'ഭീരുവായ പടനായകനാണ് രാജീവ് ചന്ദ്രശേഖർ, നിലമ്പൂരിൽ മത്സരിക്കാത്തതിന്റെ കാരണം..'; സന്ദീപ് വാര്യർ
പാലക്കാട്: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ലക്ഷ്യമിട്ടുള്ള വിമർശനങ്ങളാണ് സന്ദീപ് വാര്യർ ഉന്നയിച്ചിരിക്കുന്നത്. വെല്ലുവിളികളെ നേരിടാൻ ശേഷിയില്ലാത്ത ഭീരുവായ പടനായകനാണ് താനെന്ന് ബോധ്യപ്പെടുത്തുന്ന പ്രസ്താവനകളാണ് രാജീവ് ചന്ദ്രശേഖർ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
നിലമ്പൂരിൽ ബിജെപി-സിപിഎം ബാന്ധവം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കുക എന്നത് എൽഡിഎഫിന്റെ ആവശ്യം കൂടിയാണെന്നും സന്ദീപ് ചൂണ്ടിക്കാണിക്കുന്നു. ബിജെപിയുടെ വോട്ടുകൾ സിപിഎമ്മിന് നൽകാനായി ഡീൽ ഉറപ്പിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വമെന്നും സന്ദീപ് വാര്യർ ആരോപിക്കുന്നു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് മണ്ഡലത്തിൽ ശക്തമായ വേരുകൾ ഉള്ള ആര്യാടൻ ഷൗക്കത്തിനെയാണ് സ്ഥാനാർത്ഥിയായി നിയോഗിച്ചത്. പിവി അൻവർ ശക്തമായ എതിർപ്പുകൾ ഉന്നയിച്ചതോടെ ഇടയ്ക്ക് വിഎസ് ജോയിയുടെ പേര് ഉയർന്നു വന്നെങ്കിലും അതൊക്കെയും കാറ്റിൽ പറത്തി
കൊണ്ടാണ് ആര്യാടൻ പാരമ്പര്യത്തിൽ കോൺഗ്രസ് വിശ്വാസം അർപ്പിക്കുന്നത്.
ഇതിന് പിന്നാലെയാണ് മണ്ഡലത്തിലെ ചരിത്രം ഉൾപ്പെടെ എടുത്തുപറഞ്ഞു കൊണ്ട് സന്ദീപ് വാര്യർ ഫേസ്‌ബുക്ക് പോസ്‌റ്റ് പങ്കുവച്ചത്. നരേന്ദ്രമോദി നേരിട്ടുവന്ന് പ്രചരണം നടത്തിയാലും 2024ൽ നേടിയ 17,500 വോട്ട് പോയിട്ട് അതിന്റെ പകുതി നേടാൻ ബിജെപിക്ക് സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യമെന്നും സന്ദീപ് ചൂണ്ടിക്കാണിക്കുന്നു.
സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി കളത്തിൽ ഇറങ്ങിക്കഴിഞ്ഞു. എൽഡിഎഫ് ആരെങ്കിലും ഒരാളെ തപ്പിപ്പിടിച്ച് സ്ഥാനാർത്ഥിയാക്കും. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ നിലപാട് ബിജെപിയുടേതാണ്. മത്സരിക്കേണ്ട എന്ന ഭീരുത്വം കലർന്ന നിലപാട് . വെല്ലുവിളികളെ നേരിടാൻ ശേഷിയില്ലാത്ത ഭീരുവായ പടനായകനാണ് താനെന്ന് ബോധ്യപ്പെടുത്തുന്ന പ്രസ്താവനകളാണ് രാജീവ് ചന്ദ്രശേഖരന് പുറത്തു പറയുന്നത്. പട തുടങ്ങും മുമ്പേ പടനായകൻ പരാജയം സമ്മതിച്ചിരിക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 17500 വോട്ട് താമര ചിഹ്നത്തിൽ വീണ നിലമ്പൂരിൽ സ്ഥാനാർത്ഥി വേണ്ട എന്ന നിലപാട് എന്തുകൊണ്ടായിരിക്കും ബിജെപി നേതൃത്വം സ്വീകരിക്കുന്നത് ? കാരണം മറ്റൊന്നുമല്ല. ബിജെപിയുടെ കേരളത്തിലെ സ്വാധീനം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം താഴോട്ടാണ് എന്ന സത്യം തിരഞ്ഞെടുപ്പ് ഫലം പുറത്തുകൊണ്ടുവരും എന്നുള്ളതാണ്. ഗണ്യമായ തോതിൽ ക്രൈസ്തവ വോട്ടുള്ള നിലമ്പൂരിൽ ക്ഷീണം സംഭവിച്ചാൽ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വഖഫ് അമെൻഡ്മെന്റ് ആക്ട് എടുക്കാചരക്കായി മാറും.
കപട ദേശീയതയും നിലമ്പൂരിൽ വിലപ്പോവില്ല. നരേന്ദ്രമോദി നേരിട്ടുവന്ന് പ്രചരണം നടത്തിയാലും 2024 ൽ നേടിയ 17500 വോട്ട് പോയിട്ട് അതിന്റെ പകുതി നേടാൻ ബിജെപിക്ക് സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം. അപ്പൊ പിന്നെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോടികൾ ചിലവാക്കി നടത്തിയ പി ആർ വർക്ക് കല്ലത്തായി പോകും എന്ന ഭയം ബിജെപിക്കുണ്ട്. അതിനാൽ നിലമ്പൂരിലെ ബിജെപി പ്രവർത്തകരെ വിധിക്ക് വിട്ടുകൊടുത്ത് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മുങ്ങാനാണ് ബിജെപിയുടെ ശ്രമം. ഏതെങ്കിലും സ്വതന്ത്രനെ കണ്ടെത്തി പിന്തുണ നൽകി തടിയൂരാനും ശ്രമിക്കുന്നുണ്ട്.
പോസ്റ്റർ ഒട്ടിക്കാൻ മൈദ വാങ്ങാൻ പണമില്ലാതിരുന്ന കാലത്തും കെട്ടിവച്ച കാശ് തിരിച്ചു കിട്ടാത്ത കാലത്തും ബിജെപി കേരളത്തിൽ ഉടനീളം മത്സരിച്ചിട്ടുണ്ട്. അന്നൊന്നും ഒരു നേതാവും തെരഞ്ഞെടുപ്പ് അപ്രസക്തമാണ് എന്ന കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് രംഗത്തുനിന്നും ഒളിച്ചോടിയിട്ടില്ല.ലാഭം മാത്രം നോക്കുന്ന കച്ചവടക്കാരനെ പ്രസിഡണ്ട് ആക്കിയാൽ ഇങ്ങനെയിരിക്കും. അനുഭവിച്ചോ.
ബിജെപി തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കുക എന്നത് എൽഡിഎഫിന്റെ ആവശ്യം കൂടിയാണ്. ബിജെപിയുടെ വോട്ടുകൾ സിപിഎമ്മിന് നൽകാനായി ഡീൽ ഉറപ്പിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വo. എന്നാൽ പാലക്കാട് സംഭവിച്ചതിനേക്കാൾ കൂടുതൽ വലിയ തിരിച്ചടി സിപിഎം ബിജെപി അവിശുദ്ധ ബാന്ധവത്തിന് നിലമ്പൂർ ജനത നൽകും.












Click it and Unblock the Notifications