'ഷാഫി ജനങ്ങളുടെ ഉള്ളറിഞ്ഞു പെരുമാറുന്നയാൾ, സാധാരണക്കാരന്റെ തോളിൽ കൈയ്യിട്ടു നിൽക്കുന്നവൻ'; സന്ദീപ് വാര്യർ
പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ ജാഥയിൽ വച്ചുണ്ടായ സംഭവങ്ങളിൽ വടകര എംപി ഷാഫി പറമ്പിലിനെ പിന്തുണച്ച് സന്ദീപ് വാര്യർ. സംസ്ഥാന സർക്കാരിനെതിരായ വികാരമാണ് പുതുയുഗ ജാഥയിൽ കാണാൻ കഴിയുന്നതെന്നും അവിടേക്ക് എത്തിയ ഒരാളെയും വാടകയ്ക്ക് കൊണ്ട് വന്നതല്ലെന്നും സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഷാഫി പറമ്പിൽ ജനകീയനായ നേതാവാണെന്ന് സന്ദീപ് പറയുന്നു.
ഷാഫി പറമ്പിൽ വെറുമൊരു പ്രസംഗികനല്ല, വടകരയുടെ ഹൃദയമിടിപ്പാണ്. അവിടെ അദ്ദേഹം കേവലം ഒരു നേതാവല്ല, എല്ലാവരെയും ചേർത്തുനിർത്തുന്ന സ്നേഹനിധിയായ ആതിഥേയനാണെന്നും സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. ഷാഫി പറമ്പിലിന്റെ മാന്യതയെയാണ് രാഷ്ട്രീയ ശത്രുക്കൾ ദുർവ്യാഖ്യാനം ചെയ്‌തതെന്നും സന്ദീപ് വാര്യർ പറയുന്നു.

സന്ദീപ് വാര്യരുടെ വാക്കുകൾ
ഇത് വെറും ജനക്കൂട്ടമല്ല, വരാനിരിക്കുന്ന മാറ്റത്തിന്റെ ഇരമ്പലാണ്. പുതുയുഗ യാത്ര ഒഴുകിനീങ്ങുന്നത് വെറും വീഥികളിലൂടെയല്ല, ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതീക്ഷകളിലൂടെയാണ്. ഇവിടെ ആരും പണം നൽകി വിളിച്ചു വരുത്തിയവരല്ല, മറിച്ച് യുഡിഎഫിനെ നെഞ്ചേറ്റിയ, നാടിന്റെ നന്മ ആഗ്രഹിക്കുന്ന ഓർഗാനിക് ആയ ജനതയാണിത്.
മറുഭാഗത്ത്, വാടകയ്‌ക്കെടുത്ത ആൾക്കൂട്ടവുമായി ജാഥ നടത്തുന്നവർക്ക് ജനവികാരം മനസ്സിലാകില്ല. നേതാക്കൾ പ്രസംഗം അവസാനിപ്പിക്കുന്നതിന് മുൻപേ കസേരകൾ കാലിയാകുന്ന കാഴ്ച തന്നെ പ്രഹസനമാണ്. ഗോവിന്ദൻ മാസ്‌റ്റർ പ്രസംഗിക്കുമെന്ന് കേൾക്കുമ്പോൾ പിരിഞ്ഞുപോകുന്ന ജനക്കൂട്ടമല്ല, മറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വരുമ്പോൾ പൂഴിവാരിയിട്ടാൽ നിലത്തു വീഴാത്തത്ര ജനസമുദ്രമാണ് പുതുയുഗ യാത്രയ്ക്ക് സാക്ഷ്യം വഹിക്കുന്നത്.
ഷാഫി പറമ്പിൽ വെറുമൊരു പ്രസംഗികനല്ല, വടകരയുടെ ഹൃദയമിടിപ്പാണ്. അവിടെ അദ്ദേഹം കേവലം ഒരു നേതാവല്ല, എല്ലാവരെയും ചേർത്തുനിർത്തുന്ന സ്നേഹനിധിയായ ആതിഥേയനാണ്. ജാഥാനായകൻ വന്നപ്പോൾ, "എന്നെ വിളിക്കേണ്ടതില്ല" എന്ന് വിനയപൂർവ്വം പറഞ്ഞ ഷാഫിയെ നാം കണ്ടു. എന്നാൽ ജനങ്ങളുടെ ആഗ്രഹം മാനിച്ച് അദ്ദേഹത്തെ ക്ഷണിച്ചപ്പോൾ സ്നേഹപൂർവ്വം അത് തടഞ്ഞ ആ മാന്യതയെയാണ് രാഷ്ട്രീയ ശത്രുക്കൾ ദുർവ്യാഖ്യാനം ചെയ്‌തത്.
അപ്പുറത്ത്, സ്വന്തം പാർട്ടിയിലെ ഒരു പെൺകുട്ടി ആദ്യമായി ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആവേശത്തിൽ ഒരു സെൽഫിക്ക് ചോദിച്ചപ്പോൾ, മുഖം പോലും തിരിക്കാതെ ധാർഷ്ട്യത്തോടെ കടന്നുപോയ ഒരു മുഖ്യമന്ത്രിയുണ്ട്. ആ അധികാരഗർവിനോടാണ് ഷാഫി എന്ന ജനകീയ നേതാവിനെ താരതമ്യം ചെയ്യുന്നത്..ഓർക്കുക...
ഷാഫി ജനങ്ങളുടെ ഉള്ളറിഞ്ഞു പെരുമാറുന്നവനാണ്. കപടമായ ആഡംബരങ്ങളില്ലാതെ, സാധാരണക്കാരന്റെ തോളിൽ കൈയ്യിട്ടു നിൽക്കുന്നവൻ. അധികാരം തലയ്ക്ക് പിടിച്ചവരല്ല, ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നവരാണ് നാളെയുടെ ചരിത്രം കുറിക്കുക. ജനലക്ഷങ്ങളുടെ ഈ ആവേശം വിരൽ ചൂണ്ടുന്നത് ഒരേയൊരു ലക്ഷ്യത്തിലേക്കാണ്..യുഡിഎഫിന്റെ ഐതിഹാസിക വിജയം.












Click it and Unblock the Notifications