിമർശനം.

നേരത്തെ വിവാദമായ സംഭവത്തിൽ മധ്യപ്രദേശ് മന്ത്രി വിജയ് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി രംഗത്ത് വന്നിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് രാജ്യം നല്‍കിയ തിരിച്ചടി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിലാണ് കോടതി ഷായെ നിർത്തിപ്പൊരിച്ചത്.
ഒരു പൊതുപരിപാടിയിൽ വച്ചാണ് വിജയ് ഷാ വിദ്വേഷ പരാമർശം നടത്തിയത്. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തില്‍ പരാമര്‍ശിച്ചതാണ് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. പഹല്‍ഗാമിലെ കൂട്ടക്കൊലയിലൂടെ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെതന്നെ സഹോദരിയെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തകര്‍ത്തുവെന്നായിരുന്നു വിജയ് ഷാ പറഞ്ഞത്.
സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
ഇന്ത്യയുടെ അഭിമാനമായ സൈനിക ഉദ്യോഗസ്ഥ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മന്ത്രിയെ സംരക്ഷിക്കാനാണ് ബിജെപി തീരുമാനമത്രേ. ഇന്ത്യൻ സൈന്യത്തെ തന്നെ അവഹേളിച്ചുകൊണ്ട് സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മന്ത്രിയെ രാജിവെപ്പിക്കും എന്ന പ്രതീക്ഷയിലാണ് ഇന്നലെ 24 ന്യൂസിൽ ബിജെപി പ്രതിനിധി പോലും പ്രതികരിച്ചത്. പക്ഷേ മന്ത്രിയെ സംരക്ഷിക്കാനാണ് ബിജെപിയുടെ തീരുമാനം.
രാജ്യസ്നേഹത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്ത പാർട്ടിയാണല്ലോ ബിജെപി. മന്ത്രി വിജയ് ഷായെ സംരക്ഷിക്കുന്നത് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. കോടതി പോലും എടുത്തു കുടഞ്ഞിട്ടും സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മന്ത്രിയെ സംരക്ഷിക്കുന്ന ബിജെപിയെയും നരേന്ദ്രമോദിയെയും ഈ രാജ്യത്തെ സ്നേഹിക്കുന്ന ഏതു പൗരന്മാർക്കാണ് അംഗീകരിക്കാൻ കഴിയുക?
ഇല്ല മോദി ഈ രാജ്യത്തെ സ്നേഹിക്കുന്ന, ഇന്ത്യൻ സൈന്യത്തെ ബഹുമാനിക്കുന്ന കോടിക്കണക്കിന് ഭാരതീയരുടെ പ്രതിഷേധാഗ്നിക്ക് മുന്നിൽ നിങ്ങൾക്ക് വിദ്വേഷ പ്രചാരകനായ മന്ത്രിയെ ഏറെനാൾ സംരക്ഷിക്കാൻ കഴിയില്ല. രാജിവെപ്പിച്ചേ മതിയാകൂ.












Click it and Unblock the Notifications